Web Desk

തിരുവനന്തപുരം

February 29, 2020, 9:47 pm

പാലാരിവട്ടം പാലം; വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തു

Janayugom Online

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തതിൽ, അദ്ദേഹം നൽകിയ മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്തത്. അഴിമതിയിലെ പങ്ക് തെളിയിക്കുന്ന തെളിവുകൾ വിജിലൻസിന്റെ പക്കലുണ്ട്.

ഇബ്രാഹിംകുഞ്ഞ് ഇന്നലെ നൽകിയ മൊഴിയിലും അവ്യക്തത തുടരുന്നതിനാൽ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്തേക്കാമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണസംഘം റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. അതിന് ശേഷമാകും ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതി ചേർക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കുക.

തിരുവനന്തപുരം പൂജപ്പുര വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ എസ്‌പി വിനോദ് കുമാറിന്റെയും ഡിവൈഎസ്‌പി ശ്യാംകുമാറിന്റെയും നേതൃത്വത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. തന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയുമുണ്ടായില്ലെന്ന മുൻമൊഴി ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. വിജിലൻസിനോട് മുമ്പും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിനുശേഷം മാധ്യമ പ്രവർത്തകരോട് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു.

പ്രാഥമികാന്വേഷണത്തിെൻറ ഭാഗമായി നൽകിയ മൊഴികളിലും പാലം നിർമ്മാണത്തിന് മുൻകൂറായി നൽകിയ തുകയെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞിരുന്നില്ല. അതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ സർക്കാരിനോട് വിജിലൻസ് അനുമതി തേടിയത്. ഗവർണർ അനുമതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചതും രണ്ട് പ്രാവശ്യം ചോദ്യം ചെയ്തതും.

Eng­lish Summary:VK Ibrahim Kun­ju was ques­tioned again.

you may also like this video;