രമേശ് ബാബു

വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി

March 18, 2020, 10:12 am

വിഴിഞ്ഞത്തിന്റെ പൗരാണികതയും വൃദ്ധിക്ഷയങ്ങളും

Janayugom Online

നൂറ്റാണ്ടുകളുടെ ചരിത്രവുമായി ശയിക്കുന്ന വിഴിഞ്ഞത്തിന് അധിനിവേശത്തിന്റെയും പടയോട്ടത്തിന്റെയും കുടിയേറ്റത്തിന്റെയും വിദേശമേല്‍ക്കോയ്മയുടെയും വൃദ്ധിക്ഷയങ്ങളുടെയും ഒട്ടേറെ കഥകളാണ് പറയാനുള്ളത്. ആയ് രാജ്യത്തിന്റെ തലസ്ഥാനവും തുറമുഖവും വ്യാപാര കേന്ദ്രവുമായിരുന്ന വിഴിഞ്ഞം പ്രാചീന വാണിജ്യ നഗരമായിരുന്നു. കടല്‍ വാണിഭത്തിനായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കവാടങ്ങള്‍ തുറന്നിട്ട വിഴിഞ്ഞത്തിന്റെ സമൃദ്ധിയിലും ഐശ്വര്യത്തിലും അസൂയപൂണ്ട അയല്‍നാടിലെ അധിപന്‍മാരുടെ ആക്രമണത്തിന് വിഴിഞ്ഞം പലപ്പോഴും വിധേയമായിരുന്നു. പാണ്ഡ്യ‑ചോള രാജാക്കന്മാരുടെ ആക്രമണത്തിനാണ് വിഴിഞ്ഞം ഏറെ വിധേയമായിട്ടുള്ളത്. വിഴിഞ്ഞത്തിന്റെ പൂര്‍വനാമം വിഴിഞ്ഞത്തുവായ് ആയിരുന്നുവെന്ന് ശിലാരേഖകള്‍ പറയുന്നു. അജ്ഞാതനാമാവായ ഒരു യവനസഞ്ചാരി രചിച്ച ‘അരിയന്‍ കടലിലൂടെ ഒരു സാഹസികയാത്ര’ എന്ന ഗ്രന്ഥത്തില്‍ കൊല്ലത്തിനും കന്യാകുമാരിക്കും ഇടയ്ക്ക് ‘ബലിത’ എന്ന പട്ടണം സ്ഥിതിചെയ്യുന്നതായി പറയുന്നു. എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ‘കുവലയമാല’ എന്ന പ്രാകൃതഭാഷാ ചമ്പുവില്‍ പരാമര്‍ശിക്കപ്പെടുന്ന ‘വിജയപുരി’ എന്ന പട്ടണം വിഴിഞ്ഞം ആയിരുന്നുവെന്ന് കരുതാന്‍ അതിലെ സ്ഥലവിവരണങ്ങള്‍ സൂചന നല്കുന്നു.

