Friday
22 Feb 2019

യാദവകുല കലഹത്തെ സ്മരിച്ച് ആന്റണിയുടെ വിലാപനാട്യം

By: Web Desk | Friday 13 July 2018 12:02 AM IST

ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വാചാലമായി മേനിനടിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സംഘടനാ തെരഞ്ഞെടുപ്പ് എന്നത് എത്രയോ ദശാബ്ദങ്ങളായി കേവലം വായ്ത്താരിയും നടക്കാത്ത പാഴ്ക്കിനാവുമാണ്. പക്ഷേ, സുതാര്യമായ നിലയില്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. 1885 ല്‍ എ ഒ ഹ്യൂം എന്ന സായ്പ്പ് ശുപാര്‍ശ സംഘടനയായി രൂപീകരിച്ച കോണ്‍ഗ്രസിനെ സ്വാതന്ത്യസമ്പാദന സമരഭൂമിയിലെ ചലിക്കുന്ന പ്രസ്ഥാനമാക്കി പരിവര്‍ത്തനം ചെയ്ത മഹാത്മാഗാന്ധിയുടെ സ്വന്തം സ്ഥാനാര്‍ഥിയായി 1938ല്‍ എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഡോ. ബോജരാജു പട്ടാഭി സീതാരാമയ്യയായിരുന്നു. പക്ഷേ, സീതാരാമയ്യ നേതാജി സുഭാഷ് ചന്ദ്രബോസിനു മുന്നില്‍ പരാജിതനായി. 1939ല്‍ ബോസ് അധ്യക്ഷപദവി രാജിവച്ചെങ്കിലും 1948 വരെ കോണ്‍ഗ്രസ് അധ്യക്ഷനാകുവാന്‍ പട്ടാഭിക്ക് കാത്തിരിക്കേണ്ടിവന്നു. കോണ്‍ഗ്രസിന്റെ ചരിത്രം രചിച്ച പട്ടാഭി സീതാരാമയ്യ ഇന്നു കാണുന്ന കോണ്‍ഗ്രസിനെ ദുഃസ്വപ്‌നത്തില്‍ പോലും കണ്ടിരിക്കുകയില്ലെന്ന് തീര്‍ച്ച. പക്ഷേ, ക്രാന്തദര്‍ശിയായ ഗാന്ധിജി കോണ്‍ഗ്രസിന് വരാനിരിക്കുന്ന വിനാശകാലത്തെ മുന്‍കൂട്ടി കണ്ടിരുന്നു. അധികാരത്തിന്റെ മത്തിലും മദതിമിര്‍പ്പിലും കോണ്‍ഗ്രസ് തല്ലിത്തകരുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ഗാന്ധിജി അതുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടതും കോണ്‍ഗ്രസിന്റെ കടമ കഴിഞ്ഞുവെന്ന് വിവക്ഷിച്ചതും.
ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും ഇടയ്ക്കിടെ ജന്മനാടു കാണാനും സൗജന്യമായി ഉപദേശങ്ങള്‍ വിതരണം ചെയ്യുവാനും കേരളത്തിലെത്തുന്ന എ കെ ആന്റണി കോണ്‍ഗ്രസിലെ തലമുറമാറ്റത്തെ കുറിച്ച് നിരന്തരം വാചാലമാവും. എംഎല്‍എയെങ്കില്‍ അത്, എം പിയെങ്കില്‍ അത്, മുഖ്യമന്ത്രിയെങ്കില്‍ അത്, കേന്ദ്രമന്ത്രിയെങ്കില്‍ അത്, പിസിസി അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി, പ്രവര്‍ത്തക സമിതിയംഗം എന്നിവയെങ്കില്‍ അത്. ഏതും സ്വീകരിക്കുവാന്‍ ത്യാഗിവര്യനായ ഈ മഹാനുഭാവന്‍ സന്നദ്ധനാണ്. എല്ലാം പ്രസ്ഥാനത്തിനുവേണ്ടിയാണ്. ഒന്നും തനിക്കുവേണ്ടിയല്ല. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കഴിഞ്ഞാല്‍ തൊട്ടടുത്തിരിക്കുന്ന ആന്റണിക്കുമാത്രം തലമുറമാറ്റം ബാധകമല്ല. 36 വയസ് തികയുന്നതിനുമുമ്പ് മുഖ്യമന്ത്രിയായ, അതിനും മുമ്പേ പിസിസി അധ്യക്ഷനായ ആന്റണി എണ്‍പത് വയസ് പിന്നിട്ടിട്ടും തന്റെ കസേരയില്‍ ചാഞ്ചല്യം തെല്ലുമില്ലാതെ അള്ളിപ്പിടിച്ചിരിക്കും.
