ലീഗിന്റെ കള്ളവോട്ട്

Web Desk
Posted on May 03, 2019, 10:58 pm

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. കള്ളവോട്ടിന് പ്രേരിപ്പിച്ച കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെതിരെ കേസും മറ്റു നിയമ നടപടിയും സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69, 70 ബൂത്തുകളിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത്. മാടായി പുതിയങ്ങാടി സ്വദേശികളായ മുഹമ്മദ് ഫായിസ്, കെ എം ഹാഷിഖ്, അബ്ദുല്‍ സമദ്, കെ എം മുഹമ്മദ് എന്നിവരാണ് ഒന്നിലേറെ തവണ വോട്ടുചെയ്തതെന്ന് തിരിച്ചറിഞ്ഞു.
ഈ ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും എല്‍ഡിഎഫ് ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലും തെളിവെടുപ്പിലും ലീഗ് പ്രവര്‍ത്തകര്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്തതായി കണ്ടെത്തിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാലുപേര്‍ 69, 70 ബൂത്തുകളില്‍ പല തവണ കയറിയതായി കണ്ടെത്തി. സെക്ടറല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും സഹായത്തോടെയാണ് കള്ളവോട്ട് ചെയ്തവരെ തിരിച്ചറിഞ്ഞത്. മുഹമ്മദ് ഫായിസ് ഏപ്രില്‍ 23ന് വൈകുന്നേരം 4.10ന് ബൂത്ത് 70ല്‍ പ്രവേശിച്ച് 4.16ന് വോട്ട് ചെയ്തായി കണ്ടെത്തി. തുടര്‍ന്ന് ബൂത്ത് 69ല്‍ 4.30 ഓടെ എത്തി, 4.44ന് അവിടെയും വോട്ട് ചെയ്തു. അബ്ദുല്‍ സമദ് ബൂത്ത് 69ല്‍ വൈകിട്ട് 4.38ന് എത്തി4.47 ന് വോട്ട് ചെയ്തു. അതേബൂത്തില്‍ 5.27 ഓടെ വീണ്ടും മറ്റൊരു വോട്ടും ചെയ്തു. കെ എം മുഹമ്മദ് ബൂത്ത് 69ല്‍ 4.05ന് പ്രവേശിച്ച് 4.08ന് ആദ്യ വോട്ട് ചെയ്തശേഷം 4.15ന് വീണ്ടുമെത്തി വോട്ട് ചെയ്തു. 5.26 ന് മൂന്നാമതും ഇതേ ബൂത്തിലെത്തിയ ഇയാള്‍ 5.28ന് വീണ്ടും വോട്ടുചെയ്തു. ഇതിലൊന്ന് ഓപ്പണ്‍ വോട്ടാണെന്നാണ് ഇയാള്‍ തെളിവെടുപ്പില്‍ പറഞ്ഞത്. അടുത്ത വോട്ട് ഗള്‍ഫിലുള്ള സക്കീര്‍ എന്നയാള്‍ക്ക് വേണ്ടി ചെയ്തതാണെന്ന് ആദ്യം കളക്ടര്‍ക്ക് മൊഴി നല്‍കിയ മുഹമ്മദ്, പിന്നീട് മടങ്ങി എത്തി അത് കള്ളവോട്ടായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവായ ബൂത്ത് ഏജന്റാണ് കള്ള വോട്ട് ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് കളക്ടര്‍ക്ക് മൊഴി നല്‍കിയതായും ടീക്കറാം മീണ പറഞ്ഞു.
69-ാം നമ്പര്‍ ബൂത്തില്‍ 4.59ന് എത്തിയ കെ എം ഹാഷിഖ് തിരികെ പോയി. പിന്നീട് വീണ്ടും ബൂത്തില്‍ പ്രവേശിച്ച് ഫസ്റ്റ് പോളിംഗ് ഓഫീസറുടെ സമീപം എത്തിയെങ്കിലും 5.11 വരെ വോട്ട് ചെയ്തില്ല. വീണ്ടും 5.12ന് ബൂത്തില്‍ കയറിയാണ് പോളിംഗ് ഓഫീസര്‍ മുമ്പാകെ രജിസ്റ്റര്‍ ഒപ്പിട്ട് 5.14 ഓടെ വോട്ട് ചെയ്തത്. ഹാഷിഖ് കള്ളവോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും ചില സംശയങ്ങളുള്ളതിനാല്‍ ഇതിനെപറ്റി വ്യക്തത വരുത്താന്‍ വീണ്ടും അന്വേഷിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ടിക്കാറാം മീണ പറഞ്ഞു. മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രണ്ട് ബൂത്തുകളും. മാടായി പുതിയങ്ങാടി സ്വദേശികളായ ഇവര്‍ക്കെതിരെ സെക്ഷന്‍ 171 സി, ഡി, എഫ് വകുപ്പുകള്‍ പ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കാനാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെങ്കില്‍ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിന് ശേഷം ഗള്‍ഫില്‍ പോയ അബ്ദുള്‍ സമദിനെതിരെ സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അയാള്‍ ഹാജരായിട്ടില്ല. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിച്ചതായും ടീക്കാറാം മീണ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്നു നൂറുകണക്കിനു പേരുകള്‍ അനധികൃതമായി മാറ്റിയെന്ന പരാതി പരിശോധിച്ചു നടപടിയെടുക്കുമെന്ന് ചോദ്യത്തിന് മറുപടിയായി ടീക്കാറാം മീണ പറഞ്ഞു. ബോധപൂര്‍വം ഒഴിവാക്കിയതാണെന്നു കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതേസമയം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ള പലരും പട്ടികയുടെ പരിശോധനയില്‍ പങ്കെടുക്കാത്തതാണ് പേര് ഒഴിവാകാനുള്ള കാരണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

