June 7, 2023 Wednesday

Related news

October 7, 2021
May 22, 2021
May 19, 2021
February 25, 2021
December 22, 2020
November 1, 2020
October 21, 2020
August 14, 2020
August 6, 2020
July 27, 2020

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കണം; മന്ത്രി വി എസ് സുനിൽകുമാർ

Janayugom Webdesk
തിരുവനന്തപുരം
January 15, 2020 9:24 pm

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും, അതിനുശേഷം മാത്രം കാർഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കണമെന്നും മന്ത്രി വി എസ് സുനിൽകുമാർ. നബാർഡ് ക്രെഡിറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക സ്വർണപണയ വായ്പ സംബന്ധിച്ച കേന്ദ്രതീരുമാനങ്ങളിലെ ആശങ്കകൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ കർഷകർക്ക് വായ്പാ സഹായം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. എന്നാൽ കാർഷിക സ്വർണപണയ വായ്പാ പദ്ധതി തന്നെ ഇല്ലാതാക്കുന്ന നിലപാടിലേക്ക് പോകരുതെന്നും, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് എത്ര ശതമാനം കർഷകരിൽ എത്തി എന്നത് പ്രധാനഘടകമാണ്. ഈവിഷയത്തിൽ കേന്ദ്രവും റിസർവ് ബാങ്കും യാഥാർത്ഥ്യബോധത്തോടെയുള്ള നിലപാടുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പുതിയ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ രൂപീകരിക്കുമ്പോൾ സ്മോൾ ഫാർമേഴ്സ് അഗ്രി-ബിസിനസ് കൺസോർഷ്യവുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്ന കാര്യം നബാർഡ് പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നാളികേര മേഖലയിലേതുൾപ്പെടെ വിവിധ മേഖലകളിലെ സംരംഭകരുടെ പ്രശ്നങ്ങൾ പ്രായോഗികമായി പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയണം. കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് വൻതോതിൽ ഫലവർഗങ്ങളുടെ കൃഷിക്ക് സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്.
കാർഷിക വളർച്ച നിരക്കിൽ നെഗറ്റീവ് വളർച്ച നിരക്കിൽ നിന്ന് പോസിറ്റീവ് വളർച്ചയിലേക്ക് കേരളം ഉയർന്നിട്ടുണ്ട്. ഇത് സുസ്ഥിരമായി നിലനിർത്താൻ അടിസ്ഥാനപരമായ ഇടപെടലുകൾ വേണം. മന്ത്രി പറഞ്ഞു. നബാർഡിന്റെ അടുത്ത സാമ്പത്തിക വർഷത്തെ കാർഷിക വായ്പാ സാധ്യതകൾ വിശദമാക്കുന്ന സ്റ്റേറ്റ് ഫോക്കസ് പേപ്പറിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ കാർഷികമേഖലയിൽ മികവ് തെളിയിച്ച സ്റ്റാർട്ടപ്പുകളായ റസ്നോവ ടെക്നോളജീസ്, സെന്റ് ജൂഡ് ഹെർബൽസ്, ഡിസോൾവ്ഡ് ഓക്സിജൻ പ്ലസ് ലിമിറ്റഡ് എന്നിവരെയും വയനാട് ഗോത്ര വികസന പദ്ധതി നടപ്പാക്കുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയെയും മന്ത്രി ആദരിച്ചു. ചടങ്ങിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ ശ്രീനിവാസൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ റീനി അജിത്, കാർഷികോല്പാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിങ്, എസ്എൽബിസി കൺവീനർ എൻ അജിത്കൃഷ്ണൻ, നബാർഡ് ജനറൽ മാനേജർ ഡോ. പി സെൽവരാജ്, ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച് മനോജ് തുടങ്ങിയവർ പങ്കെടുത്തു.

1,52923. 68 കോടിയുടെ വായ്പകൾ നൽകാനാകുമെന്ന് നബാർഡ്
സംസ്ഥാനത്ത് 2020- 2021 സാമ്പത്തിക വർഷം മുൻഗണനാ വിഭാഗങ്ങളിലായി 1, 52923. 68 കോടി രൂപയുടെ വായ്പകൾ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നബാർഡ് പുറത്തിറക്കിയ സ്റ്റേറ്റ് ഫോക്കസ് പേപ്പർ. 2019–20 നെ അപേക്ഷിച്ച് 4. 63 ശതമാനം

വർധനവാണ് പ്രതീക്ഷിക്കുന്നത്. ഹൈടെക് കൃഷി എന്നതാണ് ഈ വർഷത്തെ പ്രമേയം.
ജനസാന്ദ്രതയിലെ കൂടുതൽ, കാർഷികത്തൊഴിലാളികളെ ലഭിക്കാനുള്ള പ്രയാസം, കുറഞ്ഞ ഭൂമി ലഭ്യത, കാലാവസ്ഥ പ്രതികൂലമായി പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത, ദ്രുതഗതിയിലുള്ള നഗരവൽക്കരണം എന്നിവ പരിഗണിച്ച് കേരളത്തിൽ ഹൈടെക് കൃഷിയിലേക്ക് തിരിയേണ്ടത് അനിവാര്യമാണെന്ന് ഫോക്കസ് പേപ്പർ ചൂണ്ടിക്കാട്ടുന്നു.

കാർഷിക, അനുബന്ധ മേഖലകളിലായി 2020–21 ൽ 73,582. 48 കോടി രൂപയുടെ വായ്പ നൽകാനാകുമെന്നാണ് കരുതുന്നത്. ഇത് മുൻഗണനാ വായ്പകളുടെ 48 ശതമാനം വരും. വിള ഉല്പാദനം, പരിചരണം, വിപണനം എന്നീ മേഖലകളിലായി 48546. 10 കോടി രൂപയാണ് വായ്പ സാധ്യതയായി കണക്കാക്കുന്നത്. ജലവിഭവ മേഖലയിലെ വായ്പാ സാധ്യത 1411. 22 കോടി രൂപയും പ്ലാന്റേഷൻ ആന്റ് ഹോർട്ടിക്കൾച്ചർ മേഖലയിൽ 6148. 27 കോടി രൂപയും മൃഗസംരക്ഷണ മേഖലയിൽ 4921. 25 കോടി രൂപയും ഫിഷറീസ് മേഖലയിൽ 756.36 കോടി രൂപയുമാണ് വായ്പ സാധ്യത.

Eng­lish Sum­ma­ry: VS Sunilku­mar says that Kisan Cred­it Card should be made avail­able to all farmers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.