ഏറ്റവും ഒടുവില്‍ കെ കരുണാകരന്‍ എന്ന ‘ലീഡറു’ടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികളില്‍ അദ്ദേഹം കോണ്‍ഗ്രസുകാരെ ശാസിച്ചു, ഉപദേശിച്ചു. കാത്തിരിക്കുന്ന വിപത്ത് ചൂണ്ടിക്കാട്ടി വിതുമ്പി. കോണ്‍ഗ്രസിലെ കലഹങ്ങള്‍ക്കും ശത്രുതാവാസനയ്ക്കുമെതിരെ പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസില്‍ തന്നെയെന്ന സത്യം കണ്ടുപിടിച്ച് പുറത്തുവിട്ടു. തെറ്റുകള്‍ തിരുത്തുകയും പരസ്പരം ക്ഷമിക്കുകയും ചെയ്തില്ലെങ്കില്‍ താമസം വിനാ കോണ്‍ഗ്രസ് തമ്മില്‍ തല്ലിത്തകരുമെന്ന് നിലവിളിച്ചു.
യാദവകുലം തമ്മില്‍ കലഹിച്ച് നശിച്ചതെങ്ങനെയെന്നും അതിന് ഹേതുവായതെന്തായിരുന്നുവെന്നും ആന്റണിക്ക് നിശ്ചയമുണ്ടോയെന്ന് തീര്‍ച്ചയില്ല. യാദവകുലത്തിന്റെ തകര്‍ച്ച ദാരുണമായിരുന്നു, ഋഷിശാപത്തിന്റെ അനന്തരഫലമായിരുന്നു. അതറിയാമെങ്കില്‍ കോണ്‍ഗ്രസിനെ നേര്‍വഴി നടത്തുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആന്റണി കോണ്‍ഗ്രസിനേറ്റ ശാപത്തെയും അതിനുവഴിതെളിച്ച കോണ്‍ഗ്രസിന്റെ കൃത്യങ്ങളെയും കുറിച്ചുള്ള എത്രയെത്ര ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. എത്രയെത്ര കാണാപ്പുറ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.
അന്ധനായ ധൃതരാഷ്ട്രരെ വരിച്ച ഗാന്ധാരി അന്നുതന്നെ കറുത്ത തുണികൊണ്ട് കണ്ണുകെട്ടി സ്വയം അന്ധതയെ വരിച്ചു. പാണ്ഡവ – കൗരവ യുദ്ധാനന്തരം കുരുക്ഷേത്രയുദ്ധഭൂമിയലെത്തിയ. ഗാന്ധാരി ആദ്യമായി കണ്‍കെട്ടഴിച്ചു. കണ്ടത് നൂറുമക്കളുടെ ചേതനയറ്റ ശവശരീരങ്ങള്‍. കൗമാരക്കാരനായ അര്‍ജുനപുത്രന്‍ അഭിമന്യുവിന്റെ ശവശരീരം കൂടി കണ്ടപ്പോള്‍ ഗാന്ധാരിയുടെ മനസിന്റെ നിയന്ത്രണം വിട്ടു. ‘കൊല്ലിക്കലല്ലെടോ തനിക്കുരസം’ എന്നുരുവിട്ട് അവര്‍ കൃഷ്ണനെ ശപിച്ചു. ”ഇന്നേയ്ക്ക് മുപ്പത്തിയാറുവര്‍ഷം തികയുമ്പോള്‍ യാദവകുലം തമ്മില്‍ തല്ലി നശിച്ചുപോകും. യാദവകുലത്തെ തോല്‍പ്പിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നും