വി കെ… യുവ കമ്മ്യൂണിസ്റ്റുകാരെ പ്രചോദിപ്പിച്ച നിസ്വാര്‍ത്ഥന്‍

വി പി ഉണ്ണികൃഷ്ണൻ
Posted on June 20, 2020, 4:00 am

വി കെ ഞങ്ങള്‍ പുതുതലമുറ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നും നിത്യാവേശം പകര്‍ന്ന സമരഭടനായിരുന്നു. പുന്നപ്ര വയലാര്‍ സമരചരിത്രം പറഞ്ഞുതരുമ്പോള്‍ ആ പോരാട്ട മനസ് എന്നെപ്പോലുള്ളവര്‍ ആവേശപൂര്‍വം കേട്ടിരുന്നു. അധികാര സ്ഥാനമാനങ്ങളൊന്നും ആ മഹനീയനായ കമ്മ്യൂണിസ്റ്റ് പോരാളിയെ പ്രലോഭിപ്പിച്ചില്ല. എന്നും നിസ്വാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന പദാവലിയെ ജീവിതംകൊണ്ട് അന്വര്‍ത്ഥമാക്കി വി കെ ഭാസ്കരന്‍ എന്ന ഉന്നതനായ കമ്മ്യൂണിസ്റ്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എണ്‍പതാം വാര്‍ഷികവേളയില്‍ പ്രസിദ്ധീകരിച്ച സൊവനീറില്‍ വി കെയുടെ കുറിപ്പെഴുതിയത് ഈ ലേഖകനാണ്. ‘അവിസ്മരണീയമായ ജീവിതം’ എന്ന തലക്കെട്ടില്‍ കുറിച്ച ലേഖനത്തില്‍ അദ്ദേഹം ആമുഖമായി ഇങ്ങനെ പറഞ്ഞു; ‘എന്റെ പാര്‍ട്ടിക്ക് 80 വയസ്. എനിക്ക് 82 … എന്റെ പാര്‍ട്ടി കാര്‍ഡിന് 64 വയസ്.

എന്തെല്ലാം ഓര്‍മ്മകള്‍ അനുഭവങ്ങള്‍ … ഏഴു പൊലീസ് ലോക്കപ്പ്, രണ്ട് സബ് ജയിലുകള്‍, ഒരു സെന്‍ട്രല്‍ ജയില്‍. ക്രൂരമായ മര്‍ദ്ദനം. പത്ത് വര്‍ഷത്തോളമെത്തുന്ന ഒളിവുജീവിതം’ സഹന പോരാട്ടങ്ങളുടെ ഗാഥകള്‍ വിനയപുരസരം വി കെ വിവരിക്കുമ്പോള്‍ ഒരു കാലഘട്ടത്തെ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരളം സൃഷ്ടിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ ജീവത്യാഗ പോരാട്ട ചരിത്രങ്ങളുടെ അനാവരണം. പതിനൊന്നാം വയസില്‍ തൊഴിലാളി പ്രക്ഷോഭങ്ങളില്‍ മുന്‍നിര നായകനായിരുന്നു വി കെ ഭാസ്കരന്‍ എന്ന സമുന്നത കമ്മ്യൂണിസ്റ്റ്. ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ആക്ടിംഗ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച വി കെ തിരു-കൊച്ചിയില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലും ഐക്യ കേരളം പിറവികൊണ്ടതിനുശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലും അംഗമായി.

ഈ അനുഭവ പാരമ്പര്യമുള്ള, പോരാട്ട ചരിത്രഗാഥകള്‍ പേറുന്ന അദ്ദേഹം ഒരിക്കലും അധികാര രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തുപോലും എത്തിനോക്കിയില്ല. അവിടെയാണ് കമ്മ്യൂണിസ്റ്റുകാരന്റെ നിസ്വാര്‍ത്ഥതയുടെ മഹത്വം വി കെ ഭാസ്കരന്‍ ജീവിതംകൊണ്ട് തെളിയിച്ചുതന്നത്. ഒളിവില്‍ കഴിയുന്ന വേളയിലാണ്, 1954ല്‍ പാര്‍ട്ടി വി കെയെ തിരുവനന്തപുരത്തേക്ക് നിയോഗിച്ചത്. ചേര്‍ത്തലയിലെ വിപ്ലവകാരി തിരുവനന്തപുരത്തെ നെടുമങ്ങാട്ടെ കമ്മ്യൂണിസ്റ്റ് പോരാളിയായി മാറി. സി അച്യുതമേനോനും എസ് കുമാരനുമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന വി കെയെ നെടുമങ്ങാടെത്തിച്ചത് എന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. ഒളിവു ജീവിതകാലത്തെ ഒളിപ്പേര് സുകുമാരന്‍ എന്നായിരുന്നു. വി കെ ആ ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു; “എന്റെ അവസ്ഥ പരിതാപകരമായിരുന്നു. തിരഞ്ഞെടുത്ത അവസരങ്ങള്‍ ഒഴിച്ചാല്‍ ഞാന്‍ സാമ്പത്തിക ഞെരുക്കത്തിലാവും.

വീട് പട്ടിണിയാവും.” ആദ്യകാല കമ്മ്യൂണിസ്റ്റുകാരുടെ ത്യാഗനിര്‍ഭര ജീവിതം അടയാളപ്പെടുത്തുകയായിരുന്നു വി കെ തന്റെ വാക്കുകളിലൂടെ. കമ്മ്യൂണിസ്റ്റുകാരുടെ ത്യാഗനിര്‍ഭര ജീവിതത്തിന്റെ അടയാള പത്രങ്ങളില്‍ ഒന്നാണ് വിട വാങ്ങുന്നത്. 2005ല്‍ ആണ് 80-ാം വാര്‍ഷിക പതിപ്പ് പ്രസിദ്ധീകരി‌ക്കുന്നത്. അന്ന് അദ്ദേഹം സ്നേഹവാത്സല്യങ്ങളോടെ എന്നെ ആലിംഗനം ചെയ്തു പറഞ്ഞു; ചെറുപ്പക്കാര്‍ എന്റെ ഓര്‍മ്മകളെ തേടിവരുന്നുവല്ലോയെന്ന്. പുന്നപ്ര വയലാര്‍ സമരഗാഥകളുടെ ചരിത്രം വിവരിച്ച വി കെ പറഞ്ഞു, ഇനിയും ഒട്ടേറെ പറയാനുണ്ട് എന്ന്. പറയാനുള്ളത് ബാക്കിവച്ച് കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്ര പന്ഥാവിലെ ഒരു മഹാരഥന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിരിക്കുന്നു. പക്ഷെ ആ പോരാട്ട ചരിത്രഗാഥകള്‍ വി കെയുടെ സ്മരണകളിലൂടെ നിരന്തരം ഇരമ്പിയാര്‍ത്തുകൊണ്ടിരിക്കും. ‘വരുന്ന നവയുഗ തലമുറകള്‍ വളരും നാടിന്‍ പ്രതീക്ഷകള്‍’ എന്ന് ചിന്തിച്ച് നമ്മോട് വിട പറയുന്ന ഉത്തമ കമ്മ്യൂണിസ്റ്റുകാരനാണ് വി കെ.