Friday
22 Feb 2019

വിപ്ലവ കേരളത്തിന്റെ നാദധാര

By: Web Desk | Friday 15 December 2017 10:33 PM IST

വിപ്ലവത്തിന്റെ ഉണര്‍ത്തുപാട്ടുകാരനായിരുന്നു ടി എം പ്രസാദ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അഗ്നി പരീക്ഷകളുടെ തീയാട്ടങ്ങള്‍ താണ്ടുന്ന ഒരു ചുവപ്പ് ചരിത്ര സന്ധിയില്‍ ‘കമ്യൂണിസ്റ്റ്’ എന്ന് പരസ്യമായി പറയുവാന്‍ പോലും ജനങ്ങള്‍ ഭയപ്പെട്ടിരുന്ന ഭരണകൂടവേട്ടയുടെ നാളുകളില്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിപ്ലവഗാനങ്ങളുടെ സ്വരഗംഗാ പ്രവാഹത്താല്‍ ആയിരങ്ങളെ ഇളക്കിമറിച്ച ടി എം പ്രസാദ് തന്റെ ഗാനധാരയിലൂടെ കമ്യൂണിസ്റ്റുകാരുടെ പോര്‍മുഖമാണ് വെളിപ്പെടുത്തിയത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊതുയോഗ സ്ഥലങ്ങളിലേക്കുള്ള ജനപ്രവാഹത്തിന് പിന്നില്‍ കമ്യൂണിസത്തിന്റെ സൈദ്ധാന്തിക സുഗന്ധവും ടി എം പ്രസാദിന്റെ ഗാനധാരയുടെ ആകര്‍ഷണീയതയുമുണ്ടായിരുന്നു. പുന്നപ്രയിലും വയലാറിലും കയ്യൂരും കരിവള്ളൂരും പാടിക്കുന്നിലും മനയന്‍കുന്നിലും പൊരുതിവീണ മനുഷ്യസ്‌നേഹികള്‍ തീര്‍ത്ത രക്തഗംഗാതടങ്ങളെക്കുറിച്ച് പ്രസാദ് പാടുമ്പോള്‍ ശ്രോതാക്കളായ ജനസാഗരത്തില്‍ നിന്ന് വിപ്ലവാവേശത്തിന്റെ തരംഗമാലകള്‍ ഇളകിയിരുന്നു. കമ്യൂണിസത്തിന്റെ ഇതിഹാസ സ്ഥലികള്‍ പടുത്തുയര്‍ത്തിയ പ്രസാദിന്റെ നാദധാരയ്ക്ക് കടമ്പിന്‍പൂവിന്‍ സുഗന്ധവും കലാപത്തിന്റെ ഇരമ്പവുമുണ്ടായിരുന്നു.
പതിനാറാം വയസില്‍ പാഠപുസ്തകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്കെടുത്തു ചാടിയ പ്രസാദ്, പിറന്ന നാടിനുമേല്‍ വീണ്ടുമൊരു പാരതന്ത്ര്യത്തിന്റെ വാള്‍പതിയുന്നത് തടയുവാന്‍ പുതു തലമുറയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഗാനങ്ങള്‍ രചിക്കുവാന്‍ തുടങ്ങിയത്. പാര്‍ട്ടി ഏറ്റെടുത്തിരുന്ന ഏത് പ്രശ്‌നവും പ്രസാദിന്റെ സര്‍ഗപ്രതിഭയ്ക്ക് ഊര്‍ജമായിരുന്നു. വിയറ്റ്‌നാം യുദ്ധം, കൊറിയന്‍ യുദ്ധം തുടങ്ങിയ സാര്‍വദേശീയ പ്രശ്‌നങ്ങള്‍ മുതല്‍ പ്രാദേശിക തൊഴില്‍ സമരങ്ങള്‍വരെ പ്രസാദിന്റെ ഗാനപ്രപഞ്ചത്തിന് വിഷയമായിരുന്നു. ‘ഓടെടാ, ഓടെടാ മക് ആര്‍തറെ..’ തുടങ്ങിയ നിരവധി ഗാനങ്ങള്‍ സാധാരണക്കാരന്റെ ചുണ്ടുകളില്‍ വളരെക്കാലം തുളുമ്പി നിന്നു. പ്രസാദിന്റെ ഗാനധാരയില്‍ ലയിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായവരും ഏറെയുണ്ടായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗങ്ങളില്‍ പ്രസാദിന്റെ വിപ്ലവഗാനങ്ങള്‍ ഒഴിവാക്കാനാവാത്തതായിരുന്നെന്ന് പഴയ തലമുറ ഓര്‍ക്കുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള ആ വിപ്ലവകാരി സ്വന്തം കവിതകള്‍ ശ്രുതിമധുരമായി ആലപിച്ചുകൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളില്‍ ആവേശജ്വാല പടര്‍ത്തി. പാര്‍ട്ടിയുടെ യോഗങ്ങളില്‍ ആദ്യം പ്രസാദിന്റെ ഗാനം ഉറപ്പാണ്. പാര്‍ട്ടി നോട്ടീസുകളില്‍ അവസാന വാചകം ഇങ്ങനെയാണ്- ”ടി എം പ്രസാദിന്റെ പാട്ടും മൈക്കും ഉണ്ടാകും”. പൊതിച്ചോറും കെട്ടി മൈലുകള്‍ സഞ്ചരിച്ച് സ്ത്രീകളും കുട്ടികളും പ്രസാദിന്റെ പാട്ടുകേള്‍ക്കാന്‍ എത്തുക പതിവായിരുന്നു. അങ്ങനെ പ്രസാദിന് ”ആളെക്കൂട്ടി പ്രസാദ്” എന്നൊരു ഓമനപ്പേരും ലഭിച്ചിട്ടുണ്ട്.