എന്നാല്‍ അവരുടെ നാശം അനിവാര്യമാണെന്നും അതിന് ഗാന്ധാരീശാപം ഉപകാരമാകുമെന്നും ചിന്തിച്ച കൃഷ്ണന്‍ ആ ശാപത്തെ പുഞ്ചിരിയോടെ ഏതിരേറ്റു. മുപ്പത്താറുവര്‍ഷമായപ്പോള്‍ യാദവകുലം പാടേ തമ്മില്‍തല്ലി നശിച്ചു. അഹങ്കാരം പിടികൂടിയ യാദവര്‍ വരുത്തിവച്ച വിനയാണ് സമ്പൂര്‍ണ നാശത്തിലേക്ക് നയിച്ചത്. കൃഷ്ണനെ സന്ദര്‍ശിക്കാനെത്തിയ സപ്തര്‍ഷികള്‍ക്ക് മുന്നില്‍ ജാംബവതിയുടെ മകനായ സാംബനെ സ്ത്രീവേഷം കെട്ടിച്ച് വ്യാജഗര്‍ഭധാരിയായി അവതരിപ്പിച്ചശേഷം ആരാഞ്ഞു; ഇവര്‍ക്ക് ഏത് കുട്ടിയാണ് ജനിക്കുന്നതെന്ന്. ഋഷിമാര്‍ ജ്ഞാനദൃഷ്ടിയാല്‍ സത്യമറിഞ്ഞു. മുനീശ്വരന്മാര്‍ സാംബനെ നോക്കി പ്രതികരിച്ചു: ”നീ ഒരു ഇരുമ്പുലക്കയെ പ്രസവിക്കും. ആ ഇരുമ്പുലക്ക നിമിത്തം നിങ്ങളുടെ യാദവകുലം നശിക്കും.” സാംബന്‍ ഇരുമ്പുലക്കയെ പ്രസവിച്ചു. മുതിര്‍ന്നവരുടെ നിര്‍ദേശപ്രകാരം ഇരുമ്പുലക്കയെ തരികളാക്കി കടലില്‍ ഒഴുക്കി. എന്നിട്ടും ഒരു കക്ഷണം ഇരുമ്പുലക്ക അവശേഷിച്ചു. ഇരുമ്പു തരികള്‍ തീരത്തണഞ്ഞു. ഓരോ തരിയും ഓരോ കോരപ്പുല്ലുകളായി വളര്‍ന്നു. കടലിലെറിഞ്ഞ ഇരുമ്പുലക്കയുടെ കക്ഷണം മത്സ്യം വിഴുങ്ങി. ആ മത്സ്യം ജാണ്‍ എന്ന വേടനു ലഭിച്ചു. പിന്നീട് ആ ഇരുമ്പുലക്കയുടെ പൊടിയാത്ത കഷ്ണം ജാണ്‍ തന്റെ അമ്പില്‍ മുനയാക്കി ചേര്‍ത്തുവച്ചു. കടല്‍ത്തീരത്ത് ഒത്തുചേര്‍ന്ന യാദവര്‍ സുരപാനത്തിലേര്‍പ്പെടുകയും കയ്യാങ്കളിയില്‍ മുഴുകുയും ചെയ്തു. കോരപ്പുല്ലിനെയും അവര്‍ ആയുധമാക്കി പരസ്പരം കലഹിച്ച് തമ്മില്‍ത്തല്ലി മരിച്ചുവീണു. ബലരാമനും മരത്തണലില്‍ മരണത്തിന് കീഴടങ്ങി. ദ്വാരകയെ സമുദ്രം വിഴുങ്ങുമെന്ന് കൃഷ്ണന്‍ പ്രവചിച്ചു. കൃഷ്ണന്‍ വൃക്ഷക്കൊമ്പില്‍ ഒരു കാലിന്മേല്‍ മറ്റൊരു കാല്‍വെച്ചു കണ്ണുമടച്ച് കിടക്കുമ്പോള്‍ ഇരുമ്പുകഷ്ണം അമ്പില്‍ മുനയായിവെച്ചിട്ടുള്ള ജാണ്‍ കൃഷ്ണന്റെ പാദം കണ്ടു മാനാണെന്ന് കരുതി അമ്പെയ്തു. കൃഷ്ണന്‍ ഇഹലോകം വെടിഞ്ഞു. ദ്വാരകയെ സമുദ്രം വിഴുങ്ങി. ഇത് യാദവകുല നാശത്തിന്റെ കഥ.
