August 12, 2022 Friday

മുൻ മന്ത്രി വിഎസ് ശിവകുമാറിനെതിരെയും വിജിലൻസ് അന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
February 15, 2020 3:43 pm

യുഡിഎഫിനെ വീണ്ടും പ്രതിരോധത്തിലാക്കി ഇബ്രാഹിംകുഞ്ഞിന് പിന്നാലെ മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെയും വിജിലൻസ് അന്വേഷണം. യുഡിഎഫ് സർക്കാരിലെ ആരോഗ്യ‑ദേവസ്വം മന്ത്രിയും നിലവിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയുമായ വി എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി. വിഎസ് ശിവകുമാറിനെതിരെയും വിജിലൻസ് അന്വേഷണം

എംഎൽഎയ്ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ നേരത്തെ ഗവർണർ അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് അനുമതി നൽകിക്കൊണ്ട് ആഭ്യന്തരസെക്രട്ടറി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് വിജിലൻസ് ഡയറക്ടർ എസ് അനിൽകാന്തിന് കൈമാറി. മന്ത്രിയായിരിക്കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന് നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതും ബിനാമി പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരെ ഉയർന്നിരുന്നത്. 2016ൽ ശിവകുമാറിനെതിരെ വിജിലൻസ് ഇന്റലിജൻസ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇന്റലിജൻസ് വിഭാഗം വിജിലൻസ് ഡയറക്ടർക്ക് ശുപാർശ നൽകിയത്. ശിവകുമാർ ബിനാമി പേരിൽ സ്വത്തുക്കൾ സമ്പാദിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുഹൃത്തുക്കൾ, പേഴ്‍സണൽ സ്റ്റാഫ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ പേരിലെല്ലാം ശിവകുമാർ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.

സര്‍ക്കാരിന് ലഭിച്ച പരാതിയില്‍ വിജിലന്‍സ് സി ഐ ബിനുകുമാറാണ് അന്വേഷണം നടത്തിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് 105 ലേറെ രേഖകള്‍ പരിശോധിച്ചു. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലുമായി ആയിരത്തോളം പേരുടെ മൊഴിയുമെടുത്തു. പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട, ശിവകുമാറുമായി ബന്ധമുള്ള ഏഴ് പേരുടെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് പരിശോധിച്ചതിൽ ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധന ഉണ്ടായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ വില്പനയും, ചില വിദേശയാത്രകളും അന്വേഷിക്കേണ്ടതുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിശദാന്വേഷണത്തിന് അനുമതി.

അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമായാൽ പ്രതിചേർത്ത് തുടർനടപടികൾ കൈക്കൊള്ളുമെന്നാണ് സൂചന. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചെങ്കിലും വരുംദിവസങ്ങളിൽ യുഡിഎഫിന് കൂടുതൽ തലവേദനയാകും ശിവകുമാറിന്റെ കേസ്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രിയും എംഎൽഎയുമായ വി കെ ഇബ്രാഹിം കുഞ്ഞ് വിജിലന്‍സ് അന്വേഷണം നേരിടുന്നതിനു പിന്നാലെയാണ് ശിവകുമാറിന്റെ കേസും യുഡിഎഫിനെ കുരുക്കിലാക്കിയിരിക്കുന്നത്.

ENGLISH SUMMARY: Vig­i­lance inves­ti­ga­tion against V S Shivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.