വിഴിഞ്ഞം പ്രതിഷേധ സ്വരങ്ങള്‍ നല്‍കുന്ന സൂചനകള്‍

Web Desk
Posted on November 02, 2017, 10:42 pm

രവിശങ്കര്‍ കെ വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി, കരാറുകാരും, നടത്തിപ്പുകാരുമായ അദാനി ഗ്രൂപ്പ് മുന്നോട്ട് പോയികൊണ്ടിരിക്കുന്ന അവസ്ഥയിലാണ്, ചില മാധ്യമങ്ങളുടെയും, വികസന ദാഹികളുടെയും കണ്ണില്‍, തികച്ചും അപ്രതീക്ഷിതമായി അവിടുത്തെ മല്‍സ്യ തൊഴിലാളികള്‍ പ്രതിഷേധവും, പ്രതിരോധവുമായി സമര രംഗത്തിറങ്ങിയത്.
2017 ജൂണ്‍ മാസം ഒന്നാം തീയ്യതിയാണ്, മുല്ലൂര്‍ കരിമ്പള്ളിക്കരയില്‍ നടന്ന ചടങ്ങില്‍ വിഴിഞ്ഞം പദ്ധതിയുടെ ബെര്‍ത്ത് നിര്‍മാണത്തിന്റെ തുടക്കം കുറിച്ചത്. കൃത്യം അഞ്ചു മാസം പൂര്‍ത്തിയാകുന്ന ഇന്ന്, പദ്ധതിയുടെ നാള്‍ വഴികളിലൂടെ ഒന്ന് കണ്ണോടിക്കുമ്പോള്‍, ഇപ്പോള്‍ വിഴിഞ്ഞം നിവാസികളായ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന പ്രതിരോധത്തിന്റെ വസ്തുതകള്‍ മനസിലാക്കാനാകും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ഇന്ത്യയിലെ ഒന്നാം നമ്പര്‍ തുറമുഖനിര്‍മാതാക്കളും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റ ചങ്ങാതിയുമായ അദാനിയുമായി ഒപ്പിട്ട കരാറിലെ അഴിമതി കഥകളും, മറ്റു യാഥാര്‍ഥ്യങ്ങളും അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മിഷണനെ തന്നെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ നിശ്ചയിച്ച അവസ്ഥയിലാണ് കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി മുല്ലൂര്‍ കേന്ദ്രികരിച്ചുള്ള മല്‍സ്യ തൊഴിലാളി സമരം നടന്നു വരുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി കമ്പ വലക്കാര്‍ക്കും മറ്റുമുള്ള അനൂകൂല്യങ്ങളും, കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഏകദേശം 50 ല്‍ അധികം മത്സ്യബന്ധന ബോട്ടുകള്‍ വന്‍ തിരമാലകളില്‍ തട്ടി, വിഴിഞ്ഞം ഫിഷിങ് ഹര്‍ബറിന്റെ ഭിത്തിയിലും, കടല്‍ ഭിത്തികളിലും ഇടിച്ചു തകരുകയും പദ്ധതിയുടെ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിലെ പൈലിങ് ആഘാതം കാരണം കേടുപാടുകള്‍ സംഭവിച്ച 25 ഓളം വീടുകളുടെ നഷ്ടപരിഹാരത്തിനും ഒരു തീരുമാനമായാല്‍ ഒരു പക്ഷെ ഇപ്പോഴത്തെ സമരം ഒത്തു തീര്‍ന്നേക്കാം. പക്ഷെ ഈ സമരം ഭാവിയിലേക്ക് നല്‍കുന്ന ചില വലിയ സൂചനകള്‍ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍, പ്രത്യേകിച്ചും അത് ഇടതുപക്ഷ സര്‍ക്കാര്‍ ആകുമ്പോള്‍ കാണാതിരിക്കരുത്.