യാദവകുലം തമ്മില്‍ തല്ലി പിരിഞ്ഞ കഥ തന്റെ സഹപ്രവര്‍ത്തകരെയും അനുയായികളെയും ആന്റണി ഓര്‍മ്മിപ്പിച്ചതിന്റെ സാംഗത്യമെന്താവും? കൊടും ശാപങ്ങള്‍ വല്ലതും കോണ്‍ഗ്രസിനെ പിന്തുടരുന്നുണ്ടോ? സാംബന്മാര്‍ ആ കൂടാരത്തിലുണ്ടോ? സര്‍വനാശം വിതയ്ക്കാന്‍ പോന്ന ഇരുമ്പുലക്കയും അതു സൃഷ്ടിച്ച കോരപ്പുല്ലുകളും ആന്റണിയെ ഭയചിത്തനാക്കുന്നുണ്ടോ? എന്തുമാകട്ടെ, കേരളത്തിലെ കോണ്‍ഗ്രസുകാരെ തമ്മില്‍ തല്ലി നശിക്കരുതേ എന്നുപദേശിക്കുവാന്‍ ഏറ്റവും അര്‍ഹന്‍ എ കെ ആന്റണിയാണ്. ഡല്‍ഹിയിലിരുന്ന് വൃദ്ധതാപസര്‍ക്കൊപ്പവും പാകതയെത്താത്ത കുരുന്നുകള്‍ക്കൊപ്പവും കോണ്‍ഗ്രസിനെ നയിച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്തവിധത്തില്‍ 41 സീറ്റില്‍ ലോക്‌സഭയില്‍ എത്തിച്ച ദിവ്യമനീഷിയാണ് എ കെ ആന്റണി.
കരുണാകര ജന്മശതാബ്ദി ആഘോഷവേളയില്‍ എ കെ ആന്റണി, കരുണാകരനെ വാനോളം പുകഴ്ത്തി. കരുണാകരനെ പോലൊരു ലീഡറെ കണ്ടിട്ടേയില്ല, കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി ഇത്രമേല്‍ വളര്‍ന്നുപന്തലിക്കുമായിരുന്നില്ല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു, 1967ലെ നിയമസഭയില്‍ ഒമ്പതംഗങ്ങളില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിനെ സടകുടഞ്ഞെഴുന്നേല്‍പ്പിച്ചത് കരുണാകരന്റെ നേതൃപാടവം എന്നിങ്ങനെ നീണ്ടു ആന്റണിയുടെ വായ്ത്താരികള്‍. കേട്ടവരും അച്ചടിമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞവരും ഊറിയൂറി ചിരിച്ചിരിക്കും. ഇത്രയും മഹാനായ കോണ്‍ഗ്രസ് നായകനെ ആന്റണിയും അനുയായികളും ചവിട്ടിപ്പുറത്താക്കിയതെന്തിന്? നാഷണലിസ്റ്റ് കോണ്‍ഗ്രസ് (ഇന്ദിര), ഡിഐസി, എന്‍സിപി എന്നീ കാറ്റടിച്ചാല്‍ ഉയര്‍ന്നുപോകുന്ന കൂടാരങ്ങളില്‍ കൊണ്ടെത്തിച്ചതെന്തിന്? ഒടുവില്‍ കോണ്‍ഗ്രസിന്റെ കാലണ അംഗത്വ ചീട്ടിനുവേണ്ടി കാലുപിടിച്ച് യാചിച്ചപ്പോള്‍ പുച്ഛിച്ച് കൈമലര്‍ത്തിയതെന്തിന്? മുറിവില്‍ വീണ്ടും വീണ്ടും കുത്തിനോവിച്ചതെന്തിന്? മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതച്ച് മരിക്കണമെന്ന അന്ത്യാഭിലാഷം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോള്‍ അപഹസിച്ചതെന്തിന്? ദില്ലിയില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ യാചനാഭാവത്തില്‍ പലവട്ടം ചെന്നപ്പോള്‍ ആന്റണിയുള്‍പ്പെടുന്ന ഹൈക്കമാന്‍ഡ് വാതിലുകള്‍ കൊട്ടിയടച്ചതെന്തിന്? ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഉത്തരംമുട്ടിപ്പോകും. അന്ന് ശത്രുത മറന്ന് കരുണാകരനുവേണ്ടി വാദിച്ചത് വി എം സുധീരന്‍ മാത്രം.