ക്രിസ്തുവര്‍ഷം 781 ല്‍ വിഴിഞ്ഞം കോട്ട ആക്രമിച്ച് ‘വേണ്‍മന്നനെ’ വധിക്കുകയും അയാളുടെ സമ്പത്ത് കരസ്ഥമാക്കുകയും ചെയ്തു എന്നു പറയപ്പെടുന്ന ജടിലപരാന്തകന്‍ എന്ന പാണ്ഡ്യ ചക്രവര്‍ത്തിയുടെ ചെപ്പേടില്‍ വിഴിഞ്ഞം കോട്ടയുടെയും നഗരത്തിന്റെയും സമൃദ്ധിയെ വാനോളം പുകഴ്ത്തുന്നുണ്ട്. അന്ന് വേണാടിന്റെ തലസ്ഥാനം വിഴിഞ്ഞമായിരുന്നു. പാണ്ഡ്യരാജാവ് മാരന്‍ചടയന്‍ കരുനന്തന്‍ എന്ന ആയ്‌രാജാവിന്റെ വിഴിഞ്ഞത്തെ അരിവിയൂര്‍ കോട്ട തകര്‍ത്തതായും രേഖകള്‍ പറയുന്നു. ചരിത്രപ്രസിദ്ധമായ കാന്തളൂര്‍ ശാല എന്ന തെക്കിന്റെ സര്‍വകലാശാല വിഴിഞ്ഞത്താണെന്ന് ചില ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എഡി ഏഴാം ശതകത്തില്‍ ആയ്‌രാജാക്കന്മാരുടെ പ്രതാപകാലത്ത് വിഴിഞ്ഞം പ്രധാനമായും സൈനിക കേന്ദ്രമായിരുന്നു. പോര്‍ച്ചുഗീസുകാരും വിഴിഞ്ഞത്ത് കോട്ട സ്ഥാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തെ കത്തോലിക്കാപ്പള്ളി സ്ഥാപിച്ചതും പോര്‍ച്ചുഗീസുകാരായിരുന്നു. മാലിക് ബനു‍ദിനാറും വിഴിഞ്ഞം സന്ദര്‍ശിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 1644ല്‍ വേണാട് രാജാവായ വീരഉണ്ണി കേരള വര്‍മ്മ രവിവര്‍മ്മ ഈസ്റ്റിന്ത്യാ കമ്പനിക്ക് വ്യാപാരത്തിനായി വിഴിഞ്ഞത്ത് പണ്ടകശാല സ്ഥാപിക്കാന്‍ സമ്മതമേകി.

ഇതാണ് തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് കോളനി. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ദിവാന്‍ രാജകേശവദാസന്‍ വിഴിഞ്ഞം ഒരു ചുരുങ്ങിയകാലത്തേക്ക് സ്വന്തം നിയന്ത്രണത്തിലാക്കി. അക്കാലത്ത് കുരുമുളകും കേരളത്തിലെ മറ്റ് മല‍ഞ്ചരക്കുകളും വ്യാപകമായി കപ്പല്‍ കയറ്റിയിരുന്ന മുഖ്യ തുറമുഖം വിഴിഞ്ഞമായിരുന്നു. എഡി 14-ാം നൂറ്റാണ്ടില്‍ വേണാട്ടു രാജാവ് വീരകേരള വര്‍മ്മ വിഴിഞ്ഞം വേണാടിനോട് ചേര്‍ത്തത് വേണാടിന്റെ തെക്കന്‍ ദിക്കിലേക്കുള്ള വികാസത്തിന് വഴിയൊരുക്കി. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും 15-ാം നൂറ്റാണ്ടില്‍ മേല്‍ക്കോയ്മയ്ക്കും കച്ചവടക്കുത്തകയ്ക്കുമായി വിഴിഞ്ഞത്ത് പരസ്പരം പോരാട്ടം നടത്തിയിട്ടുണ്ട്. വിഴിഞ്ഞം സംഘകാല സ്മാരകശിലകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഭൂമികൂടിയാണ്. കേരളത്തില്‍ ഇന്ന് ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകള്‍ സമുദ്രസ്നാനത്തിനെത്തുന്ന കോവളം വിഴിഞ്ഞത്തിന്റെ സമീപപ്രദേശമാണ്. വിഴിഞ്ഞം കടപ്പുറത്തോട് ചേര്‍ന്നുള്ള ആവാടുതുറയിലാണ് കോവളം കവികളെന്നറിയപ്പെടുന്ന അയ്യാപിള്ളയും അയ്യനന്‍പിള്ളയും ജീവിച്ചിരുന്നത്. (എഡി. 15–16) വിഴി‍ഞ്ഞം ഭൂമിശാസ്ത്രപരമായി കുറേഭാഗം മണല്‍നിറഞ്ഞ തീരവും കുറെഭാഗം ഉയര്‍ന്ന ചെങ്കല്‍പ്രദേശവുമാണ്. ഈ ഭാഗത്തെ കടലിന് ഒരു ഉള്‍ക്കടല്‍ പ്രതീതിയാണ്. വിഴിഞ്ഞത്തിന്റെ പഴമയും പ്രൗഡിയും പാരമ്പര്യവും സംഘകാല കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ചോളരാജവംശത്തിന് കീഴടങ്ങിയ ആയ് രാജവംശം തിരോഭവിച്ചതോടെയാണ് വിഴിഞ്ഞത്തിന്റെ പ്രാധാന്യം കുറയുന്നത്. 1723ല്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് വിഴിഞ്ഞത്തിന് വീണ്ടും പ്രാധാന്യം കല്പിക്കുന്നത്. കുളച്ചലിന് പുറമെ വിഴിഞ്ഞവും മാര്‍ത്താണ്ഡവര്‍മ്മ വികസിപ്പിച്ച് നാവിക കേന്ദ്രമാക്കി. രാജാകേശവദാസന്‍ വിഴിഞ്ഞത്തിന് വീണ്ടും വാണിജ്യ തലസ്ഥാനമെന്ന പ്രാധാന്യം നല്കി. തുറമുഖമെന്ന നിലയില്‍ വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകള്‍ കണ്ടറിഞ്ഞ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ വെള്ളായണി കായലുമായി ബന്ധപ്പെടുത്തി വന്‍ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കൊച്ചി തുറമുഖത്തിന്റെ വികസനം വിഴിഞ്ഞത്തെ വീണ്ടും വിസ്മൃതിയിലാക്കുകയായിരുന്നു. 1991ലാണ് വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യം ശ്രമം തുടങ്ങുന്നത്.