വിഴിഞ്ഞം പദ്ധതി എന്തിന് വേണ്ടി ആവിഷ്‌കരിച്ചോ, എന്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി കേരളത്തിന് ഗുണകരമാകുമെന്ന് നിഗമനത്തില്‍ എത്തിയോ, അതെ കാര്യങ്ങള്‍ മുഴുവന്‍ തെറ്റായ കണക്കുകളുടെയും, നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും, അതിനാല്‍ തന്നെ പദ്ധതിക്ക് ഇപ്പോഴും, ഭാവിയിലും യാതൊരു പ്രസക്തിയുമില്ല എന്ന് ഭരണകൂടത്തെ എങ്ങനെ പറഞ്ഞു മനസിലാക്കും?
നിര്‍ദിഷ്ട വിഴിഞ്ഞം പോര്‍ട്ടിന്റെ കപ്പലുകള്‍ അടുക്കാനുള്ള വലിയ ബെര്‍ത്തുകള്‍ സ്ഥാപിക്കാനുള്ള തുടക്കം മാത്രമേ കഴിഞ്ഞ അഞ്ചു മാസം കൊണ്ട് സംഭവിച്ചിട്ടുള്ളൂ. അതായത് നാല് കിലോമീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍ പാലത്തിന്റെ നൂറ് മീറ്റര്‍ മാത്രം പണി കഴിഞ്ഞപ്പോഴാണ്, വിഴിഞ്ഞത്തെ മല്‍സ്യ തൊഴിലാളികളുടെ 50 വള്ളങ്ങളും, 25 വീടുകളും വന്‍ തിരകളാല്‍ തകര്‍ന്നത്. ഇനിയും പണി പുരോഗമിക്കും തോറും തിരയുടെ സ്വഭാവം മാറും. ദിശയും മാറും. രണ്ടു മാസം മുന്‍പ് അതിന്റെ സൂചനകള്‍ പൂന്തുറ, ഭീമാപ്പള്ളി, വലിയ തുറ തീരങ്ങളില്‍ നാം കണ്ടതാണ്.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കടല്‍ കുഴിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായുള്ള മഴയില്‍ തന്നെ ഇത് തെക്കന്‍ കേരള കടല്‍തീരം കാണാത്ത വിധത്തില്‍ കടലും തിരമാലകളും പെരുമാറുന്നു എങ്കില്‍ അത് ഒരു മുന്നറിയിപ്പായി നാം കാണണം. പദ്ധതിക്ക് വേണ്ടി കുഴിച്ച സ്ഥലത്തെ മണല്‍ മുഴുവന്‍ കടല്‍ തിരികെ എടുത്തു. ഇനി കാല വര്‍ഷം വരുന്നു. അതിന്റെ പ്രത്യാഖാതങ്ങള്‍ മനസ്സിലാക്കി വേണം സര്‍ക്കാര്‍ അടിയന്തിര തീരുമാനങ്ങള്‍ എടുക്കാന്‍.
ഇനിയുള്ള ദിവസങ്ങളില്‍, പ്രത്യേകിച്ചും തുലാവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വേളി വരെയുള്ള തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ കടലാക്രമണം ഉണ്ടാകും. വീടുകളും, മല്‍സ്യബന്ധനോപാധികളും നഷ്ടപ്പെടാം. അധികം താമസിയാതെ ശംഖുംമുഖം കടപ്പുറവും, മനോഹരമായ കല്‍ മണ്ഡപവും കടലെടുക്കുന്നത് നമുക്ക് സാക്ഷിയാകാം.