1986ല്‍ തന്റെ 28-ാമത്തെ വയസില്‍ മന്ത്രിയാക്കിയത് സ്മരിക്കുന്ന രമേശ് ചെന്നിത്തല ഒരു ഭരണകര്‍ത്താവ് എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഇതാ ഇങ്ങനെയായിരിക്കണം എന്ന് ചൂണ്ടിക്കാണിക്കുവാന്‍ മലയാളിക്കുമുമ്പില്‍ കരുണാകരന്‍ എന്ന ഒരാളേയുള്ളുവെന്ന് വാചാലനാവുന്നതും മലയാളികള്‍ കണ്ടു. എന്നിട്ടെന്തിനാണ് കരുണാകരന്‍ വികാരധീനനായി പറഞ്ഞതുപോലെ ‘പിന്നില്‍ നിന്ന് കുത്തിയത്’ തിരുത്തല്‍വാദ കോണ്‍ഗ്രസുമായി രംഗപ്രവേശനം ചെയ്ത് ചാരനെന്ന് വിളിച്ച്, രാജ്യദ്രോഹിയെന്ന് മുദ്രകുത്തി മുഖ്യമന്ത്രി പദത്തില്‍ നിന്ന് വലിച്ചു താഴെയിട്ടത്? അംഗത്വത്തിനുവേണ്ടി കരുണാകരന്‍ യാചിച്ച കാലത്ത് ചെന്നിത്തലയായിരുന്നു പിസിസി അധ്യക്ഷന്‍ എന്നതും ആലോചനാമൃതംതന്നെ.
1970 കളില്‍ ഒരു ദശാംശത്തിന്റെ പിന്‍ബലത്തില്‍ തന്നെ കെപിസിസി അംഗമാക്കിയത് കരുണാകരനായിരുന്നുവെന്നും അല്ലെങ്കില്‍ 1991ലെ സംഘടനാ തെരഞ്ഞെടുപ്പുവരെ താന്‍ കെപിസിസിക്ക് പുറത്തായിരുന്നേനെയെന്നും കുമ്പസാരിക്കുന്നത് ഉമ്മന്‍ചാണ്ടി. എന്നിട്ടെന്തിനേ കരുണാകരനെ ഇടംവലം നിന്ന് വേട്ടയാടി? പാമോലിന്‍ കേസില്‍ സ്വന്തം തടി രക്ഷിച്ച് കരുണാകരനെ പ്രതിക്കൂട്ടിലാക്കി? എം എ കുട്ടപ്പന് രാജ്യസഭാസീറ്റ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ധനമന്ത്രി പദവി രാജിവച്ച് ആന്റണിയുടെ അനുഗ്രഹാശിസുകളോടെ കരുണാകരനെതിരെ ജാഥ നയിച്ച് പുലഭ്യവര്‍ഷവും പുലയാട്ടും നടത്തി? കരുണാകരന്‍ രാജിവച്ചേ അടങ്ങൂ എന്ന് ഗര്‍ജ്ജിച്ചു? ചാരക്കേസുയര്‍ത്തിക്കാട്ടി കരുണാകരനെ പുറത്താക്കാന്‍ ഘടകകക്ഷികളെ കൂട്ടുപിടിച്ച് ഹൈക്കമാന്‍ഡിനെ കീഴ്‌പ്പെടുത്തി?
ഇന്നത്തെ ഇവരുടെ ഗീര്‍വാണങ്ങളും മുന്‍കാല ചെയ്തികളും ആര്‍ത്തലച്ച് ചിരിക്കുവാന്‍ ഒട്ടേറെ വക നല്‍കുന്നുണ്ട്, മലയാളികള്‍ക്ക്. പുണ്യാളന്‍ ആന്റണി പച്ചവെള്ളം ചവച്ചുകുടിക്കും. പക്ഷേ, നാട്ടില്‍ എസ്റ്റേറ്റ് കേസ്, രാജന്‍ കൊലക്കേസ്, ചാരക്കേസ് എന്നിവയിലെല്ലാം തിരശീലയ്ക്ക് പിന്നില്‍ നിന്ന് ഉമ്മന്‍ചാണ്ടിയേയും അനുചരന്‍മാരെയും അരങ്ങിലെത്തിച്ച് ചരടുവലിച്ചു. 1995ല്‍ കരുണാകരനെ മറിച്ചിട്ടപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നു. ഒരു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ 2015ല്‍ ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെയും കൂടി മറിച്ചിട്ട് മുഖ്യമന്ത്രിയായി. കാവ്യനീതിയെന്നല്ലാതെ മറ്റെന്തുപറയും.
