ഇന്തോനേഷ്യയിൽ വൻ അഗ്നിപർവ്വത സ്ഫോടനം. മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി വീണ്ടും പൊട്ടിത്തെറിച്ചു. ഇതോടെ എയർ ഇന്ത്യ, വിർജിൻ ഓസ്‌ട്രേലിയ, ജെറ്റ്‌സ്റ്റാർ, എയർ ന്യൂസിലൻഡ് എന്നിവയുൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ദില്ലിയിൽ നിന്ന് ബാലിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനത്തിന് യാത്രാമധ്യേ തന്നെ തിരിച്ചുപോകാൻ നിർദേശം ലഭിച്ചിരുന്നു.
അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ പുകപടലം 11 കിലോമീറ്ററോളം ഉയർന്നുപൊങ്ങിയതാണ് വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചത്. ലെവോട്ടോബി അഗ്നിപർവ്വതത്തിൽ നിന്ന് 10,000 മീറ്റർ വരെ ഉയരത്തിൽ കട്ടിയുള്ള പുക ഉയർന്നതായി ഇന്തോനേഷ്യൻ അഗ്നിപർവ്വത ശാസ്ത്ര ഏജൻസി അറിയിച്ചു. സമീപ ഗ്രാമങ്ങളിൽ ചാരവും അവശിഷ്ടങ്ങളും വീണിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ലാവാ പ്രവാഹത്തിന് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യയിലെ ജിയോളജി ഏജൻസി മുന്നറിയിപ്പ് നൽകി. സുരക്ഷാ മുൻകരുതലായി, അഗ്നിപർവ്വതത്തിൽ നിന്ന് കുറഞ്ഞത് 7 കിലോമീറ്റർ അകലം പാലിക്കാൻ അധികൃതർ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി. ഇന്തോനേഷ്യയ്ക്ക് പുറമെ, ഏഷ്യ‑പസഫിക് മേഖലയിലെ വിമാന സർവീസുകളെയും ഈ സ്ഫോടനം ബാധിച്ചു. നിലവിൽ ബാലിയിലുള്ളവരും അവിടേക്ക് യാത്ര പ്ലാൻ ചെയ്യുന്നവരും ഫ്ലൈറ്റ് ഷെഡ്യൂളുകളിലെ മാറ്റങ്ങളും റദ്ദാക്കലുകളും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.