ആലപ്പുഴ: കൃഷി വകുപ്പിന്റെ കേര ഗ്രാമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തൊണ്ട് ശേഖരണം നടത്താനുള്ള പദ്ധതി ആലോചനയിലാണെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കയർ കേരള ‑2019ന്റെ ഭാഗമായി സംഘടിപ്പിച്ച ചകിരി ഉൽപ്പാദന സഹകരണ സംഘങ്ങളുടെയും സ്വകാര്യ സംരംഭകരുടെയും ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 380ഓളം വരുന്ന കേരള ഗ്രാമങ്ങളെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ തിരിച്ച് കയർ വകുപ്പിന്റെ സഹായത്തോടെ തൊണ്ട് ശേഖരിക്കുകയാണ് പദ്ധതി. തമിഴ്‌നാട്ടിൽ കയർ പിത്ത് വിപണിയിൽ മാത്രം ഒരു വർഷം അഞ്ഞൂറ് കോടിയുടെ വരുമാനമാണ് ഉണ്ടാക്കുന്നത്.
നമ്മുടെ സാധ്യതയും സ്ഥിതിയും വെച്ച് നോക്കുമ്പോൾ നമ്മൾ എത്രത്തോളം പിറകിലോട്ട് പോയെന്ന കാര്യം ചിന്തിക്കേണ്ടതാണ്. അതിന് തൊണ്ടുതല്ലൽ യന്ത്രങ്ങൾ നൽകി വ്യവസായത്തെ ലാഭകരമാക്കാനുള്ള പദ്ധതികളാണ് കയർ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്. നിലവിൽ രാജ്യത്ത് നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനമാണ് കേരളത്തിന്. തമിഴ്നാടും, ആന്ധ്രയും പിറകിലാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കേരളം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇതിനായി കയർ വകുപ്പിന്റെ എല്ലാ പ്രവർത്തനത്തിലും കൃഷി വകുപ്പിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കയർ കർഷകർക്കായി സബ്സിഡി ഇനത്തിൽ നൽകുന്ന യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തി നൽകുമെന്ന് ധനം-കയർ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതിനായി കയർ വകുപ്പിന്റെ അംഗീകാരമുള്ള വർക്ക്ഷോപ്പുകളിൽ നേരിട്ടു വിളിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കും. ചകിരിയുള്ള കാര്യം കോർപ്പറേഷനെ അറിയിച്ചാൽ വന്നെടുക്കും. പച്ച ചകിരിക്ക് 30 രൂപയും ഉണക്ക ചകിരിക്ക് 15 രൂപയുമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ചിലർ രണ്ടു ചകിരികളും കൂട്ടിക്കലർത്തി നൽകുന്ന പതിവുണ്ട്. ഇതിൽ നിന്നുമുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആയുസ്സ് കുറവായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബിസിനസ് മീറ്റിൽ ചകിരിമില്ല് ധാരണാപത്രം ഒപ്പിടീലും നടന്നു. കയർ മെഷിനറി മാനുഫാക്ച്വറിങ് കമ്പനി ചെയർമാൻ അഡ്വ. കെ പ്രസാദ്, പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ രവിരാമൻ, കയർ മെഷിനറി മാനുഫാക്ച്വറിങ് കമ്പനി എംഡി പി വി ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.