കരുണാകരനും താനുമായി പാര്‍ട്ടിയില്‍ അല്ലറചില്ലറ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നുവെങ്കിലും യുഡിഎഫില്‍ തങ്ങള്‍ ഒറ്റസ്വരവും ഒറ്റ അഭിപ്രായവും മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും ആന്റണി. കോണ്‍ഗ്രസ് യോഗങ്ങള്‍ ചേരുന്നതിനുമുമ്പേ പിരിയുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ മുഴുവന്‍ സമയമിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും തറപ്പിച്ചു പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ വല്മീകത്തിന്റെ മാളങ്ങളില്‍ ഒളിക്കുന്ന ആന്റണി എത്ര സൗകര്യപൂര്‍വമാണ് താന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ചകാലത്ത് അരങ്ങേറിയ പൊറാട്ടുനാടകങ്ങള്‍ മറന്നുപോയത്? അല്ലെങ്കില്‍ മറന്നുവെന്ന് നടിക്കുന്നത്?
കസേരയടികളുടെയും സോഡാകുപ്പിയേറിന്റെയും കുപ്പിച്ചില്ലുകൊണ്ടുള്ള കുത്തിമുറിക്കലുകളുടെയും പ്രചാരണജാഥയിലും ഇന്ദിരാഭവന്റെ മുന്നിലും അരങ്ങേറിയ ഉടുമുണ്ടഴിക്കലുകളുടെയും 1991ല്‍ വയലാര്‍ രവിയോട് പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആന്റണി പരാജയപ്പെട്ടപ്പോള്‍ അരങ്ങേറിയ അതിക്രമങ്ങളുടെയും ദീര്‍ഘമായ പരമ്പരകള്‍. അന്നൊന്നും യാദവകുലനാശത്തെ കുറിച്ച് ആന്റണി ഓര്‍മ്മിച്ചതേയില്ല.
കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന സംഘകുടുംബ ഫാസിസ്റ്റുകളുടെ ആശയം അത്യന്തം അപകടകരമാണ്. എന്നാല്‍ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന ദശാസന്ധിയെ അതിജീവിക്കുവാന്‍ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിന്നിലേക്ക് നോക്കി തെറ്റുകള്‍ തിരുത്തണം.
കോണ്‍ഗ്രസ് പലവട്ടം പിളര്‍ന്നിട്ടുണ്ട്. മൊറാര്‍ജി ദേശായിയും കാമരാജും നീലംസഞ്ജീവ റെഡ്ഢിയുമൊക്കെ ഇടഞ്ഞിട്ടുണ്ട്. സംഘടനാ കോണ്‍ഗ്രസുണ്ടായി. മൊറാര്‍ജി ജനതാപാര്‍ട്ടിയിലെത്തി. ചന്ദ്രശേഖറും കിഷന്‍ കാന്തുമുള്‍പ്പെടെയുള്ള യുവതുര്‍ക്കികള്‍ കോണ്‍ഗ്രസ് വിട്ടു. പിന്നാലെ ശരദ്പവാറിന്റെ കോണ്‍ഗ്രസ് (യു) അതിനു പിന്നാലെ അദ്ദേഹത്തിന്റെ തന്നെ എന്‍സിപി, അര്‍ജ്ജുന്‍ സിങ്ങിന്റെയും എന്‍ ഡി തിവാരിയുടെയും തിവാരി കോണ്‍ഗ്രസ് എന്നിവയെല്ലാം ഉണ്ടായി. എന്തിന് ആന്റണിതന്നെ നാലുവര്‍ഷം (1978 മുതല്‍ 82 വരെ) ഔദ്യോഗിക കോണ്‍ഗ്രസിന് പുറത്തായിരുന്നു. പക്ഷേ ഇന്നത്തേതുപോലെ കോണ്‍ഗ്രസ് മുമ്പൊരിക്കലും ഇത്രമേല്‍ രോഗശയ്യയിലായിട്ടില്ല. ഈ യാഥാര്‍ത്ഥ്യമാണ് ആന്റണിമാരെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. യാദവകുല തകര്‍ച്ചയെ ഓര്‍മ്മിപ്പിച്ച് ആകുലചിത്തനാകുന്ന ആന്റണി മലയാളികള്‍ മുഴുവന്‍ മറവിരോഗികളാണെന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയുമരുത്. മറിച്ചാണെങ്കില്‍ വിലാപ നാട്യങ്ങളെ ജനങ്ങള്‍ പുച്ഛിച്ചുതള്ളും.