Janayugom Online
V T

വി ടി മുരളി: ജനകീയസംഗീതധാരയുടെ അരനൂറ്റാണ്ട്

Web Desk
Posted on January 20, 2019, 8:06 am

അനില്‍ മാരാത്ത്
മലയാളചലച്ചിത്ര‑നാടകലളിതഗാനമേഖലയില്‍ അമൂല്യസംഭാവനകള്‍ നല്കിവരുന്ന അനുഗൃഹീതഗായകനാണ് വി ടി മുരളി. സംഗീതനിരൂപകനെന്ന നിലയില്‍ വി.ടി.മുരളിയുടെ മൗലികതയാര്‍ന്ന നിരീക്ഷണങ്ങള്‍ അടങ്ങുന്ന പന്ത്രണ്ട് പുസ്തകങ്ങള്‍ സംഗീതവിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും വഴികാട്ടിയാണ്. ഈണം നല്‍കാന്‍ ഹാര്‍മോണിയത്തില്‍ വിരല്‍ തൊട്ടപ്പോഴൊക്കെ അവിസ്മരണീയഗാനങ്ങള്‍ പിറവിയെടുത്തത് മുരളിയുടെ ധന്യത. കവിതയുടെ ഭാവാര്‍ത്തപൊരുളുകള്‍ തിരിച്ചറിഞ്ഞും ആസ്വദിച്ചും പാട്ടുകള്‍ സൃഷ്ടിക്കുന്ന സംഗീതജ്ഞന്‍, പാട്ടിന്റെ കലയും ചരിത്രവും അറിയുന്ന എഴുത്തുകാരന്‍ എന്നീ നിലകളില്‍ വി ടി മുരളിക്ക് മലയാളികളുടെ സംഗീതലോകത്ത് സ്വന്തമായ ഒരിടമുണ്ട്. ആ സ്വരമാധുര്യത്തിന് അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ കടന്നുവന്ന വഴിയിലേക്ക്.….….

 

ബാല്യകാലം
കുട്ടിക്കാലത്ത് നന്നായി പാടുമായിരുന്നു. അച്ഛന്‍ വി.ടി.കുമാരന്‍മാസ്റ്ററുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍ ഒരു കൗതുകത്തിന് പാടിക്കുമായിരുന്നത്രേ. അക്കാലങ്ങളിലെ സിനിമാപാട്ടുകളാണ് മിക്കതും. അച്ഛന്‍ പഠിപ്പിച്ചുതന്ന പദ്യങ്ങള്‍ ഹൈസ്‌കൂള്‍ പഠനകാലത്ത് ചൊല്ലിയിരുന്നു. എങ്ങനെയോ പാട്ടുകള്‍ പഠിച്ചു, അല്ലെങ്കില്‍ പാട്ടുകളെല്ലാം ഞാനറിയാതെത്തന്നെ എന്റെ ഉള്ളില്‍ കയറിയിരുന്നു. പിന്നീട് ഈ പാട്ടുകളും കവിതകളുമൊക്കെയാണ് എന്റെ ജീവിതത്തെ സൗന്ദര്യവത്കരിച്ചത്.

Vt

പാട്ടുവഴി
എന്റെ കേള്‍വി തന്നെയാണ് പാട്ടുവഴി. വടകര ഭാഗത്തെ പണയപ്പയറ്റിന്റെയും കല്ല്യാണങ്ങളുടെയും ഭാഗമായി കോളാമ്പിസ്പീക്കറില്‍നിന്ന് കേള്‍ക്കുന്ന പാട്ടുകള്‍ത്തന്നെ. അതില്‍ സിനിമാപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും കഥാപ്രസംഗങ്ങളുമുണ്ടാകും. ഇതെല്ലാംകേട്ട് എന്റെ ഉള്ളിലെ സംഗീതജ്ഞാനം വളര്‍ന്നുവരികയായിരുന്നു.

 

അച്ഛനും അമ്മയും
ഇരുവരുമാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത്. അച്ഛനെപ്പോഴും എഴുത്തും വായനയും തന്നെ. അമ്മയാണ് കുടുംബത്തെ നിയന്ത്രിച്ചിരുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ പുസ്തകങ്ങള്‍ വാങ്ങിത്തന്നിരുന്നു. എന്റെയുള്ളില്‍ സംഗീതമുണ്ടെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞതുമുതല്‍ ഈണത്തില്‍ പദ്യം ചൊല്ലാന്‍ പഠിപ്പിച്ചു. പി.കുഞ്ഞിരാമന്‍നായരുടെ കവിതകളായിരുന്നു ഏറെയും.