1962 ല്‍ ആണ് ഇന്നത്തെ വിഴിഞ്ഞം ഫിഷിങ്ങ് ഹാര്‍ബര്‍ പണി തുടങ്ങിയത്. 1965 ആയപ്പോഴേക്കും പ്രവര്‍ത്തന ക്ഷമമായി. ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 50 വര്‍ഷങ്ങള്‍ കഴിയുന്നു. അതിനിടക്ക് തെക്കന്‍ കേരളത്തിലെ കടലോരത്തിന് സംഭവിച്ച മാറ്റങ്ങള്‍ എന്തെന്ന് തിരുവനന്തപുരം പൂന്തുറ മുതല്‍ തെക്ക് അടിമലത്തുറ വരെയുള്ള മത്സ്യഗ്രാമങ്ങളിലെ പ്രായമായവരോട് ചോദിച്ചാല്‍ മതി. എത്ര ദൂരം കടലെടുത്തു എന്ന്.
വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങി ഏകദേശം 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വിഴിഞ്ഞത്തിന് വടക്ക് ഭാഗത്തായി, തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന വലിയതുറ, ബീമാപ്പള്ളി, പൂന്തുറ കടപ്പുറങ്ങള്‍ മുഴുവന്‍ കടലെടുത്തതും, ശംഖുംമുഖം ബീച്ചിന്റെ പകുതിയോളം കടല്‍ കൊണ്ട് പോയതും, അവിടെ നിന്നുള്ള മണല്‍ നിക്ഷേപിച്ച്, വിഴിഞ്ഞത്തിന്റെ തെക്ക് ഭാഗത്തായി, നിര്‍ദിഷ്ട വിഴിഞ്ഞം കണ്ടയിനര്‍ തുറമുഖത്തിന്റെ ഭാഗമായി നികത്തപെടുന്ന, പുളിങ്കുടി, ചൊവ്വര ഭാഗത്തെ കടല്‍ തീരത്തിന് വീതി കൂടിയതും, ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും
വളരെ ചെറിയ ബ്രേക്ക്‌വാട്ടര്‍ മാത്രം സ്ഥാപിച്ച വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, ഇത്രയധികം മണല്‍ തെക്ക് ഭാഗത്ത് നിക്ഷേപിക്കുമെങ്കില്‍, കിലോ മീറ്ററുകള്‍ നീളത്തില്‍ കടല്‍ നികത്തി ഉണ്ടാക്കുന്ന ഭിത്തിയും, ബ്രേക്ക്‌വാട്ടര്‍ പ്രതിഭാസവും, തിരുവനന്തപുരം നഗരത്തിന്റെ വടക്ക് ഭാഗത്ത് കിടക്കുന്ന പുത്തന്‍തോപ്പ് കടപ്പുറം മുതല്‍ നിരവധി മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന്, മനസിലാക്കാന്‍ കേരളത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ സ്ഥാപിച്ചിട്ടുള്ള ചെറുതും വലുതുമായ ഇരുപതോളം മത്സ്യബന്ധന തുറമുഖങ്ങളുടെ, പാരിസ്ഥിതിക മാറ്റം മാത്രം പഠിച്ചാല്‍ മതി. ഇത്രമാത്രം കടല്‍ മണല്‍, പ്രകൃത്യാല്‍ തന്നെ ആഴമുള്ള കടല്‍ എന്ന് പറയുന്ന, നിര്‍ദിഷ്ട തുറമുഖ പ്രദേശത്ത് നിക്ഷേപിച്ചാല്‍ അവിടെ സ്ഥിരമായി ഡ്രെട്ജിംഗ് വേണ്ടിവരുമെന്ന് പറയാന്‍, വലിയ സമുദ്രശാസ്ത്രജ്ഞാനം ഒന്നും വേണമെന്നില്ല. ആ പ്രദേശത്തുള്ള പ്രായം ചെന്നവരുടെ അനുഭവജ്ഞാനം മാത്രം ചോദിച്ചറിഞ്ഞാല്‍ മതി.
