Web Desk

കൊച്ചി

June 14, 2020, 2:20 pm

ലോറിക്കാരിൽ ബോധവത്കരണ ദൗത്യവുമായി വോളണ്ടിയർമാർ

Janayugom Online

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന ലോറിക്കാരിൽ ബോധവത്കരണവും നിരീക്ഷണവുമായി വോളണ്ടിയർമാർ. ചെക്ക് പോസ്റ്റുകളിൽ കർശനമായ  പരിശോധനകൾ ഉണ്ടെങ്കിൽ പോലും മാർക്കറ്റുകളിൽ ചരക്കുമായി എത്തുന്ന ലോറി ജീവനക്കാരെ നിരീക്ഷിക്കാനാണ് വോളണ്ടിയർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുള്ളത്.

ലോക് ഡൗൺ പ്രഖ്യാപിച്ച സന്ദർഭത്തിൽ അവശ്യ സാധനങ്ങളുമായി എത്തുന്ന ലോറി ജീവനക്കാരുടെ വിവര ശേഖരണവും മറ്റും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡാറ്റ ട്രക്കർ സർവ്വേ ലൈനിൽ ശേഖരിക്കുകയും തുടർന്ന് വിവിധ ഭാഷകളിൽ പരിജ്ഞാനമുള്ള എൻ എച്ച് എം പിആർഓ മാർ, ലിസ് ഇന്ത്യ വോളണ്ടിയർമാർ തുടങ്ങിയവർ ലോറി ഡ്രൈവർമാരും ക്ലീനർമാരുമായി ആശയവിനിമയം നടത്തി അവർക്ക് വേണ്ടുന്ന നിർദേശങ്ങളും മുൻകരുതലുകളും സഹായങ്ങളും ഉറപ്പുവരുത്തിയിരുന്നു.

ലോക് ഡൗൺ നിയന്ത്രങ്ങളിൽ ഇളവ് വന്നതിനെത്തുടർന്ന് ഡാറ്റ ട്രക്കർ സർവ്വേ ലൈൻ പ്രവർത്തനം ഒഴിവാക്കിയെങ്കിലുംഎൻ എച്ച് എം വോളണ്ടിയർമാർ ജാഗ്രത തുടരുന്നുണ്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ഇതര സംസ്ഥാനക്കാരായ ലോറി ജീവനക്കാർക്കിടയിൽ എച്ച് ഐ വി ബോധവത്കരണവും  അനുബന്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ് പ്രോജക്ട് വോളണ്ടിയർമാരും ഈ  സേവനങ്ങളിൽ സജീവമായി പങ്കാളികളായിരുന്നു.

ഇപ്പോൾ  ഇവർ തുടർ പ്രവർത്തനങ്ങളിലുമാണ്. ഇവർക്കാവശ്യമായ ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഐഎംഎ മെഡിക്കൽ ഓഫീസർ (കോവിഡ്-19 ) ഡോ എം ഐ ജുനൈദ്  റഹ്‌മാൻ എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി ടെക്നിക്കൽ എക്സ്പെർട്ട്‍ ഡോ പ്രവീൺ ജി പൈക്ക്  കൈമാറി. സാൻജോ  എ ജെ , അനൂപ് ടി ഉണ്ണികൃഷ്ണൻ, സത്യൻ പി  തുടങ്ങിയവർ സന്നിഹിതരായിരുന്നു.    ഡോ  സജിത്ത് ജോൺ,   സവിത ഷേണായ് ,  ഡോ  ലിസി ജോസ് എന്നിവർ നേതൃത്വം നൽകി.

you may also like this video;