 

സംഗീതപഠനം
വടകര കൃഷ്ണദാസന്‍മാസ്റ്ററായിരുന്നു സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ പറഞ്ഞുതന്നത്. ഈ പഠനം വര്‍ണംവരെ പോയില്ല. വരിശകള്‍, ചില ഗീതങ്ങള്‍ അതിലപ്പുറം അതു നീണ്ടില്ല. വളരെക്കാലം ഞാന്‍ പാടികൊണ്ടിരുന്നത് ശാസ്ത്രീയസംഗീതാഭ്യാസനത്തിന്റെ ബലത്തിലല്ല. ഒരുപക്ഷേ ഇന്നുമല്ല എന്നു പറയാം. ശാസ്ത്രീയസംഗീതപഠനം ഒരു ഗായകനെ വ്യാകരണശുദ്ധിയോടെ പാടാന്‍ സഹായിക്കുമെങ്കിലും ലളിതസംഗീതമേഖലയില്‍ അതിന്റെ അതിപ്രസരം വരാനും പാടില്ല.

V T

നാടകഗാനങ്ങള്‍
വടകര കൃഷ്ണദാസന്‍മാസ്റ്ററുടെ സംഗീതത്തില്‍ ധാരാളം പ്രാദേശികനാടകങ്ങളിലൊക്കെ പാടിയിട്ടുണ്ട്. കുട്ടിക്കാലത്ത് സ്ത്രീകഥാപാത്രങ്ങള്‍ക്കുവേണ്ടി പാടി. തിരുവനന്തപുരത്ത് സംഗീതകോളേജില്‍ പഠിക്കുന്ന കാലത്താണ് കെപിഎസിയുമായി ബന്ധപ്പെടുന്നത്. കണിയാപുരം രാമചന്ദ്രന്റെ ‘എനിക്കു മരണമില്ല’ എന്ന നാടകത്തില്‍ അദ്ദേഹത്തിന്റെ രചനയില്‍ ദേവരാജന്‍മാസ്റ്റര്‍ സംഗീതം നല്കിയ പാട്ട് വേദിയില്‍ നിന്നുകൊണ്ട് പാടി. പിന്നീട് ശബ്ദലേഖനങ്ങള്‍ ചെയ്ത് പാട്ടുകള്‍ അവതരിപ്പിക്കേണ്ട കാലംവന്നപ്പോള്‍ കെപിഎസി, തിരുവനന്തപുരം സംഘചേതന, കോഴിക്കോട് കലിംഗ തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ പാടി.

 

സിനിമാഗാനങ്ങള്‍
സിനിമയില്‍ വന്നത് 1979‑ലാണ്. പള്ളിക്കര വി.പി.യുടെ ‘തേന്‍തുള്ളി’ എന്ന നോവല്‍ കെ പി കുമാരന്റെ സംവിധാനത്തില്‍ സിനിമയായി. പി ടി അബ്ദുറഹിമാന്‍ രചിച്ച് കെ രാഘവന്‍മാസ്റ്റര്‍ സംഗീതസംവിധാനംചെയ്ത രണ്ടുപാട്ടുകള്‍ തേന്‍തുള്ളിക്കുവേണ്ടി പാടി. ‘ഓത്തുപള്ളി‘യും ‘കാലത്തെ ജയിക്കുവാ‘നും. ഓത്തുപ്പള്ളി എന്ന ഗാനം തലമുറകള്‍ കടന്ന് സൗഹൃദരുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നു. പിന്നീട് മാതളത്തേനുണ്ണാന്‍, പൊന്നരളിപ്പൂ എന്നീ ഗാനങ്ങളും ശ്രദ്ധേയമായി. ഏറ്റവും ഒടുവില്‍ പാടിയത് ബാല്യകാലസഖിയിലെ ‘കാലം പറക്ക്ണ്’ എന്ന ഗാനമാണ്. കെ രാഘവന്‍മാസ്റ്റര്‍ ഏറ്റവും ഒടുവില്‍ സംഗീതം ചെയ്ത ഗാനം പാടാനും ഭാഗ്യം ലഭിച്ചു. ഒഎന്‍വി, പി ടി അബ്ദുറഹിമാന്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവരുടെ രചനയില്‍ എം ബി ശ്രീനിവാസന്‍, എ ടി ഉമ്മര്‍, ഹരിപ്പാട് കെ പി എന്‍ പിള്ള തുടങ്ങിവയരുടെ സംഗീതത്തിലും സിനിമയില്‍ പാടാന്‍ കഴിഞ്ഞു.

