ആറ്റിക്കുറിക്കിയ വരികളില്‍ തെളിമയോടെ കാര്യം പറഞ്ഞ കവിയായിരുന്നു ആറ്റൂര്‍: വി എസ് സുനില്‍കുമാര്‍

Web Desk
Posted on July 26, 2019, 8:44 pm

തൃശൂര്‍: ആറ്റിക്കുറിക്കിയ വരികളില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തെളിമയോടെയും ആര്‍ജ്ജവത്തോടെയും സമൂഹത്തോട് വിളിച്ചുപറഞ്ഞ കവിയായിരുന്നു ശ്രീ. ആറ്റൂര്‍ രവിവര്‍മ്മ. അദ്ദേഹത്തിന്റെ ദേഹവിയോഗം മലയാളസാഹിത്യലോകത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷം പോലെയോ മരുന്ന് പോലെയോ കുറച്ചുമാത്രം എഴുതിയിട്ടും സാഹിത്യസദ്യ വിളമ്പാതിരുന്നിട്ടും തന്റെ കവിതകള്‍ വലിയ തോതില്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരോട്, സ്ത്രീകളോട്, കറുത്തവരോട് ഒക്കെ വല്ലാത്ത മമതയുണ്ടായിരുന്നു ആറ്റൂരിന്. മയങ്ങാറുണ്ടാവില്ലവളോളം വൈകിയൊരു നക്ഷത്രവും, ഒരു സൂര്യനും അവളോളം നേര്‍ത്തെ പിടഞ്ഞെണീറ്റീലാ എന്ന് വളരെ നേരത്തെ ഉണരുകയും ഏറെ വൈകിമാത്രം ഉറങ്ങുകയും ചെയ്യുന്ന വീട്ടമ്മമാരെ ആറ്റൂര്‍ തന്റെ സംക്രമണം എന്ന കവിതയില്‍ സഹാനുഭൂതിയോടെ നോക്കി കാണുന്നുണ്ടല്ലോ. എല്ലാ വീടും പടിഞ്ഞാട്ടുനോക്കുമ്പോള്‍ എന്റെ വീട് കിഴക്കോട്ടാണല്ലോ, എല്ലാവര്‍ക്കും വെളുത്തുള്ളൊരമമ്മാര്‍ എന്റെ അമ്മ കറുത്തിട്ടുമല്ലോ എന്നെഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് നിസ്സാരകാര്യങ്ങളോട് പക്ഷം ചേര്‍ന്നതുകൊണ്ടാണ്. ഉന്നതമായ സാമൂഹ്യവീക്ഷണവും ഉദാത്തമായ മാനവികതയുമായിരുന്നു ആറ്റൂരിന്റെ കൈമുതല്‍.

atoor

കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം സമ്മാനിക്കുന്നതിനുവേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രിയ്‌ക്കൊപ്പം ഞാനും പൂങ്കുന്നം രാഗമാലികാപുരത്തെ സഹാനയില്‍ പോയിരുന്നു. ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയ ഒരു ലോകത്തായിരുന്നു അന്ന് ആറ്റൂര്‍. എങ്കിലും അദ്ദേഹം ചാരുകസേരയിലിരുന്ന് മൃദുവായി ചിരിച്ച് പുരസ്‌കാരം സ്വീകരിച്ച രംഗം ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. എഴുത്തിന്റെ വരപ്രസാദവുമായി ആറ്റൂര്‍ ഇനിയില്ല. അദ്ദേഹത്തിന്റെ സ്‌നേഹനിര്‍ഭരമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസ്സ് കുനിക്കുന്നു. സന്തപ്തരായ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.