18 April 2024, Thursday

Related news

November 30, 2023
June 29, 2023
June 29, 2023
June 13, 2023
May 22, 2023
May 21, 2023
January 15, 2023
January 9, 2023
January 5, 2023
December 4, 2022

തലസ്ഥാനത്ത് നിന്നും റഷ്യയിലേക്കൊരു വോട്ട്!

മനു അഖില
തിരുവനന്തപുരം
September 12, 2021 9:29 pm

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടൊക്കെ കഴിഞ്ഞ ഏപ്രിലില്‍ തന്നെ അവസാനിച്ചുവെങ്കിലും തിരുവനന്തപുരം ഇന്നലെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയും വോട്ട് ചെയ്തു. പക്ഷേ മലയാളികളല്ല, കേരളത്തിലുള്ള റഷ്യൻ പൗരൻമാരാണ് വോട്ടർമാരെന്ന് മാത്രം. പോളിങ് സ്റ്റേഷനോ വാൻറോസ് ജങ്ഷനിലെ റഷ്യൻ കോൺസുലേറ്റ് ഓഫീസും.

രാവിലെ 11 മണിയോടെ ബൂത്തും ബാലറ്റ് പെട്ടിയുമെല്ലാം സജ്ജമായി. 30 പേര്‍ വോട്ട് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് മൂലമുള്ള അസൗകര്യങ്ങളില്‍ വോട്ടവകാശം വിനിയോഗിച്ചവരുടെ എണ്ണം 15 ആയി ചുരുങ്ങുകയായിരുന്നു. വോട്ട് ചെയ്ത 15 പേരും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. 

സാധാരണ കാണാറുള്ള ബാലറ്റില്‍ നിന്നും വ്യത്യസ്തമായി മോണോഗ്രാം പതിച്ചതും നീളത്തിലുള്ളതുമായിരുന്നു ബാലറ്റുകള്‍. പാസ്പോർട്ടാണ് തിരിച്ചറിയൽ രേഖ. എന്നാല്‍ വോട്ട് ചെയ്തവരുടെ കയ്യില്‍ മഷി പുരട്ടുന്ന രീതി ഇവിടെയില്ല. ചെന്നൈയില്‍ നിന്നുള്ള റഷ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സെര്‍ഗിയെ ലഗൂട്ടിന്‍, വൈസ് കോണ്‍സല്‍ അലക്സെ ടറാസോവ് എന്നിവരായിരുന്നു വരണാധികാരികള്‍. മറുനാട്ടില്‍ കന്നി വോട്ടിടാന്‍ വന്നവരുള്‍പ്പടെയുള്ളവരിലും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൗതുകമുണര്‍ത്തി.

തിരുവനന്തപുരത്ത് ഇത് നാലാം തവണയാണ് റഷ്യന്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. തിരുവനന്തപുരത്തിന് പുറമേ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, കൂടംകുളം, പോണ്ടിച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പുണ്ട്. പിന്നീട് ബാലറ്റുകള്‍ മോസ്കോയിലേക്ക് എത്തിക്കും. 17,18,19 തീയതികളിലാണ് റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. റഷ്യയിലെ ബാലറ്റ് എണ്ണുന്നതിനൊപ്പം ഈ ബാലറ്റുകളും എണ്ണുമെന്ന് തിരുവനന്തപുരത്തെ റഷ്യൻ കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ പറഞ്ഞു. റഷ്യന്‍ ഹൗസ് അസിസ്റ്റന്റ് ഡയറക്ടര്‍ കവിതാ നായരും തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

റഷ്യൻ പാർലമെന്റായ ദുമയിലെ 450 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണിപ്പോൾ നടക്കുന്നത്. ഇതിൽ മണ്ഡല അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പകുതി സീറ്റിൽ റഷ്യയിലുള്ളവർക്കു മാത്രമാണ് വോട്ടവകാശം. ബാക്കി 225 സീറ്റിൽ ദേശീയ അംഗീകാരമുള്ള 14 പാർട്ടികളാണ് മത്സരിക്കുന്നത്. റഷ്യൻ ഭാഷയിലുള്ള ബാലറ്റിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയുടെ ചിഹ്നം കരടിയാണ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമാണ് മുഖ്യ പ്രതിപക്ഷ കക്ഷികൾ.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി…

കേരള സര്‍ക്കാരിനോട് മറിയ ബോറിസോവയ്ക്ക് ഒരു കാര്യം പറയാനുണ്ട് “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി…” റഷ്യന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയ മറിയയോട് കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് മറുപടിയാണ് പ്രതികരണം. 

“കേരള സര്‍ക്കാരിനെക്കുറിച്ച് പൊതുവേ നല്ല അഭിപ്രായമാണ്. കേരളം ഒരുപാട് ഇഷ്ടപ്പെടുന്നു. മൂന്ന് വര്‍ഷമായി വര്‍ക്കലയിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് നന്ദു മലയാളിയാണ്, ഷെഫായി ജോലി ചെയ്യുന്നു. മറുനാട്ടിലെ കന്നിവോട്ടാണിത്. അതിന്റേതായ ആകാംക്ഷയുണ്ടെന്നും മറിയ അഭിപ്രായപ്പെട്ടു. 

ആറ് വര്‍ഷമായി കോവളത്ത് താമസിക്കുന്ന സോഫിയ രണ്ടാം തവണയാണ് വോട്ട് ചെയ്തത്. കേരളത്തിലെ നല്ല കാലാവസ്ഥ, മികച്ച ജീവിത സാഹചര്യം എന്നിവയെല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് സോഫിയയും പറയുന്നു. 

Eng­lish Sum­ma­ry : Vote from Trivan­drum to Rus­sia by russ­ian national

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.