വി ടി ബെല്‍റാമിന്റെ പരാമര്‍ശത്തോട് വിയോജിപ്പ്: തിരുവഞ്ചൂര്‍

Web Desk
Posted on January 08, 2018, 10:00 pm
കോട്ടയം: എ കെ ജിക്കെതിരെയുള്ള വി ടി ബെല്‍റാമിന്റെ പരാമര്‍ശത്തോട് വിയോജിപ്പാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ കോട്ടയം ഡിസിസി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിടി ബല്‍റാമിനോട് ഒരിക്കലും യോജിക്കുന്നില്ല. എന്നാല്‍, ബല്‍റാമിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നവര്‍ ബല്‍റാമിനെക്കാള്‍ വലിയതെറ്റുകള്‍ ചെയ്തവരാണ്. ആയതിനാല്‍, രാഷ്ട്രീയ കക്ഷികള്‍ സ്വയം മനസ്സിലാക്കി പെരുമാറണം. എല്ലാവരും അതിരുകടന്ന് സിക്‌സര്‍ അടിക്കാന്‍ ശ്രമിക്കുകയാണ്. സാഹചര്യം മനസ്സിലാക്കാതെയും നാടിന്റെ പ്രവൃത്തനങ്ങള്‍ വിലയിരുത്താതെയുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തിനും കേരള രാഷ്ട്രീയത്തിനും ദോഷം ചെയ്യും. നേതാക്കള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിയന്ത്രണരേഖവേണം. ഇക്കാര്യത്തില്‍ പൊതുപ്രവര്‍ത്തനരംഗത്ത് എല്ലാവരും മാന്യതപാലിക്കണം. പറയുന്ന വാക്കുകള്‍ക്ക് അര്‍ഥമെന്താണെന്നുപോലും അറിയാതെ അഭിപ്രായപ്രകടനം നടത്തുന്ന സ്ഥിതിയാണുള്ളത്. വി ടി ബെല്‍റാം എം.എല്‍.എയുടെ പിതൃത്വത്തെപോലും ചോദ്യംചെയ്യുന്നത് ശരിയല്ല. നെഹ്‌റുകുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ എന്താകുമെന്നുവരെ ചോദിച്ച നേതാവ് ജീവിച്ചിരിപ്പുണ്ട്. കേരളത്തിലെ രാഷ്ട്രീയരംഗം സംസ്‌കാരസമ്പന്നതയില്‍നിന്ന് കുപ്പുകൂത്തി വീഴുന്നത് ശരിയല്ല. രാഷ്ട്രീയത്തില്‍ യോജിപ്പും വിയോജിപ്പുമുണ്ട്. വാക്കസ്ത്രം ഉപയോഗിച്ച്  എതിര്‍കക്ഷികളെ ചവിട്ടിമെതിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.