1999ല്‍ ഇവിടെ തുറമുഖവും താപവൈദ്യുതനിലയവും സ്ഥാപിക്കാനായി ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ബിഒടി കരാര്‍ ഒപ്പിട്ടെങ്കിലും മുന്നോട്ടുപോയില്ല. 2004-06 കാലഘട്ടത്തില്‍ സൂം ഡെവലപ്പേഴ്സ് എന്ന കമ്പനി രംഗത്തെത്തി. അവരോടൊപ്പം ചൈനീസ് കമ്പനിയും പങ്കാളിയായതിനാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി കിട്ടിയില്ല. 2008ല്‍ ലോങ്കോകൊണ്ടപ്പള്ളി എന്ന കമ്പനിക്ക് പിപിപി മാതൃകയില്‍ കരാര്‍ നല്കി. ഒന്നിനു പുറകെ ഒന്നായി വന്ന വ്യവഹാരങ്ങള്‍ കാരണം ലോങ്കോ പിന്‍മാറി. പൊതുസ്വകാര്യ മാതൃക വിഴിഞ്ഞത്തിന് പ്രയോജനപ്പെടുന്നില്ലെന്ന് മനസിലാക്കി 2010-12 ല്‍ ഭൂവുടമ മാതൃക അവലംബിക്കാന്‍ ശ്രമിച്ചു. അന്ന് അഡാനി പോര്‍ട്സിന്റെ ആദ്യരൂപമായ മുന്ദ്ര പോര്‍ട്സ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു. ശേഷിച്ച വെല്‍സ്പണ്‍ കമ്പനി കൂടുതല്‍ ട്രാ‍ന്‍ഡ് ആവശ്യപ്പെട്ടതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ചുമില്ല. കേരളത്തില്‍ ആദ്യമായി തുറമുഖനയത്തിന് രൂപം നല്കിയതും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാമെന്ന നയം കൊണ്ടുവന്നതും മുന്‍മന്ത്രി എം വി രാഘവനായിരുന്നു. 2013ലാണ് ഈ നയം സംസ്ഥാനം മാതൃകയായി സ്വീകരിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതികളുടെ നാള്‍വഴികള്‍ 1991 ല്‍ തുടങ്ങിയെങ്കിലും 2015 ചിങ്ങം ഒന്നിന് ശിലാന്യാസം ചെയ്തത് അന്താരാഷ്ട ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിനും ആഴക്കടല്‍ തുറമുഖം ആധുനിക രീതിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും വേണ്ടിയാണ്. 7500 കോടി രൂപയോളമാണ് പദ്ധതി ചെലവ്.

Eng­lish Summary:Vizhinjam dream project- his­to­ry of ancient vizhinjam

You may also like this video