വിഴിഞ്ഞം പദ്ധതിക്കായി ഏകദേശം നാല് കിലോമീറ്റര്‍ കടല്‍ നികത്തുമ്പോള്‍ വടക്ക് ഏകദേശം എട്ട് മുതല്‍ 16 കിലോമീറ്റര്‍ വരെ ബീച്ച് കാലക്രമേണ ഇല്ലാതാകും. ഇതിനെപറ്റി ആധികാരികമായി പ്രതികരിക്കേണ്ട ഹാര്‍ബര്‍ വകുപ്പ് ഒന്നും മിണ്ടില്ല. കാരണം അവിടുത്തെ ഉദ്യോഗസ്ഥ കോണ്ട്രാക്ടര്‍ ലോബി വളരെ ശക്തമാണ്. കടല്‍ക്ഷോഭം വന്ന് മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ കടലെടുത്താലെ അവര്‍ക്ക് കോടികളുടെ ലാഭം കൊയ്യാന്‍ പറ്റു. കടല്‍ ഭിത്തി കെട്ടാന്‍ ഓരോ കിലോമീറ്റര്‍ നീളത്തിനും കോടികളാണ് ചെലവ്. അത് വെറുതെ കളയാന്‍ ആരെങ്കിലും തയാറാവുമോ?
വിഴിഞ്ഞം കണ്ടയിനര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങി പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് മാത്രം സംഭവിക്കുന്ന ഈ മാറ്റത്തെ കുറിച്ച് അറിയുന്ന ചുരുക്കം ചില മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളും, കേരളത്തിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഫിഷറീസ് വകുപ്പോ, മത്സ്യഫെഡോ, മത്സ്യത്തൊഴിലാളിക്ഷേമനിധി ബോര്‍ഡോ ഇതുവരെ, വിഴിഞ്ഞം കണ്ടയിനര്‍ തുറമുഖവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും തങ്ങളുടെ നിലപാടുകള്‍ പരസ്യമായി പറഞ്ഞിട്ടില്ല. അതുമല്ലെങ്കില്‍ ഈ വിഷയം കേരളത്തിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ ഭാവിയില്‍ എങ്ങനെ ബാധിക്കുമെന്നുപൊലും അവര്‍ക്ക് നിശ്ചയമില്ല. ഇതുമായി ബന്ധപ്പെട്ട ഒരു പഠനവും അവര്‍ നടത്തിയതായി അറിയുകയും ഇല്ല.
ഇപ്പോള്‍ അടിമലത്തുറ ബീച്ച്‌വരെ ഓരോ വര്‍ഷവും വീതി കൂടി വരുന്ന കടല്‍ത്തീരം ഭാവിയില്‍ പൂവാര്‍, പൊഴിയൂര്‍ മേഖലകളിലേക്ക് കൂടി വ്യാപിക്കും.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ രണ്ടു ഗ്രാമങ്ങള്‍ ആണ് അടിമലത്തുറയും, പൊഴിയൂരും എന്ന് വിസ്മരിക്കരുത്. അത് മാത്രമല്ല സാക്ഷരതയില്‍ മറ്റു കേരളീയ ഗ്രാമങ്ങളെക്കാള്‍ പിന്നിലും ആണ്. അവരുടെ നിത്യ വൃത്തിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ ഉയര്‍ത്തുന്ന പ്രതിഷേധം നാം വിചാരിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കും എന്ന് കാണാതിരിക്കരുത്.
