Janayugom Online
Nelson Mandea- janayugom

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം

Web Desk
Posted on July 17, 2018, 10:29 pm
karyavicharam

വര്‍ണവിവേചനത്തിനെതിരെ സന്ധിയില്ലാസമരം നടത്തി വിജയകിരീടം നേടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മശതാബ്ദിയാണ് ഇന്ന്. 1918 ജൂലൈ 18ന് ദക്ഷിണാഫ്രിക്കയിലെ തെംസുവിലെ ഉന്നത കുടുംബത്തിലാണ് മണ്ടേലയുടെ ജനനം. 25-ാമത്തെ വയസില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായ മണ്ടേല 1944ല്‍ അതിന്റെ യുവജന സംഘടനയില്‍ സജീവമായി. വര്‍ണവിവേചനം അടിച്ചേല്‍പ്പിച്ച ഭരണത്തെ തൂത്തെറിയാനുള്ള പോരാട്ടത്തിന്റെ നായകനായി. നിരന്തരമായ അറസ്റ്റുകളെയും ജയിലറകളെയും നേരിട്ടാണ് മണ്ടേല തന്റെ സമരം വിജയിച്ചത്.
മണ്ടേല 1994ല്‍ എഴുതി: ”എന്റെ കുടുംബത്തിലെ ആരും സ്‌കൂളില്‍ പോയിട്ടില്ല. എന്റെ ആദ്യത്തെ സ്‌കൂള്‍ ദിനത്തില്‍ എന്റെ അധ്യാപിക, കുമാരി മിഡിന്‍ഗയിന്‍ ഞങ്ങള്‍ക്കെല്ലാം ഇംഗ്ലീഷ് പേര് നല്‍കി. ആഫ്രിക്കക്കാര്‍ക്കിടയിലെ ഒരു ആചാരമായിരുന്നു ഇത്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ ബ്രിട്ടീഷ് സ്വാധീനമാണിത് കാണിക്കുന്നത്. ആ ദിവസം മിഡിന്‍ഗയിന്‍ എന്നോടു പറഞ്ഞു തന്റെ പുതിയ പേര് നെല്‍സണ്‍ എന്നാണെന്ന്. എന്തുകൊണ്ടാണ് ഈ പ്രത്യേക നാമമെന്ന് എനിക്കറിയില്ല.”

27 വര്‍ഷമാണ് മണ്ടേല ജയിലില്‍ കിടന്നത്. 1956 മുതല്‍ ഇടവിട്ടവേളകളില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായി ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭം വളര്‍ന്നുവന്നു. ഗവണ്‍മെന്റ് വിരുദ്ധപ്രക്ഷോഭം നയിച്ചതിന് 1962ല്‍ മണ്ടേലയെ അറസ്റ്റ് ചെയ്തു.

ലോകമെമ്പാടും ഉയര്‍ന്നുവന്ന പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും തുടര്‍ന്നാണ് 1990ല്‍ മണ്ടേലയെ ജയില്‍മോചിതനാക്കിയത്. 1994 ലെ പൊതുതെരഞ്ഞെടുപ്പില്‍ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി. വിശാലമായ ഒരു കൂട്ടുകക്ഷി ഭരണമായിരുന്നു അത്. ആ ഗവണ്‍മെന്റാണ് പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഗവണ്‍മെന്റ് അധികാരമേല്‍ക്കും മുമ്പ് നടന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. ഭൂപരിഷ്‌കരണ നടപടികള്‍ക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും നടപടികള്‍ സ്വീകരിച്ചു.
”ഞങ്ങളുടെ സമരം ആഫ്രിക്കന്‍ ജനതയുടെ സമരമാണ്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ്. ഞാനെന്റെജീവിതം ഈ സമരത്തിനായി സമര്‍പ്പിച്ചുകഴിഞ്ഞു. വെള്ളക്കാരുടെ മേല്‍ക്കോയ്മക്കെതിരെ ഞാന്‍ പോരാടും. കറുത്തവരുടെ മേല്‍ക്കോയ്മക്കെതിരെയും പോരാടും. എല്ലാ മനുഷ്യരും തുല്യാവകാശത്തോടെയും സൗഹാര്‍ദത്തോടെയും ഒത്തൊരുമിച്ച് ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യസമൂഹം എന്ന സങ്കല്‍പ്പത്തെയാണ് ഞാന്‍ താലോലിക്കുന്നത്. ആ സങ്കല്‍പ്പം യഥാര്‍ത്ഥ്യമായിക്കാണാനും അതില്‍ ജീവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ആ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകാന്‍ എന്റെ മരണം ആവശ്യമെങ്കില്‍ അതിനും ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു.” നെല്‍സണ്‍ മണ്ടേല കോടതിമുറിയില്‍ നടത്തിയ ഉജ്ജ്വലമായ ഈ പ്രസംഗം ലോകമനഃസാക്ഷിയെയാണ് ഉണര്‍ത്തിവിട്ടത്. സ്വാതന്ത്ര്യം എന്ന ഒരു ജനതയുടെ ആഗ്രഹം മുഴുവന്‍ സ്പന്ദിച്ചുനിന്നിരുന്നു കരുത്തുറ്റ ആ വാക്കുകളില്‍.

