കടലാസ് ബാലറ്റും വോട്ടിംഗ് യന്ത്രവും ഇല്ലാതെ വോട്ടു ചെയ്യുമ്പോള്‍

Web Desk
Posted on May 14, 2019, 10:41 pm

അഡ്വ. വി മോഹന്‍ദാസ്

മുംബൈയിലെ ഒരു വിവരാവകാശ പ്രവര്‍ത്തകന് ലഭിച്ച മറുപടി അതീവ സ്‌തോഭജനകമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷം വോട്ടിംഗ് മെഷീന്‍ എവിടെയെന്നറിയില്ലപോലും. ഒറ്റയെണ്ണംപോലും കേടായതിന്റെ പേരില്‍ നശിപ്പിക്കുകയോ, വാങ്ങിയിടത്തേക്ക് മടക്കി നല്‍കുകയോ ചെയ്തിട്ടുമില്ലെന്നും അതേ മറുപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടുതാനും.
ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഭെല്‍ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമാണ് കമ്മിഷന്‍ വോട്ടിംഗ് യന്ത്രം വാങ്ങിയിട്ടുള്ളത്. 2015 ല്‍ ഭെല്ലില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയത് കേവലം 2070 മെഷീനുകളാണെന്ന് അവര്‍ പറയുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ലഭ്യമായതായി അവര്‍ പറയുന്ന കണക്ക് 36,000ത്തിലധികമാണ്. അതേ വര്‍ഷം അടുത്ത സ്ഥാപനം 62,183 വോട്ടിംഗ് യന്ത്രം നല്‍കിയിട്ടുണ്ടെന്ന് വിവരാവകാശത്തിനുള്ള മറുപടിയില്‍ വ്യക്തമാകുമ്പോള്‍ കമ്മിഷന്റെ കണക്കു പ്രകാരം ഒറ്റ യന്ത്രംപോലും ആ വര്‍ഷം വാങ്ങിയിട്ടില്ലെന്നാണ്.
അപ്പോള്‍ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. കൂടുതലായി വാങ്ങിയ വോട്ടിംഗ് യന്ത്രങ്ങള്‍ എവിടെ നിന്നും ആരില്‍നിന്നും? നിര്‍മ്മാണ കമ്പിനി തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയെന്നു പറയുന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൈവശം ലഭിച്ചതുമായ 20 ലക്ഷം വോട്ടിംഗ് മെഷീന്‍ മറ്റെവിടെയോ ഉണ്ടെന്നാണ്. അതെല്ലാം ആരെങ്കിലും ഉപയോഗിക്കുന്നില്ലെന്ന് എന്തുറപ്പാണ്?. എങ്കില്‍ അത് ആരാണ്? എവിടെയാണ്?
ഒപ്പം കൂട്ടി വായിക്കേണ്ട മറ്റൊന്ന്; തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും മെഷീന്‍ വാങ്ങിയ വകയില്‍ രണ്ടു കമ്പനികള്‍ക്കുമായി കിട്ടിയ തുകയുടെ കണക്കിലെ വ്യത്യാസമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും കൊടുത്തിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ 116.55 കോടി രൂപ കമ്മീഷനില്‍നിന്നുള്ള വരവ് കമ്പനിയുടെ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ തുക ആര് കൊടുത്തു. എന്തിന് കൊടുത്തു. കാണാനില്ലെന്ന് പറയുന്ന 20 ലക്ഷം മെഷീനും 116 കോടി രൂപയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?.

വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത?

