രമേശ് ബാബു

വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി

March 19, 2020, 10:10 am

പൊതുമേഖലയില്‍ നിന്ന് സ്വകാര്യ പങ്കാളിത്തത്തിലേക്ക്

Janayugom Online

വികസനം എന്നു പറയുമ്പോള്‍ അത് സ്വകാര്യ വ്യക്തിയുടേതാകണമോ, സംസ്ഥാനത്തിലെ മൊത്തം ജനങ്ങള്‍ക്ക് ഉതകുന്നത് ആകണമോ എന്ന പ്രസക്തമായ ചോദ്യമാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഉയര്‍ന്നുകേട്ടത്. സംസ്ഥാനത്തിന് പൂര്‍ണമായ പങ്കാളിത്തമുള്ള ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ തുറമുഖം നിര്‍മ്മിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിച്ചിരുന്നത്. 2006-11 കാലയളവില്‍ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. 2009ല്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് തുറമുഖ നിര്‍മ്മാണം കേരള സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കാനും ധാരണയായിരുന്നു. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് പിപിപി മോഡലിലാണ് സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ അന്ന് തീരുമാനമെടുത്തത്.

450 കോടി രൂപ ബജറ്റില്‍ നീക്കിവയ്ക്കുകയും പൊതുമേഖല കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2500 കോടി സമാഹരിക്കാനും നടപടികളെടുത്തിരുന്നു. ആ രീതിയില്‍ തന്നെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ തുറമുഖം സംസ്ഥാനത്തിന്റെ അധീനതയില്‍ തുടരുകയും വികസനത്തിന്റെ സാമ്പത്തികവശം സംസ്ഥാനത്തിന്റെ ക്ഷേമമായി പരിണമിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി കഴിയുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. വിഴിഞ്ഞം പദ്ധതിയുടെ ലേലത്തിൽ അഡാനി മാത്രം പങ്കെടുത്തതും ഒടുവില്‍ കരാര്‍ അഡാനിക്ക് ലഭിച്ചതും ഒട്ടേറെ ആരോപണങ്ങള്‍ക്ക് വഴിവച്ചിരുന്നു. അഡാനിയുമായി കെ വി തോമസ് എംപിയുടെ വീട്ടില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ദുരൂഹ ചര്‍ച്ചയും 300 കോടി രൂപ കോഴ പ്പണമായി കെെമാറിയെന്ന ആരോപണങ്ങളും അന്ന് ഉയര്‍ന്നിരുന്നു.

അഡാനി പോര്‍ട്സ് ആന്റ് സ്പെഷല്‍ ഇക്കണോമിക്സ് സോണ്‍ എന്ന കമ്പനിയുമായി 40 വര്‍ഷം തുറമുഖം നടത്താനുള്ള കരാറാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കരാര്‍ വേണമെങ്കില്‍ അടുത്ത 20 വര്‍ഷത്തേയ്ക്ക് നീട്ടുകയും ചെയ്യും. പദ്ധതിക്കായി 340 ഏക്കര്‍ ഏറ്റെടുക്കുന്നതില്‍ മൂന്നിലൊന്നോളം സ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് അഡാനി കമ്പനിക്ക് ഉപയോഗിക്കാം. 7525 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്ന പദ്ധതിയില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ നിക്ഷേപം 5071.6 കോടി രൂപയാണ്. അഡാനിയുടെ നിക്ഷേപം 2453.4 കോടി മാത്രം. എന്നാല്‍ മൊത്തം ചെലവിന്റെ മൂന്നിലൊന്ന് മാത്രം ചെലവഴിക്കുന്ന അഡാനിയായിരിക്കും വരുമാനത്തിന്റെ സിംഹഭാഗവും കൊണ്ടുപോകുക. കരാര്‍പ്രകാരം തുറമുഖ നിര്‍മ്മാണം കഴിഞ്ഞ് 15-ാം വര്‍ഷം മുതല്‍ ലഭിക്കുമെന്ന് പറയുന്ന തുറമുഖ വരുമാനത്തിന്റെ ഒരു ശതമാനം ലാഭം സര്‍ക്കാര്‍ ചെലവിട്ട പണത്തിന്റെ ഒരു ശതമാനം പോലും വരില്ല.

വിഴിഞ്ഞം തുറമുഖത്തിനായിരിക്കും ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ലാഭവിഹിതം ലഭിക്കാന്‍ പോകുന്നതെന്ന് വിദഗ്ധരും പറയുന്നു. വിഴിഞ്ഞം പദ്ധതിയെപ്പറ്റി ലഭ്യമായ ഔദ്യോഗിക രേഖ 2014ല്‍ പുറത്തിറക്കിയ ഫീസിബിലിറ്റി റിപ്പോര്‍ട്ടാണ്. മറ്റൊന്ന് 2015ലെ ഡ്രാഫ്റ്റ് കണ്‍സഷന്‍ എഗ്രിമെന്റാണ്. പദ്ധതി സാമ്പത്തികമായി വിജയിക്കില്ല എന്നാണ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ 68 ശതമാനം മുതല്‍ മുടക്കിയിട്ട് 32 ശതമാനം മുതല്‍മുടക്കിയ അഡാനിയെ വിഴിഞ്ഞത്തിന്റെ അധികാരിയാക്കിയിരിക്കുകയാണ് കരാറിലൂടെ. കരാര്‍ ഒപ്പിട്ട് അടുത്ത തെരഞ്ഞെടുപ്പിലേക്കാണ് യുഡിഎഫ് സര്‍ക്കാര്‍ കണ്ണുവച്ചത്. ഒരു സ്വര്‍ണ്ണഖനിയെ തീറെഴുതുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനോ സുതാര്യത വരുത്താനോ തുനിഞ്ഞിരുന്നില്ല.

Eng­lish Sum­ma­ry: Vizhin­jam dream project- From the pub­lic sec­tor to pri­vate partnerships

You may also like this video