ജുഡിഷ്യല്‍ അധികാരങ്ങള്‍ പോലീസിന് നല്‍കുന്നതിനെതിരെ വിഎസ്

Web Desk
Posted on July 02, 2019, 4:47 pm

തിരുവനന്തപുരം : പോലീസിന് ജുഡീഷ്യല്‍ അധികാരം ലഭിക്കുകയാണെങ്കില്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകാമെന്ന സൂചനയിലേക്ക് കണ്ണ് തുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമായെന്ന് വിഎസ്. ജുഡിഷ്യല്‍ അധികാരങ്ങള്‍ പോലീസിന് നല്‍കുന്നതിനെതിരെ നിയമസഭയിലായിരുന്നു വിഎസ് അച്യുതാനന്ദന്‍ വിമര്‍ശനമുന്നയിച്ചത്.

ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍, പോലീസ് സേനയെക്കുറിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങള്‍ ഗൗരവത്തിലെടുക്കുകയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളിലേക്ക് കടക്കുകയും വേണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഒരു വകുപ്പിനെ വിലയിരുത്തേണ്ടത്. പോലീസിന് ജുഡീഷ്യല്‍ അധികാരം ലഭിക്കുകയാണെങ്കില്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകാമെന്ന സൂചനയിലേക്ക് കണ്ണ് തുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമാകുകയുണ്ടായി. പോലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ആ തീരുമാനം നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും വിഎസ് പറഞ്ഞു.

ഭരണനേട്ടങ്ങളുടെ അവകാശികളായിരിക്കുമ്‌ബോഴും പിഴവുകളുടേയും കോട്ടങ്ങളുടേയും ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ക്ക് ഒഴിയാനാകില്ല. ചില കാര്യങ്ങളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണെന്നും പിഴവുകള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താന്‍ ഉത്തവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ ശ്രദ്ധചെലുത്തണമെന്നും വിഎസ് പറഞ്ഞു.