വോട്ടിംഗ് യന്ത്രങ്ങളെ സംബന്ധിച്ച് ഇത്രയേറെ തര്‍ക്കങ്ങളും അവിശ്വാസവും ഉയര്‍ന്ന മറ്റൊരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല. വിശ്വാസം വര്‍ധിപ്പിക്കാനും ഉറപ്പു വരുത്താനും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി തിട്ടപ്പെടുത്തിയശേഷമേ ഫലം പ്രഖ്യാപിക്കാവു എന്നതാണ് ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളും കൂട്ടായി ആവശ്യപ്പെട്ടതും സുപ്രീംകോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചതും. അതിന്റെ ആവശ്യമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരും. എന്നാല്‍ നീതിപീഠം ഇടനിലനിന്ന് ഒടുവില്‍ 5 ശതമാനം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 4 + 3 = 7 എന്നല്ലാതെ 5 ശതമാനം വ്യത്യാസം വരുന്നതെങ്ങനെയെന്ന് സുപ്രീംകോടതിയും ചിന്തിച്ചിട്ടുണ്ടാവില്ല. ഒന്നുകില്‍ എല്ലാം എണ്ണി തീര്‍ക്കുക. അല്ലെങ്കില്‍ യന്ത്രത്തെ വിശ്വസിക്കുക. അഞ്ച് ശതമാനം മാത്രം എണ്ണുകയും അതിലെവിടെയെങ്കിലും യാദൃച്ഛികമായി സാങ്കേതിക തകരാറുമൂലം വ്യത്യാസം ശ്രദ്ധിക്കപ്പെടുകയും ചെയ്താല്‍ പിന്നെ ഇന്ത്യയിലാകെയുള്ള തെരഞ്ഞെടുപ്പ്‌വീണ്ടും നടത്തേണ്ടി വരികയില്ലേ?.
5 ശതമാനം എണ്ണിയാല്‍പ്പോരാ 50 ശതമാനമെങ്കിലും എണ്ണിത്തിട്ടപ്പെടുത്തണമെന്ന ആവശ്യമാണ് വീണ്ടും സുപ്രീം കോടതി മുമ്പാകെ ഉന്നയിച്ചത്. കോടതി ആവശ്യം നിരസിക്കുകയും ചെയ്തു. ഇക്കണ്ട പണമെല്ലാം മുടക്കി യന്ത്രം വാങ്ങിക്കൂട്ടിയിട്ട് 100 ശതമാനം സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണമെന്നാണെങ്കില്‍ അതിനേക്കാള്‍ ഭേദം പേപ്പര്‍ ബാലറ്റിലേക്ക് തന്നെ മടങ്ങിപ്പോവുകയല്ലേ ഉത്തമം?. ലോകത്തെ വിവിധ രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍ നിന്നും കടലാസ് ബാലറ്റിലേക്ക് മാറി കഴിഞ്ഞ് സാഹചര്യത്തില്‍

ഭരണകൂടത്തിന്റെ സാധ്യതകള്‍?

ഓരോ സംസ്ഥാനത്തും ഉപയോഗിക്കുന്ന യന്ത്രങ്ങളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാങ്ങിയതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയതും ഉണ്ടാകാം. ഒരു സംസ്ഥാനത്തെ യന്ത്രം മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോകുന്നതിന്റെ ഒരുവിധ കണക്കും എവിടെയും സൂക്ഷിക്കുന്നില്ല. സൂക്ഷിച്ചാല്‍ തന്നെ അതൊന്നും കൃത്യമായ പരിശോധനയ്ക്കും ആഡിറ്റിനും വിധേയമാക്കുന്നില്ലെന്ന് വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ നിന്നും വ്യക്തമായതായി ഈ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.
ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് എത്തുന്നതിന് മുന്‍പ് ഈ യന്ത്രങ്ങള്‍ ആസൂത്രിതമായി മുന്‍കൂട്ടി പ്രോഗ്രം ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാനാവുന്ന ഒരു രേഖയും നിലവിലില്ല. ഒരു മോക്ക് പോളിലും കണ്ടെത്താനാവാത്ത വണ്ണം പ്രോഗ്രാം ചെയ്യാനാവില്ലെന്നാണ് പറയുന്നതെങ്കില്‍ വോട്ടിംഗ് യന്ത്രം നേരാംവണ്ണം പ്രോഗ്രാം ചെയ്യാന്‍ കഴിയില്ലെന്ന് സമ്മതിക്കലാവും.

