November 26, 2022 Saturday

വോട്ട് വിശേഷം 2020: 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നും ചില കൗതുകകരമായ വസ്തുതകൾ…

മൃദുൽ എം മഹേഷ്
December 22, 2020 1:03 am

മൃദുൽ എം മഹേഷ്

1. കൊട്ടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ ഒറ്റപ്ലാവിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സ്വർണമ്മ വിപിൻചന്ദ്രൻ. മത്സരാർത്ഥി എന്നതിലുപരി കേരളത്തിലെ ഒരു പ്രത്യേക പദവി അലങ്കരിക്കുന്ന ആദ്യത്തെ വനിത എന്ന ഖ്യാതിയും ഇവർക്കാണ്. ഏതു പദവി അലങ്കരിച്ച കേരളത്തിലെ ആദ്യ വനിതയാണ് ഇവർ?

2. ചിത്രത്തിൽ കാണുന്ന വനിത 2020 ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക റെക്കോഡ് നേടിയിരുന്നു. ആരാണ്? എന്തായിരുന്നു ആ റെക്കോഡ്?

3. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് പഞ്ചായത്ത് എന്നറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്താണ്. എട്ടു വർഷം മുൻപ് തുടങ്ങിയ ഈ പാർട്ടി 2015 ലാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. ഈ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്ത് കൂടാതെ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ കൂടി ഇവർ വിജയം നേടി. ഏതാണ് ഈ പാർട്ടി? എന്താണ് അവരുടെ ഔദ്യോഗിക ചിഹ്നം?

4. പേരിലെ പുതുമകൊണ്ട് ശ്രദ്ധേയനായിരുന്ന ഈ വ്യക്തിയുടെ അച്ഛനായ ടി വി രാമദാസ് അടിയന്തരാവസ്ഥ കാലത്ത് ഒരുവർഷത്തോളം ജയിലിൽ കിടന്നതിന്റെ സ്മരണയ്ക്ക് മോചിതമായ വർഷവും തന്റെ ആരാധന പാത്രമായ രാഷ്ട്രീയ പ്രവർത്തകന്റെ പേരും ചേർത്താണ് മകന് പേര് നൽകിയത്. കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ഈ വ്യക്തിയാര്?

5. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം മതിലിൽ ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായ വനിതയാണ് ചിത്രത്തിൽ. അവരുടെ പേരിലെ വ്യത്യസ്തതയും കൗതുകവുമാണ് സ്ഥാനാർത്ഥിത്വത്തിലേക്കു വഴിവെച്ചത്. 2020 ൽ നമുക്ക് സുപരി­ചിതമായ എന്താണ് ഇവരുടെ പേര്?

6.വളപട്ടണം പന്ത്രണ്ടാം വാർഡിലെ പ്രതികരണവേദി സ്ഥാനാർത്ഥിയായ മുഹമ്മദലി ഇലക്ഷൻ കമ്മിഷനോട് “അടിച്ചമർത്തപ്പെട്ടവന്റെ പ്രതീകം” എന്ന നിലയിൽ ഈ ചിഹ്നം ആവശ്യപ്പെട്ടെങ്കിലും ആവശ്യം നിരസിച്ചത് കൊണ്ട് അദ്ദേഹം പത്രിക പിൻവലിക്കുകയും ചെയ്തിരുന്നു. എന്തായിരുന്നു വ്യത്യസ്തമാർന്ന ആ ചിഹ്നം?

ഉത്തരങ്ങൾ

1. കേരളത്തിലെ ആദ്യത്തെ വനിത ഡിവൈഎസ്‌പി. പിഎസ്‌സി വഴി പൊലീസ് സേനയിലെത്തിയ ആദ്യ വനിതാ ബാച്ചിലെ അംഗമായ സ്വർണ്ണമ്മ 28 വർഷത്തെ പൊലീസ് സേവനത്തിന് ശേഷം ഒന്നര വർഷം മുൻപാണ് വിരമിച്ചത്.

2. രേഷ്മ മരിയം റോയ്, കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി

പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ഊട്ടുപാറയിൽനിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജനവിധിതേടിയ രേഷ്മ മരിയം റോയ് യുഡിഎഫ് സ്ഥാനാർത്ഥി സുജാത മോഹനെയാണ് തോൽപ്പിച്ചത്. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് തൊട്ടുമുൻപ് നവംബർ 18നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.

3. ട്വന്റി 20, മാങ്ങ

കിഴക്കമ്പലം പഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 ക്ക് രൂപം നൽകിയത്. 2013ലാണ് ട്വന്റി 20 ചാരിറ്റബിൾ സൊസൈറ്റി രൂപവൽകരിക്കുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയർമാൻ സാബു എം. ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്.

4. ജെ പി 77

അച്ഛൻ ടി വി രാമദാസിന്റെ ആരാധന പാത്രമായിരുന്ന മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ചുരുക്കപ്പേരായ ജെ പി യും 1977 ലെ 77 എന്നതും ചേർന്നതാണ് ഈ പേര്. “ലോക്­നായക്” എന്നറിയപ്പെടുന്ന ജയപ്രകാശ് നാരായണന്റെ കൃതിയാണ് പ്രിസൺ ഡയറി.

5. കൊറോണ തോമസ്

കൊറോണ മഹാമാരിയെ അതിജീവിക്കുകയാണല്ലോ നാം! അതുകൊണ്ട് തന്നെ കൊറോണ എന്ന സ്ഥാനാർഥി വോട്ട് ചോദിക്കാൻ വന്നതിലെ കൗതുകം കൊല്ലം മതിലിൽ വാസികൾക്കുണ്ട്. കൊറോണ എന്ന പേരിനർത്ഥം ലാറ്റിൻ ഭാഷയിൽ കിരീടം എന്നതാണ്. ക്രൈസ്തവ വിശ്വാസപ്രകാരം ചൂതാട്ടക്കാരുടെയും നിധി വേട്ടക്കാരുടെയും വിശുദ്ധയായി കണക്കാക്കപ്പെടുന്നത് സെന്റ് കൊറോണയെയാണ്.

6. പൊറോട്ട

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ലേഡീസ് ആന്റ് ജെന്റിൽമാൻ ഓൾ വെൽക്കം’ എന്ന പാർട്ടിയ്ക്ക് വേണ്ടി മലപ്പുറത്തെ ആലി ഹാജിയും ഈ ചിഹ്നത്തിനായി അപേക്ഷിച്ചിരുന്നു. അന്നും ഇലക്ഷൻ കമ്മിഷൻ ഈ ചിഹ്നം അനുവദിച്ചു നൽകിയിരുന്നില്ല.

Eng­lish Sum­ma­ry: Vote High­lights 2020: Some Inter­est­ing Facts from the Local Elec­tions 2020 . .

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.