 

കെപിഎസിയുമായുള്ള ആത്മബന്ധം
എന്റെ രാഷ്ട്രീയമാണ് കെപിഎസിയിലെത്തിച്ചത്. തോപ്പില്‍ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ എന്ന നാടകത്തില്‍വരെ ഞാന്‍ പാടിയിട്ടുണ്ട്. കെപിഎസിയും തോപ്പില്‍ ഭാസിയും സ്മരണകളിരമ്പുന്ന വികാരമാണ്.

V T

കെ രാഘവന്‍മാസ്റ്റര്‍
എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ ഞാനേറ്റവും ബഹുമാനിച്ചത് കെ രാഘവന്‍മാസ്റ്ററെയാണ്. ഞാനദ്ദേഹത്തെക്കുറിച്ച് ഒരുപാടെഴുതിയിട്ടുണ്ട്. ‘പ്രേമസംഗീതമാണു നീ’ എന്നൊരു പുസ്തകത്തിന്റെ രചനയിലാണിപ്പോള്‍. രാഘവന്‍മാസ്റ്ററുടെ ദീപ്തസ്മരണകളിലാണ് എന്റെ സംഗീതം പുരോഗമിക്കുന്നത്.

 

ആകാശവാണിക്കാലം
ആകാശവാണിയാണ് യഥാര്‍ത്ഥത്തില്‍ മലയാളികള്‍ക്ക് കേള്‍വിസംസ്‌കാരം ഉണ്ടാക്കിയത്. അതിലൂടെ എന്റെ പാട്ടുകള്‍ വന്നുതുടങ്ങിയപ്പോള്‍ എന്തു സന്തോഷമായിരുന്നുന്നെന്നോ. കോഴിക്കോട് ആകാശവാണി നിലയത്തിന് പ്രസരണശേഷി കുറഞ്ഞതിനായതിനാല്‍ തെക്കുള്ളവര്‍ക്ക് എന്നെപോലെയുള്ള വടക്കന്മാരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

ഓര്‍മ്മയിലെ ഗുരുക്കന്മാര്‍
വടകരയില്‍ കൃഷ്ണദാസന്‍മാസ്റ്റര്‍ക്കുപുറമെ ബാലരാജന്‍മാസ്റ്ററും കുറച്ചുകാലം സംഗീതം പഠിപ്പിച്ചു. സംഗീതകോളേജില്‍ പഠിച്ചതുകൊണ്ട് വലിയ ഒരുപാട് ഗുരുനാഥന്മാരുടെ ശൈലികള്‍ തൊട്ടറിഞ്ഞു. പി ആര്‍ കുമാരകേരളവര്‍മ്മ, ആവണീശ്വരം രാമചന്ദ്രന്‍, വി ഐ സുകു, ജി സീതാലക്ഷ്മി, സീതടീച്ചര്‍, വെങ്കിടരമണന്‍ തുടങ്ങിയവരായിരുന്നു അധ്യാപകര്‍. മാവേലിക്കര പ്രഭാകരവര്‍മ്മ, വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യന്‍, പുതുക്കോട് കൃഷ്ണമൂര്‍ത്തി തുടങ്ങിയ അധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്തി. കോളേജില്‍ ചേരുമ്പോള്‍ പ്രിന്‍സിപ്പാള്‍ നല്ലൈ ടി വി കൃഷ്ണമൂര്‍ത്തിയായിരുന്നു. പിന്നീട് ചാലക്കുടി നാരായണസ്വാമിയായിരുന്നു കോളേജ് വിടുന്നതുവരെ. മദ്രാസ് മ്യൂസിക് കോളേജില്‍ പാലക്കാട് കെ വി നാരായണസ്വാമി, വി രാജന്‍ അയ്യര്‍, വി കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ശിഷ്യനാവാന്‍ കഴിഞ്ഞു. ടി എന്‍ കൃഷ്ണനായിരുന്നു അന്നവിടെ പ്രിന്‍സിപ്പാള്‍.

