കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും: വി എസ് സുനില്‍കുമാര്‍

Web Desk
Posted on January 15, 2019, 9:52 pm
കൃഷി വകുപ്പ് സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണത്തിന്റെയും ആനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു

ഹരിപ്പാട്: കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുകയും ചെയ്യുമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കരുവാറ്റ കൃഷിഭവന്റെ നേതൃത്വത്തില്‍ പ്രളയത്തിന് ശേഷം ജില്ലയിലെ പാടശേഖരങ്ങളില്‍ നിന്ന് സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ലുസംഭരണത്തിന്റെ ഉദ്ഘാടനവും, ആനുകൂല്യ വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകക്ഷേമ ബോര്‍ഡ് ഉടന്‍ നിലവില്‍ വരും. അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ വിവാഹ ധനസഹായം അടക്കമുള്ള കാര്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കും. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് നാശനഷ്ടം സംഭവിച്ച നെല്‍കര്‍ഷകര്‍ക്ക് ഹെക്ടറിന് ഇരുപത്തി അയ്യായിരം രൂപ വീതം നല്‍കും. 125 കിലോ വിത്ത് സൗജന്യമായി നല്‍കുകയും കുമ്മായമടക്കമുള്ള സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പമ്പിംഗ് സബ്‌സിഡിയിലെ അപാകതകള്‍ മാറ്റി കര്‍ഷകര്‍ക്ക് തുക അടിയന്തരമായി നല്‍കും. ബണ്ട് നിര്‍മ്മാണത്തിന് ഒരു കിലോമീറ്ററിന് 60,000 രൂപ വീതം ധനസഹായം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കരുവാറ്റ എസ് എന്‍ കടവിന് സമീപം നടന്ന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുജാത അധ്യക്ഷത വഹിച്ചു. ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ സുകുമാരപിള്ള, പുറക്കാട് കരിനില ഏജന്‍സി വൈസ് ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം രമ്യാ രമണന്‍, ഗിരിജാ സന്തോഷ്, സുരേഷ് കളരിക്കല്‍, എസ് സുരേഷ്, ശ്രീലത മോഹനകുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ രാധ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി ആര്‍ രശ്മി, കൃഷി ഓഫീസര്‍ ആര്‍ ഗംഗാദേവി, പി മുരളികുമര്‍, പത്മനാഭ കറുപ്പ്, പി ടി മധു, ജെയിംസ് ജോസഫ്, മണിയന്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.