ഇതായിരുന്നു നെല്‍സണ്‍ മണ്ടേല. മനുഷ്യന്‍ എന്ന പദം എല്ലാ മനുഷ്യരുടെയും ഉള്ളില്‍ എന്നെന്നും അടയാളപ്പെടുത്തണമെന്ന് ഈ ജനനായകന്‍ ആഗ്രഹിച്ചു. പോരാട്ടത്തിന്റെയും അഹിംസയുടെയും വഴികളിലൂടെ ലോകത്തെ ത്രസിപ്പിച്ച നേതാവിന് മുഖവുരകളുടെ ആവശ്യമില്ല. തന്റെ ജീവിതം തന്നെ പില്‍ക്കാലത്ത് ജനകോടികള്‍ക്കുവേണ്ടിയുള്ള സന്ദേശമാക്കിയ ലോകനേതാവ് കൂടിയാണ് മണ്ടേല. നരകതുല്യമായ ജീവിതത്തില്‍ പുഴുക്കളെപ്പോലെ പിടഞ്ഞുകൊണ്ടിരുന്ന ഒരു ജനതയ്ക്ക് വെളിച്ചം പകര്‍ന്ന മഹാന്റെ ജീവിതം എന്നെന്നും പ്രചോദിതം തന്നെ. ഒരു രക്ഷകനെയായിരുന്നു ആഫ്രിക്കന്‍ ജനത കാത്തിരുന്നത്. ആ പ്രതീക്ഷ ഒരക്ഷരം പോലും മായ്ക്കാതെ പാലിച്ച് അവര്‍ക്കുവേണ്ട സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ ആ മഹാന് കഴിഞ്ഞു.

നിറവും വര്‍ഗവും ഉച്ചനീചത്വങ്ങളുമില്ലാത്ത ഒരു ലോകമായിരുന്നു മണ്ടേല സ്വപ്‌നം കണ്ടത്. കറുത്ത വര്‍ഗക്കാരുടെ പോരാട്ടത്തെ എന്നെന്നും ജ്വലിപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാലങ്ങളോളം നീണ്ടുനിന്ന ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കാനും ആ ജനനായകന് കഴിഞ്ഞിരുന്നു. ജന്മശതാബ്ദി വര്‍ഷത്തിലും മണ്ടേലയുടെ ആശയങ്ങള്‍ക്ക് മൂര്‍ച്ചകൂടുന്നതും പഴയ കാലഘട്ടത്തിലേക്ക് അതിദ്രുതം ലോകം തിരിഞ്ഞുനടക്കുന്നതുകൊണ്ടാണ്.
അച്ഛനമ്മമാര്‍ മണ്ടേലയ്ക്ക് നല്‍കിയ പേര് റോളിഹ്‌ലഹ്‌ല എന്നായിരുന്നു. റോളിഹ്‌ലഹ്‌ല എന്ന പേരിന്റെ അര്‍ഥം മരച്ചില്ലവലിക്കുന്നത് എന്നാണ്. ഫോര്‍ട്ട്ഹരെ കോളേജില്‍ ചേര്‍ന്നപ്പോള്‍ കോളജിലെ അസൗകര്യങ്ങളുടെ പേരില്‍ വോട്ടുചെയ്യാതെ പ്രതിഷേധിച്ച 25 വിദ്യാര്‍ഥികളില്‍ ഒരാള്‍ മണ്ടേലയായിരുന്നു. അതായിരുന്നു സമര തീക്ഷ്ണമായ ജീവിതത്തിലെ പ്രതിഷേധത്തുടക്കം. ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാര്‍ അനുഭവിക്കുന്ന വിവേചനം കോളജ് പഠനകാലത്തുതന്നെ മണ്ടേലയുടെ മനസില്‍ എത്തിയിരുന്നു. 1952 ല്‍ ഒളിവര്‍ ടോംബേയുമായി ചേര്‍ന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേരത്തെതന്നെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നെങ്കിലും മണ്ടേലയുടെ വരവോടെയാണ് സംഘടനയ്ക്ക് മുന്നോട്ടുള്ള വഴികളെക്കുറിച്ച് വ്യക്തമായ ദിശാബോധം ലഭിച്ചത്.

