Sunday
08 Dec 2019

ഹാക്കര്‍ സയീദ് ഷൂജയുടെ വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചു

By: Web Desk | Wednesday 23 January 2019 10:32 PM IST


vote janayugom

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണമുന്നയിച്ച ഇന്ത്യന്‍-അമേരിക്കന്‍ ഹാക്കര്‍ സയീദ് ഷൂജയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശപ്രകാരം റോയും ഐ ബിയുമാണ് ഇതു സംബന്ധമായ അന്വേഷണം തുടങ്ങിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിക്ക് പുറമെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അന്വേഷണം. ഇപ്പോള്‍ വിദേശത്തുള്ള ഹാക്കറെ ചോദ്യം ചെയ്യാന്‍ ഇന്റര്‍പോളിന്റെയും അമേരിക്കന്‍-ബ്രിട്ടന്‍ സര്‍ക്കാരുകളുടെയും സഹായം ഇന്ത്യ തേടിയതായാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതായി ഹാക്കര്‍ സയീദ് ഷൂജയുടെ ആരോപണം വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കുറഞ്ഞ ആവൃത്തിയിലുള്ള മിലിട്ടറി ഗ്രേഡ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് ഇവിഎമ്മുകളില്‍ കൃത്രിമം നടത്തുന്നത്. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് ഗോപിനാഥ് മുണ്ടേയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ ആരോപിച്ചിരുന്നു.
യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നിട്ടുണ്ട്. റിലയന്‍സ് ജിയോ ആണ് ബിജെപിക്ക് സാങ്കേതിക സഹായം നല്‍കുന്നതെന്നും രാജ്യത്ത് ഒമ്പതിടത്ത് ഇതിനായി സൗകര്യമുണ്ടെന്നും ഷൂജ വെളിപ്പെടുത്തിയിരുന്നു.
തെലങ്കാന ബിജെപി അധ്യക്ഷനും സുഹൃത്തുക്കളും 11 പേരെ കൊന്നതായ ഹാക്കറുടെ ആരോപണവും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ബിജെപി നേതാവ് കിഷന്‍ റെഡ്ഡി 2014 മെയ് 12ന് 11 പേരെ ഫാം ഹൗസില്‍വച്ച് കൊന്നതായാണ് സയീദ് ഷൂജ ആരോപിച്ചിരുന്നത്. ഇതോടെ കൊലപാതകം സംബന്ധിച്ച ആരോപണം അന്വേഷിക്കണമെന്ന ആവശ്യം തെലങ്കാനയിലും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

Related News