തളിപ്പറമ്പില്‍ കള്ളവോട്ട് ചെയ്ത ലീഗുകാരുടെ മൊഴിയെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ മയ്യില്‍ പാമ്പുരുത്തിയില്‍ 166-ാം ബൂത്തായ പാമ്പുരുത്തി എയുപി സ്‌കൂളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ കളക്ടര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് മൊഴിയെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥി, കെ സുധാകരന്റെ ബൂത്ത് ഏജന്റ് സി കെ മുഹമ്മദ് കുഞ്ഞി, എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റ് വി കെ സഫീര്‍, ബിഎല്‍ഒ ഹനീഫ്, പാമ്പുരുത്തി പ്രിസൈഡിങ് ഓഫീസര്‍, ക്യാമറാമാന്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്.
ലീഗ് പ്രവര്‍ത്തകരായ കെ അനസ്, എം മുബഷീര്‍, സാദിഖ്, മുസ്തഫ, മര്‍ഷാദ് എന്നിവര്‍ പ്രവാസികളുടെ വോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രവാസികളുടെ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അനസ് വേഷം മാറിവന്ന് നാല് വോട്ട് ചെയ്യുന്നതും മുബഷീര്‍, സാദിഖ് എന്നിവര്‍ മൂന്ന് വോട്ടുവീതം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളിലുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിട്ടുള്ളത്. ലീഗുകാര്‍ കള്ളവോട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ആയിരുന്ന സഫീര്‍ മൊഴി നല്‍കി. പോളിംഗ് ആരംഭിച്ച സമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പിന്നീട് കള്ളവോട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട് പ്രതികരിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ പൊലീസ് എത്തിയത്.
കള്ളവോട്ടാണ് ചെയ്തതെന്ന് പ്രിസൈഡിങ് ഓഫീസറോട് പറഞ്ഞെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ നടപടിയെടുക്കാനോ ഇവരെ പൊലീസില്‍ ഏല്‍പ്പിക്കാനോ തയാറായില്ല. പൊലീസ് സഹായത്തോടെയാണ് വൈകുന്നേരം ബൂത്തില്‍ നിന്ന് പുറത്ത് പോയതെന്നും സഫീര്‍ പറഞ്ഞു. 28 പ്രവാസികളില്‍ ഇപ്പോള്‍ നാട്ടിലുള്ള നാലു പേര്‍ സ്ഥലത്തെത്തി വോട്ട് ചെയ്തതിനാല്‍ ഇവരുടെ പേരുകള്‍ ഒഴിവാക്കി പുതിയ ലിസ്റ്റ് ഇന്നലെ കളക്ടര്‍ക്ക് കൈമാറി. പാമ്പുരുത്തി യുപി സ്‌കൂളില്‍ വെബ്കാസ്റ്റിങ് ഇല്ലാത്തതിനാല്‍ സ്വകാര്യ ക്യാമറാമാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം കളക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.