August 9, 2022 Tuesday

ആധാർ ബന്ധനത്തിന് അറുതിയില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2020 10:56 pm

ആധാറിനെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കാന്‍ ആവശ്യമായ നിയമ ഭേദഗതികള്‍ക്ക് കേന്ദ്ര നിയമ മന്ത്രാലയം നടപടികള്‍ തുടങ്ങി. അതേസമയം വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാനാകാത്ത സ്ഥിതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ. തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ് രേഖകള്‍ സമര്‍പ്പിക്കണമെന്നും നിലവില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരുടെ ആധാറിന്റെ വിവരങ്ങള്‍കൂടി തെരഞ്ഞെടുപ്പു കമ്മിഷന് നല്‍കണമെന്നുമാണ് മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം. വോട്ടര്‍ പട്ടികയിലെ വ്യാജന്മാരെ ഒഴിവാക്കുന്നതിനൊപ്പം എവിടെനിന്നും തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനും ഇതുപകരിക്കും എന്നാണ് പുതിയ നീക്കത്തിന്റെ പ്രത്യേകത. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. ഗാര്‍ഹിക കുടിയേറ്റ തൊഴിലാളികളെ രാജ്യത്ത് എവിടെ നിന്നും വോട്ടുചെയ്യാന്‍ അനുവദിക്കാനുള്ള വോട്ടെടുപ്പ് പാനലിന്റെ പദ്ധതിക്കും ഇത് പ്രധാനമാണെന്ന് കമ്മിഷൻ പറയുന്നു.

അതേസമയം ആധാർ കാർഡ് ഏതെങ്കിലും സാഹചര്യത്തിൽ ലഭിക്കാത്തവർക്കും വിവരങ്ങളിൽ വൈരുധ്യം ഉള്ളവർക്കും വോട്ടിംഗ് അവകാശം നഷ്ടമാകുന്നത് അടക്കമുള്ള നടപടികളാകും നേരിടേണ്ടിവരിക. ലെജിസ്ലേറ്റീസ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചകളിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങള്‍ ഈ ആവശ്യം മുന്നോട്ടു വച്ചതായി തെരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന്‍ മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. അതേസമയം ആധാര്‍ സംബന്ധിച്ച് പൂര്‍ണ്ണമായ അനിശ്ചിതത്വങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. രാജ്യത്തെ മുഴുവന്‍ പൗരന്മാരും ഇനിയും ആധാറിന്റെ പരിധിയില്‍ വന്നിട്ടില്ലെന്നത് മാത്രമല്ല ആധാര്‍ രേഖകളുടെ സുരക്ഷ സംബന്ധിച്ചും ആശങ്കകള്‍ അവസാനിച്ചിട്ടില്ല. ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ചര്‍ച്ചകളില്‍ നിയമ മന്ത്രാലയം മുന്നോട്ടു വച്ചെങ്കിലും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇനിയും വ്യക്തത കൈവരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 2015 ലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മി­ഷൻ ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 32 കോടി ആധാർ കാർഡുകൾ വോട്ടർ ഐഡി കാർഡുകളുമായി ബന്ധിപ്പിച്ചു. പക്ഷേ ആധാർ കേസിൽ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടക്കാല നിർദേശങ്ങൾ പദ്ധതിയുടെ വ്യാപനം അസാധ്യമാക്കി. ഈ നടപടികളാണ് രാജ്യവ്യാപകമായി പുനരാരംഭിക്കുന്നത്.

അതേസമയം ചില ആധാര്‍ കാര്‍ഡുകളില്‍ നേടാന്‍ കൃത്രിമം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ആധാര്‍ കാര്‍ഡുടമകളോടു പൊലീസ് വിശദീകരണം തേടിയതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ യുഐഡിഎഐ വിശദീകരണവുമായി പുറത്തുവന്നു. ആധാര്‍ പൗരത്വ രേഖയല്ലെന്നും പൗരത്വ രേഖയുമായി ആധാറിന് ബന്ധമില്ലെന്നുമാണ് യുഐഡിഎഐ വ്യക്തമാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് 48 മണിക്കൂർ മുൻപ് മാധ്യമങ്ങൾക്കും നിശബ്ദ സമയം ഏർപ്പെടുത്താനുള്ള നിർദേശവും കേന്ദ്രനിയമ മന്ത്രാലയം അംഗീകരിച്ചു. ഇക്കാര്യം ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 126 ന്റെ ഭാഗമാക്കാനാണ് തീരുമാനം. ആകെ 40 തെരഞ്ഞെടുപ്പ് പരിഷ്ക്കരണ നിർദേശങ്ങളാണ് കമ്മിഷൻ നിയമ മന്ത്രാലയത്തിന് മുന്നിൽ വച്ചത്. ഇവയ്‌ക്കെല്ലാം തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകള്‍ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്നുണ്ട്.

Eng­lish Sum­ma­ry: vot­ers id link with adhar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.