 

പ്രിയപ്പെട്ട നേതാക്കള്‍

കുട്ടിക്കാലംമുതല്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെ അടുത്തുകാണാനും പരിചയപ്പെടാനും കഴിഞ്ഞു. എല്ലാവരും അച്ഛന്റെ ആത്മസുഹൃത്തുക്കള്‍. വടകരയിലെ പാര്‍ട്ടിനേതാക്കളായ പി ആര്‍ നമ്പ്യാര്‍, എം കെ കേളുവേട്ടന്‍, എം കുമാരന്‍മാസ്റ്റര്‍ എന്നിവര്‍ അച്ഛനുമായി വൈകാരികബന്ധമുള്ളവര്‍. തിരുവനന്തപുരത്ത് പഠനകാലത്ത് സഖാക്കള്‍ എന്‍ ഇ ബലറാം, സി ഉണ്ണിരാജ, കെ വി സുരേന്ദ്രനാഥ്, ശര്‍മ്മാജി, വെളിയം ഭാര്‍ഗവന്‍, പി ഭാസ്‌കരന്‍(എഐടിയുസി), പി ഗോവിന്ദപിള്ള, വിജയന്‍സാര്‍, സി എം കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയവരുമായി ആത്മബന്ധം പുലര്‍ത്തി. പിന്നീട് പിന്‍തലമുറയിലെ പല നേതാക്കളും എന്റെ സുഹൃത്തുക്കളായി. ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നിരവധിപേര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളും സഖാക്കളും.

V T Singer

കെ വി സുരേന്ദ്രനാഥ്
ആശാനെ വളരെ അടുത്തുനിന്ന് നോക്കികാണാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ലാളിത്യം പാരിസ്ഥിതികബോധം, മാര്‍ക്‌സിസം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പാണ്ഡിത്യം, ഭാഷയിലുള്ള കയ്യടക്കം ഇതെല്ലാം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആശാന്റെ കൂടെയിരുന്ന് അദ്ദേഹം പരിഭാഷപ്പെടുത്തുന്നത് എഴുതിയെടുക്കാന്‍ അവസരം ഉണ്ടായി. തിരുവനന്തപുരത്ത് വാടകയൊന്നുമില്ലാതെ എന്നെ താമസിപ്പിച്ചത് അദ്ദേഹമായിരുന്നു.

 

എഴുത്തുവഴി
ഞാനൊരു എഴുത്തുകാരനാണെന്ന് ഇപ്പോഴും തോന്നിയിട്ടില്ല. എന്റെയുള്ളിലുള്ളത് കുറിച്ചുവെയ്ക്കുന്നു. അതില്‍ ഭാഷാപരമായ ചാരുത നല്‍കാനുള്ള പ്രാപ്തിയൊന്നും എനിക്കില്ല. പന്ത്രണ്ട് പുസ്തകങ്ങള്‍ എന്റേതായിട്ടുണ്ട്. അങ്ങനെ സംഭവിച്ചുപോയതാണ്. എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് പ്രിയസുഹൃത്തും സഖാവുമായിരുന്ന ഐ വി ശശാങ്കനാണ്. പിന്നീട് ഐ വി ബാബുവും. ഇവര്‍ രണ്ടുപേരും നിരന്തരമായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

VT singer

സാംസ്‌കാരികസ്ഥാപനങ്ങളിലെ ഇടപെടല്‍
ഇപ്പോള്‍ സംഗീതനാടക അക്കാദമി നിര്‍വ്വാഹകസമിതി അംഗമാണ്. നേരത്തെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടറായിരുന്നു. സാംസ്‌കാരികസ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന തോന്നലാണ് എപ്പോഴും.

പുരസ്‌കാരങ്ങള്‍
നാടകഗായകന്‍ എന്ന നിലയിലും ലളിതസംഗീത ആലാപാനത്തിന്റെ സമഗ്രതയ്ക്കും കേരള സംഗീതനാടക അക്കാദമിയുടെ രണ്ട് അവാര്‍ഡുകള്‍, കുവൈറ്റ് കേരള അസോസിയേഷന്റെ തോപ്പില്‍ ഭാസി അവാര്‍ഡ്, അബുദാബി യുവകലാസാഹിതി കാമ്പിശ്ശേരി അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമിയുടെ ചാന്ദ്പാഷ പുരസ്‌കാരം, ഗ്രാമദീപം അവാര്‍ഡ് തുടങ്ങിയവ.