അതുമാത്രമല്ല വിഴിഞ്ഞം കണ്ടയിനര്‍ തുറമുഖത്തേക്ക് കപ്പലുകള്‍ എത്തിച്ചേരുന്നത് ഈ ഗ്രാമങ്ങളിലെ കടല്‍തീരത്ത് കൂടിയാണ്. സാധാരണ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ വലിയ കപ്പലുകളുടെ സുഗമമായ പാതയ്ക്ക് പ്രതിബന്ധം സൃഷ്ടിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ , ഒരു എന്റിക ലക്‌സി എന്ന അനുഭവം നമ്മെ പഠിപ്പിച്ചതാണ്. അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല എന്നത്, ഭാവിയിലേക്കുള്ള ഒരു വലിയ ചൂണ്ടു പലക കൂടിയാണ്. വിഴിഞ്ഞം പദ്ധതിയുമായി ലോകബാങ്കിന്റെ ഐ എഫ് സി ഓംബുട്‌സ്മാന്‍ ഏറ്റവും അവസാനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി തന്നെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങള്‍ വിശദമായി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
വിഴിഞ്ഞത്തെ ഇപ്പോള്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക്, പരിഹാരം കാണാതെ അവര്‍ സമരരംഗത്തു നിന്നും പിന്മാറില്ല. ഭാവിയില്‍ നിരന്തരം ഇത്തരം സമരങ്ങള്‍ക്ക് തലസ്ഥാന നഗരം വേദിയാകും എന്ന് നിസ്സംശയം പറയാം. ഓരോ സമരങ്ങള്‍ വരുമ്പോഴും, അത് തീര്‍ക്കാന്‍ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി കേരളത്തിന്റെ ഖജനാവില്‍ നിന്നും ചോരും . അല്ലെങ്കില്‍ തലസ്ഥാനം യുദ്ധക്കളമാവും. വിഴിഞ്ഞം പദ്ധതിയുടെ എവിടെയും പറയാത്ത ഈ കോടികള്‍ കൂടി കണക്കിലെടുത്താല്‍, കേരളതീയ സമൂഹത്തിന് വിഴിഞ്ഞം പദ്ധതി എന്ത് തിരിച്ചു നല്‍കും എന്ന് കൂടി പഠിക്കാന്‍ ഒരു കമ്മിറ്റിയെ വെക്കുന്നത് ഭാവിയില്‍ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ സര്‍ക്കാരിന് സഹായകമാകും എന്ന സംശയമില്ല. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്നല്ലോ ചൊല്ല്!
വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖം പൂര്‍ണമായും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ വിശദമായി തന്നെ പഠിച്ചില്ലെങ്കില്‍ ഭാവിയില്‍ അതുണ്ടാക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന് ബാധ്യതയുണ്ട് എന്ന് മറക്കരുത്. നിര്‍മാണം പുരോഗമിക്കുന്തോറും ഒരു വീണ്ടെടുപ്പ് അസാദ്ധ്യമാകും. പിന്നീടൊരിക്കലും നമുക്ക് നമ്മുടെ കടലും കടല്‍ തീരവും തിരിച്ചെടുക്കാന്‍ ആകില്ല. മറിച്ച് അദാനിക്ക് ആദ്യ ഘട്ടത്തില്‍ മുതല്‍ മുടക്കില്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചു പോകാന്‍ എളുപ്പമാണ്.
വിഴിഞ്ഞത്തെ ഇപ്പോഴത്തെ സമരം ഭാവിയില്‍ ഒരു സിംഗൂര്‍, നന്ദിഗ്രാം മാതൃക മലയാളിക്കും അന്യമാകില്ല എന്ന് സൂചനകള്‍ തരുന്നതാണെന്ന് ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കാണാതിരിക്കരുത്.
വികസത്തിനെതിരായ ഒരു നിലപാട് എങ്ങനെ സ്വീകരിക്കും എന്നുള്ള അസന്നിഗ്ദ്ധമായ അവസ്ഥയില്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ, നില്‍ക്കുമ്പോഴാണ് സിപിഐ മാത്രം വ്യക്തമായ നിലപാടുകളുമായി സമരത്തിന് പിന്തുണയുമായി എത്തിയത്. തികച്ചും സത്യസന്ധമായ, വികസന നയങ്ങളോടുള്ള ജനപക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു മനുഷ്യനും, സംഘടനക്കും മറിച്ചൊരു നിലപാട് വിഴിഞ്ഞം എന്ന തികച്ചും അശാസ്ത്രീയവും, ജന വിരുദ്ധവുമായ ഒരു പദ്ധതിയോട് ഒരു മൃദുസമീപനം സൂക്ഷിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.