വിപ്ലവസംഗീതം, വെളിച്ചത്തിന്റെ പാട്ടുകള്‍, പോര്‍വിളി, സമരനിര, ഉണര്‍വിന്റെ ഗാനം തുടങ്ങി ആയിരക്കണക്കിന് പാട്ടുകളും നിരവധി നാടകങ്ങളും രചിക്കുകയുണ്ടായി. അവയില്‍ ‘വിപ്ലവസംഗീതവും’, ‘ഉണര്‍വിന്റെ ഗാന’വും മദ്രാസ് പ്രവിശ്യയില്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ കണ്ടുകെട്ടിയവയാണ്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടുള്ള പ്രസാദിന് നിരവധി തവണ ജയില്‍വാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പൊലീസിന്റെ നരനായാട്ട് കണ്ട് ബോധരഹിതയായി അന്ത്യശ്വാസം വലിച്ച മാതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ പോലും കഴിയാത്തതായിരുന്നു പ്രസാദിന്റെ ഒളിവുജീവിതം. സഖാക്കള്‍ പി കൃഷ്ണപിള്ള, എകെജി, ആര്‍ സുഗതന്‍, എം എന്‍, ടി വി, എസ് കുമാരന്‍, വി എസ് അച്യുതാനന്ദന്‍, പി കെ ചന്ദ്രാനന്ദന്‍ തുടങ്ങിയവരുമായുള്ള അടുപ്പം പ്രസാദിന് കമ്യൂണിസത്തിന്റെ സമരോജ്വലമായ പോര്‍ക്കളങ്ങളിലേക്ക് എടുത്തുചാടുവാന്‍ പ്രേരകമാവുകയായിരുന്നു.
കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പ്രസാദ് എഴുതിപ്പാടിയ
”പൊലിഞ്ഞു നീചരാല്‍ നിന്‍ ജീവിതം
ഹാ! ധീര യോദ്ധാവേ…
ചൊരിഞ്ഞു ചോര നീ നിന്‍ ജീവിതത്തില്‍
ചെങ്കൊടി നാട്ടാന്‍
സഖാക്കള്‍ ഞങ്ങളൊരു നാളില്‍
തകര്‍ക്കും കാരിരുമ്പഴികള്‍
അന്നവിടെ പാറി പറക്കും
നിന്റെ ചെങ്കൊടികള്‍- സഖാവെ,
നിന്റെ ചെങ്കൊടികള്‍….” എന്ന ഗാനം ഒരു തലമുറയുടെ കാതിലും മനസിലും ഇന്നും നിറഞ്ഞുനില്‍ക്കുന്നു. തോപ്പില്‍ഭാസിയുടെ ‘ഒളിവിലെ ഓര്‍മകളി’ലും പുതുപ്പള്ളി രാഘവന്റെ ‘വിപ്ലവ സ്മരണകളിലും ഈ വിപ്ലവ ഗായകനെക്കുറിച്ചുള്ള പരാമര്‍ശം ഏറെയുണ്ട്.’
ആലപ്പുഴ തുമ്പോളി താന്നിക്കല്‍ വീട്ടില്‍ മാധവന്റെയും പാര്‍വതിയുടെയും മൂന്ന് ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു പ്രസാദ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒളിവുകാല പ്രവര്‍ത്തനത്തിനെത്തിയ പ്രസാദ് കൊല്ലം ജില്ലയിലെ എഴുകോണില്‍ സ്ഥിരം താമസമാക്കുകയായിരുന്നു. കുടുംബത്തെ ഒന്നടങ്കം ചോരപ്പാതകള്‍ താണ്ടിയ തന്റെ പ്രസ്ഥാനത്തിന്റെ നേരവകാശികളാക്കിയ ടി എം പ്രസാദിന്റെ പതിനേഴാമത് ചരമവാര്‍ഷികദിനമാണിന്ന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ആഘോഷിക്കുന്ന വേളയില്‍ വിപ്ലവ കവിയും ഗായകനുമായ ടി എം പ്രസാദിന്റെ സ്മരണ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നുറപ്പാണ്.

Related News