പ്രതീക്ഷിക്കാവുന്ന ന്യൂനതകള്‍

വോട്ടിംഗ് യന്ത്രം പ്രവര്‍ത്തിക്കുന്നത് ബാറ്ററിയിലാണ്. ബാറ്ററി ചാര്‍ജിന്റെ വ്യത്യാസം യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിലും അപ്രതീക്ഷിത വ്യത്യാസം സൃഷ്ടിക്കും. അതീവ സൂക്ഷ്മവും സമ്മിശ്രവും സാങ്കേതിക വൈവിദ്ധ്യവുമുള്ള ഒരു യന്ത്രം ഓരോരുത്തരുടെയും മനസ്സ് രേഖപ്പെടുത്തുമ്പോള്‍ അത്രയേറെ സുരക്ഷിതമാണെന്ന് പറയാനാകുമോ.
യന്ത്രതകരാര്‍ എല്ലാ പ്രതീക്ഷകള്‍ക്കും അതീതമാണ്. ചില ന്യൂ ജനറേഷന്‍ വാഹനം അപ്രതീക്ഷിതമായി കാണിക്കുന്ന തകരാറുകള്‍ അതിന്റെ അംഗീകൃത ഡീലര്‍ക്കോ, വാഹനം ഉണ്ടാക്കുന്നിടത്തോ പോലും ശരിയാക്കാനാവാത്തവിധം കഷ്ടപ്പെടുന്നത് എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. ചിലപ്പോഴുണ്ടാകുന്ന താപനിലയിലെ വ്യത്യാസംപോലും യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.ബ്രോയിലര്‍ കോഴിയെപ്പോലെ നിശ്ചിത ഊഷ്മാവില്‍ മാത്രം സുരക്ഷിതമായിരിക്കുന്ന ഒന്നാണ് വോട്ടിംഗ് യന്ത്രമെന്നത് തന്നെ അതിന്റെ ഏറ്റവും വലിയ ന്യൂനതയാണ്. ചാറ്റല്‍ മഴ കാരണമാകാം വോട്ട് കുത്തിയതില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു ചിഹ്‌നം വിവിപാറ്റില്‍ തെളിയാനിടയായതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടി ആര്‍ മീണ പറഞ്ഞത് കേവലം തടിതപ്പാന്‍ വേണ്ടി മാത്രമല്ല. ചെറിയ നനവ്‌പോലും താങ്ങാനാവില്ല ഇവയ്‌ക്കൊന്നും.
ജാക്ക് ചെയ്യാനും ഹൈജാക്ക് ചെയ്യാനും ജാം ആക്കാനും അതുവഴി കമ്പ്യൂട്ടറിനുള്ളിലേക്ക് കടക്കാനും വഴി എന്തെല്ലാമെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് പോലും ഉറപ്പില്ലെന്നതാണ് സത്യം.
വോട്ടിംഗ് യന്ത്രം ആദ്യ കാലങ്ങളില്‍ വിശ്വസനീയമായിരുന്നു.കാരണം അതിന്‍മേലുള്ള തിരിമറികളുടെയും പഴുതുകളുടെയും അനന്തസാധ്യതകള്‍ കണ്ടെത്താന്‍ സമയം വേണമല്ലോ. ആദ്യം ആദ്യം അതുസാവധാനത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് അപ്പപ്പോള്‍ തന്നെ കണ്ടെത്താനാകുന്നു. അതിനുമപ്പുറം യന്ത്രം ഉണ്ടാക്കുന്നവര്‍ തന്നെയോ ഉണ്ടാക്കുന്നിടത്തു തന്നെയോ അതില്‍ വേണ്ട ക്രമീകരണം അഥവാ പ്രോഗ്രാം നടത്താനാകുമെന്നനിലയിലെത്തി.
അന്‍പതോ, നൂറോ മോക്ക്‌പോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വരുന്ന ഓരോ അന്‍പത് വോട്ടു കഴിയുമ്പോള്‍ വരുന്ന ഒന്നോ രണ്ടോ വോട്ട് എവിടെ അമര്‍ത്തിയാലും മുന്‍കൂട്ടി ക്രമീകരിച്ച പ്രോഗാം ചെയ്ത നമ്പരിലെത്താന്‍ പ്രയാസമുണ്ടാകില്ല! അങ്ങനെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്യണം.
ഇനിയും വിവിപാറ്റില്‍ തെളിഞ്ഞതുതന്നെ കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടാകണമെന്നില്ല. അതിനും മുന്‍കൂട്ടി ക്രമീകരിക്കാന്‍ കമ്പ്യൂട്ടര്‍ ടെക്‌നോളജിയുടെ ബാലപാഠം കഴിഞ്ഞവര്‍ക്കാകുമെന്നുവേണം കരുതാന്‍. വിവിപാറ്റിലേക്കും കണ്‍ട്രോള്‍ യൂണിറ്റിലേക്കും രണ്ടുതരം സിഗ്നല്‍ പോകാനാകുംവിധം പ്രോഗ്രാമിംഗ് ചെയ്യാന്‍ എന്ത് പ്രയാസം?. അങ്ങനെ ചെയ്താല്‍ വിവിപാറ്റില്‍ തെളിയുന്ന ചിഹ്നത്തിലല്ലാതെ വോട്ട് മറ്റൊരു ചിഹ്നത്തിലേക്ക് പ്രോഗ്രാം ചെയ്യുന്ന പ്രകാരം മാറി പോകുക തന്നെ ചെയ്യും.
ഇത്തരമൊരു സാഹചര്യത്തില്‍ വിവിപാറ്റ് സ്ലിപ്പില്‍ നിന്നും 50 ശതമാനം എണ്ണി തിട്ടപ്പെടുത്തിയിട്ടു വേണം ഫലപ്രഖ്യാപനമെന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. 50 ശതമാനം എണ്ണാമെങ്കില്‍ 100 ശതമാനം എണ്ണുന്നതുവരെ കാത്തിരുന്നുകൂടേ?. 100 ശതമാനവും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുകയാണെങ്കില്‍ പിന്നെ വോട്ടു മുഴുവന്‍ യന്ത്രത്തില്‍ തന്നെ വേണമെന്ന് വാശി പിടിക്കുന്നതെന്തിന്? പേപ്പര്‍ ബാലറ്റ് തന്നെയാവും ഉത്തമം.