രമേശ് ബാബു

വിഴിഞ്ഞം സ്വപ്ന പദ്ധതി

March 16, 2020, 9:30 pm

സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി എത്രദൂരം

Janayugom Online

2015 ഡിസംബര്‍ അഞ്ചിനാണ് അഡാനി ഗ്രൂപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. അഡാനി ഗ്രൂപ്പുമായുള്ള കരാര്‍ പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാകേണ്ടതായിരുന്നു. മൂന്നു മാസം പിഴയില്ലാതെയും ആറുമാസം പിഴയോടുകൂടിയും ക്യൂറിംഗ് പിരീഡിനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. അതിനുസരിച്ച് 2020 സെപ്തംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കണം. ഇതു കഴി‍ഞ്ഞുള്ള 90 ദിവസത്തിനുശേഷം സെക്യൂരിറ്റി തുകയുടെ 0.1 ശതമാനമായ 12 ലക്ഷം രൂപ കമ്പനിയില്‍ നിന്നു ദിവസേന പിഴയായി സര്‍ക്കാരിന് ഈടാക്കാമെന്നാണ് വ്യവസ്ഥ.

കരാര്‍ കലാവധി അവസാനിച്ച സാഹചര്യത്തില്‍ അഡാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രസ്താവിച്ചിരുന്നു. പിഴ അടയ്ക്കാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് നല്‍കേണ്ട തുകയില്‍ നിന്ന് പിഴ ഈടാക്കി ബാക്കി തുകയായിരിക്കും നല്‍കുക എന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായി തുറമുഖത്തിന്റെ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി മന്ത്രി കടന്നപ്പള്ളി സഭയെ അറിയിച്ചിരുന്നു. 3100 മീറ്റര്‍ പൂര്‍ത്തീകരിക്കേണ്ട പുലിമുട്ട് നിര്‍മ്മാണത്തില്‍ 20 ശതമാനമാണ് നാളിതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 7.1 ദശലക്ഷം ഘനമീറ്റര്‍ പൂര്‍ത്തിയാക്കേണ്ട ഡ്രെഡ്ജിംഗ് ആന്റ് റിക്ലമേഷന്‍ 40 ശതമാനവും പൂർത്തിയായി. 800x60 മീറ്റര്‍ വേണ്ട കണ്ടെയ്‌നർ ‍ യാര്‍ഡിന്റെ പേവര്‍ ബ്ലോക്കുകളുടെ നിര്‍മ്മാണം തുടരുന്നു. കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള എട്ട് ക്രെയിനുകള്‍ക്ക് നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നു. കരാര്‍ പ്രകാരം 2019 ഡിസംബര്‍ 3ന് പൂര്‍ത്തീകരിക്കേണ്ടിയിരുന്ന തുറമുഖത്തിന്റെ നിലവിലെ നിര്‍മ്മാണഘട്ടങ്ങള്‍ ഈവിധമാണെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

പുലിമുട്ടിനാവശ്യമായ പാറ കണ്ടെത്താനാകാത്തതാണ് നിര്‍മ്മാണം വൈകുന്നതെന്നാണ് അഡാനി കമ്പനി പറയുന്നത്. 2015 ഏപ്രിലിലാണ് സ്വന്തമായി ക്വാറി ആരംഭിക്കാനുള്ള അനുമതിക്കായി കമ്പനി അപേക്ഷിച്ചത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 20 ക്വാറികള്‍ നേരിട്ടു സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആരംഭിക്കുന്നത്. 20 അപേക്ഷകളില്‍ 19 എണ്ണത്തിനും റവന്യൂവകുപ്പില്‍ നിന്ന് നിരാക്ഷേപപത്രം ലഭിച്ചിട്ടുമുണ്ട്. അതേസമയം തുറമുഖ കരാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിനായി 1.03 കോടി രൂപയും സര്‍ക്കാരിന് ചെലവിടേണ്ടിവന്നതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സഭയെ അറിയിച്ചു. കരാര്‍പ്രകാരമുള്ള പൂര്‍ത്തീകരണത്തിന്റെ അവസാന തീയതിയായ 2020 സെപ്തംബറില്‍ തുറമുഖം പ്രവര്‍ത്തന ക്ഷമമാക്കുവാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ ഉറ്റുനോക്കപ്പെടുന്നു.

(തുടരും)

ദിവസം 12 ലക്ഷം രൂപ വച്ച് പെനാൽറ്റി ഉണ്ടാകും: ഡോ. ജയകുമാർ

(വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മാനേജിംഗ് ഡയറക്ടർ, സിഇഒ)

വിഴിഞ്ഞം തുറമുഖ പദ്ധതി 2015 ലാണ് സ്വകാര്യപങ്കാളിത്തത്തോടെ നിർമ്മാണ കരാർ ഒപ്പുവച്ചത്. 40 കൊല്ലത്തെ കരാറാണ്. ആദ്യഘട്ടം തീർക്കേണ്ടത് നാല് വർഷത്തിലാണ്. സമയബന്ധിതമായി തീർക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാറ കൊണ്ടുവരുന്നതിന് താമസം വരുന്നതിനാലാണ് വൈകുന്നതെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. പുലിമുട്ട് നിർമ്മാണം അനിവാര്യമാണ്. അതിനാണ് പാറ ആവശ്യമായി വരുന്നത്.

സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ പദ്ധതിക്കുണ്ട്. വിഴി‍ഞ്ഞം തുറമുഖം വന്നാൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് രംഗത്ത് വലിയമാറ്റം ആയിരിക്കും. മറ്റ് തുറമുഖങ്ങളിൽ നടക്കുന്ന ചരക്ക് നീക്കം നമുക്ക് നേടാൻ കഴിയും. 2019 ഡിസംബർ മൂന്നിന് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കണമായിരുന്നു. അത് പൂർത്തിയാക്കാത്തതിനാൽ നോട്ടീസ് നൽകിയിരുന്നു. കരാർപ്രകാരം തുടർന്ന് ക്യുവർ പിരീയഡ് ആയ ഒമ്പത് മാസം സമയം കൂടി എടുത്ത് നിർമ്മാണം പൂർത്തിയാക്കാം. ആദ്യത്തെ മൂന്ന് മാസം പെനാൽറ്റി ഉണ്ടാകില്ല.

ബാക്കിയുള്ള ആറ് മാസം ഫൈൻ ഈടാക്കാം. ദിവസം ഏകദേശം 12 ലക്ഷം രൂപ വച്ച് പെനാൽറ്റി ഉണ്ടാകും. ആ വ്യവസ്ഥയിൽ അവർക്ക് തുടരാം. ഇതിനുള്ളിൽ സംസ്ഥാനസർക്കാരിന് തീരുമാനമെടുക്കാം. വീണ്ടും കാലതാമസം വന്നാൽ എന്ത് ചെയ്യാൻ കഴിയുമെന്ന് കരാറിൽ നിർദ്ദേശിച്ചുണ്ട്.

Eng­lish Sum­ma­ry; Vizhin­jam dream project