1960 കാലഘട്ടത്തില്‍ ഷാര്‍പിവില്ലയില്‍ അറുപത്തിമൂന്നോളം കറുത്ത വര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തോടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരോധിക്കപ്പെട്ടു. ഉം കോന്‍താ വെ സിസവേ എന്ന എം കെ സംഘടന രൂപപ്പെട്ടത് അങ്ങനെയാണ്. രണ്ട് വര്‍ഷത്തിനുശേഷം മണ്ടേല പിടിയിലായി. അഞ്ചുവര്‍ഷത്തെ തടവും പിഴയും ലഭിച്ചു. ആ നടപ്പുകാലം പോലും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജമാക്കാനാണ് മണ്ടേല ശ്രമിച്ചത്.

1964 ജൂണ്‍ 12ന് റിവോണിയയില്‍ നടന്ന വിചാരണയ്ക്കിടെ നാലു മണിക്കൂര്‍ നീണ്ട ഉജ്ജ്വലപ്രസംഗമാണ് മണ്ടേലയുടെ രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമിട്ടത്. 1982ല്‍ പത്തുലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി യു എന്‍ സെക്രട്ടറി ജനറലിന് സമര്‍പ്പിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ ഒന്നിച്ചു. സ്വാതന്ത്ര്യം എന്ന മൂന്നക്ഷരത്തിനുമപ്പുറം മറ്റൊന്നും അവര്‍ക്ക് വേണ്ടായിരുന്നു. യൂറോപ്യന്‍ കൗണ്‍സിലും കോമണ്‍വെല്‍ത്തും മണ്ടേലയുടെ മോചനം ആവശ്യപ്പെട്ടു.

‘ഞാന്‍ വെള്ളക്കാരുടെ മേധാവിത്വത്തിനെതിരായി പോരാടി. ഒപ്പം കറുത്തവര്‍ഗക്കാരുടെ മേധാവിത്വത്തിനുമെതിരെയും പോരാടി’- മണ്ടേല പ്രഖ്യാപിച്ചു.
‘സ്വതന്ത്രനാവുകയെന്നാല്‍ വെറുതെ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയല്ല, മറിച്ച് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെ ആദരിക്കുകയും വിപുലമാക്കുകയും ചെയ്യുംവിധം ജീവിക്കലാണ്’-നെല്‍സണ്‍ മണ്ടേലയുടെ ഈ വാക്കുകള്‍ എന്നും എന്നെന്നും മനുഷ്യരാശി അടയാളപ്പെടുത്തേണ്ട കാലമാണ്. ഒരു യുഗസ്തര്യനായിരുന്നു കാലം കൊണ്ടും കര്‍മ്മം കൊണ്ടും മനുഷ്യരാശിയും ചരിത്രവും അടയാളപ്പെടുത്തിയ നെല്‍സണ്‍ മണ്ടേല എന്ന മഹാന്‍.