ആലപ്പുഴ: ഇന്ത്യയിലാദ്യമായി കർഷകർക്കായി ഒരു ക്ഷേമനിധി ബോർഡ് നിയമം പാസാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ അഭിമാനനേട്ടങ്ങളിലൊന്നാണെന്ന് കൃഷി വകുപ്പുമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാന കർഷക അവാർഡ് ദാനം പ്രീ വൈഗ — 2020 ടി ഡി മെഡിക്കൽ കോളജ് ഗോൾഡൺ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ നിയമസഭയിൽ അവതരിപ്പിച്ച നിയമം സംസ്ഥാനത്തെ കർഷകർക്ക് പരമാവധി നിയമ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിലെ ഒമ്പതാം വകുപ്പ് എടുത്തുപറയേണ്ടതാണ്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകളിൽ നിന്ന് മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ ലാഭത്തിൽ ഒരു ശതമാനം കർഷകന്റെ അവകാശമാക്കിമാറ്റുന്ന വ്യവസ്ഥയാണ് ഇതിലുള്ളത്.
ഇൻഷുറൻസ് ഉൾപ്പടെയുള്ള എല്ലാ സംരക്ഷണവും നിയമത്തിലുണ്ട്. കർഷക കടാശ്വാസ കമ്മീഷൻറെ അധികാര പരിധി ഉയർത്തിയിരിക്കുന്നു എന്നതും കേരളത്തിലെ കർഷകർക്ക് ഗുണകരമാകാൻ വേണ്ടി ചെയ്തതാണ്. രണ്ട് ലക്ഷം രൂപവരെയുള്ള കടങ്ങൾ ഇനി ഇവർക്ക് പരിഗണിക്കാം. വിള ഇൻഷുറൻസിൻറെ പരിധിയിലേക്ക് കൂടുതൽ വിളകളെ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. കിസാൻ ക്രഡിറ്റ് കാർഡ് സർക്കാർ വ്യപകമാക്കുകയാണ്. നെൽക്കർഷകരിൽ നിന്ന് ഉയർന്ന തുകയായ 26.90 രൂപയ്ക്ക് നെല്ല് എടുക്കുന്ന ഏക സംസ്ഥാനമാണ് നമ്മുടേത്. കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ബണ്ട്, വിത്ത്, കുമ്മായം എന്നിവ സൗജന്യമായി നൽകിയതും മന്ത്രി ഓർമ്മിപ്പിച്ചു. പൊതുമരാമത്ത് ‑രജിസ്ട്രേഷൻ വകുപ്പുുമന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കർഷക അവാർഡുകളുടെ വിതരണവും കൃഷി മന്ത്രി യോഗത്തിൽ നിർവഹിച്ചു. ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് തൃശൂർ ജില്ലയിലെ പള്ളിപ്പുുറം ആലപ്പാട് പാടശേഖരസമിതി ഏറ്റുവാങ്ങി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഫലകവും സർട്ടിഫിക്കറ്റുും 5 ലക്ഷവും രൂപയുമാണ് സമ്മാനമായി നൽകി. ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ഇടുക്കിയിലെ ബിജുമോൻ ആന്റണി ഏറ്റുുവാങ്ങി. രണ്ടുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്. യുവകർഷകനും യുവകർഷകയ്കുമുള്ള അവാർഡ് യഥാക്രമം പാലക്കാട് സ്വദേശി ജ്ഞാന ശരവണനും ആലപ്പുുഴ സ്വദേശി വി വാണിയും ഏറ്റുുവാങ്ങി.
ഒരോ ലക്ഷം വീതമാണ് അവാർഡ്. കേരകേസരി അവാർഡ് പാലക്കാട് നിന്നുള്ള വേലായുധനാണ് ലഭിച്ചത്. രണ്ടുലക്ഷം രൂപയാണ് അവാർഡ്. ഹരിത മിത്ര അവാർഡും ഉദ്യാന ശ്രേഷ്ഠ അവാർഡും യഥാക്രമം ആലപ്പുഴ സ്വദേശികളായ ശുഭകേസനും സ്വപ്ന സുലൈമാനും ഏറ്റുുവാങ്ങി. സ്വർണമെഡലും ഒരുലക്ഷം രൂപയുമാണ് അവാർഡ്. ഏറ്റവും മികച്ച പട്ടികജാതി പട്ടികവർഗ കർഷകനുള്ള കർഷക ജ്യോതി അവാർഡ് പത്തനംതിട്ടയിലെ എം മാധവൻ ഏറ്റുവാങ്ങി. സ്വർണമെഡലും ഒരുലക്ഷം രൂപയുമാണ് അവാർഡ്.
കൃഷി വകുപ്പിന്റെ മികച്ച ഫാമിനുള്ള പുരസ്കാരം എറണാകുളം ഹരിത കീർത്തി ഗവൺമെൻറ് ഫാം നേടി. 15 ലക്ഷം രൂപയാണ് അവാർഡ്. ഹരിതകീർത്തി മികച്ച ഫാം ഓഫീസറായി തോമസ് സാമുവൽ ഫലകവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ജൈവ രീതിയിലെ കൃഷി മുറകൾ വ്യാപകമായി അവലംബിക്കുന്ന നിയോജക മണ്ഡലത്തിനുള്ള പുരസ്കാരം ചേലക്കര നിയോജകമണ്ഡലത്തിന് ലഭിച്ചു. പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ചേലക്കര എം എൽ എ, യു ആര്‍ പ്രദീപും എത്തിയിരുന്നു. കൃഷിവകുപ്പിന്റെ കർഷകർക്കും മാധ്യമ പ്രവർത്തകർക്കുമുള്ള വിവിധ അവാർഡുകളും ചടങ്ങിൽ മന്ത്രിമാരായ വി എസ് സുനിൽകുമാറും ജി സുധാകരനും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.