ഗിഫു മേലാറ്റൂർ

February 10, 2020, 6:10 am

വി ടി എന്ന തീപ്പന്തം

Janayugom Online

സാമൂഹിക വിപ്ലവകാരിയും എഴുത്തുകാരനും. അന്തർജനങ്ങളെ “അടുക്കളയിൽനിന്ന് അരങ്ങത്തേക്കു’ നയിച്ച ക്രാന്തദർശിയും സാമൂഹികപരിഷ്കരണത്തിനു സാഹിത്യത്തെ ശക്തമായ മാധ്യമമാക്കിയ എഴുത്തുകാരനുമായ വി ടി രാമൻ ഭട്ടതിരിപ്പാട് എന്ന വി. ടി. യില്ലാതെ കേരളത്തിന്റെ നവോത്ഥാന ചരിത്രമില്ല. കേൾക്കൂ, വി ടി എന്ന ആ തീപ്പന്തത്തെക്കുറിച്ച്. വിവിധ ക്ലാസുകളിൽ സാംസ്കാരികനവോത്ഥാനനേതാക്കളെക്കുറിച്ച് പഠിക്കാനുണ്ടല്ലോ…

കുടനീർത്തിയ അക്ഷരങ്ങൾ

“ഈ കണക്കൊന്നു പറഞ്ഞുതര്വോ ഏട്ടാ.… . . ഇതു ചെയ്തുകൊണ്ടു ചെന്നില്ലെങ്കിൽ മാഷെന്നെ പൊറത്തു നിർത്തും.… ! ” ചുമലിൽ തൂക്കിയ തുണിസഞ്ചിയിൽ നിന്ന് ഒരു നോട്ടു പുസ്തകം വലിച്ചെടുത്ത് ഒരു കൊച്ചുപെൺകുട്ടി അമ്പലത്തിലെ ശാന്തിക്കാരനായ യുവാവിനോട് കെഞ്ചി. കുട്ടി നീട്ടിയ പുസ്തകത്തിലെ അക്കങ്ങളും അക്ഷരങ്ങളും കണ്ട് ശാന്തിക്കാരൻ അല്പം ലജ്ജയോടെ കുട്ടിയുടെ മുഖത്തേക്ക് നോക്കി. തനിക്ക് അക്ഷരാഭ്യാസമില്ലെന്ന് ഈ കൊച്ചുപെൺകുട്ടിയോട് മുതിർന്ന താനെങ്ങനെ പറയും. ? വിഷമിച്ചു നിൽക്കുമ്പോൾ കുട്ടിയെ അവളുടെ അമ്മ തിരികെ വിളിക്കുകയും കുട്ടി നോട്ടുബുക്കു വാങ്ങി ഓടിപ്പോവുകയും ചെയ്തു. അന്നത്തെ രാത്രി ശാന്തിക്കാരന് ഉറക്കമില്ലായിരുന്നു. ഒരക്ഷരം പോലും അറിയാത്ത തന്നെ എന്തിന് കൊള്ളാം.… ആ രാത്രിയിലെ ഏതോ യാമത്തിൽ അയാൾ ഒരു ദൃഢപ്രതിജ്ഞയെടുത്തു-തനിക്ക് വിദ്യാഭ്യാസം നേടണം… ! വൈകാതെ ആ കൊച്ചു പെൺകുട്ടിയിൽ നിന്ന് മലയാളത്തിലെ അക്ഷരങ്ങളത്രയും അയാൾ എഴുതി വാങ്ങിച്ചു പഠനവും ആരംഭിച്ചു. ലോകമാകെ ഉറക്കമാകുമ്പോൾ അയാൾ അക്ഷര മന്ത്രങ്ങൾ ഉരുവിട്ട് പഠിച്ചുകൊണ്ടിരുന്നു. ഒരു ദിവസം നിവേദ്യച്ചോറിന് ശർക്കര പൊതിഞ്ഞുകൊണ്ടു വന്ന ഒരു കടലാസിൽ ഒരു കൊമ്പുള്ള ജീവിയുടെ ചുറ്റിലുമായി എഴുതിയ വാക്കുകൾ അയാൾ തപ്പിയെടുത്ത് വായിച്ചു: “മാൻ മാർക്ക് കുട’! അക്ഷരമറിഞ്ഞ ആ ധന്യനിമിഷം അയാൾ എങ്ങനെ മറക്കാനാണ്.… . ആ ചെറുപ്പക്കാരനാണ് നമ്പൂതിരിയെ യഥാർത്ഥ മനുഷ്യനാക്കിയ സാക്ഷാൽ വി. ടി ഭട്ടതിരിപ്പാട്!

ജീവിതരേഖ

പൊന്നാനി താലൂക്കിലെ മേഴത്തൂർ വില്ലേജിൽ വെള്ളിത്തിരുത്തിത്താഴത്ത് തുപ്പൻ ഭട്ടതിരിപ്പാടിന്റെ മകനാണു വി. ടി. രാമൻ ഭട്ടതിരിപ്പാട്. 1896 മാർച്ച് 26‑ന് അമ്മാത്തായ കിടങ്ങുർ കൈപ്പള്ളിമന (അങ്കമാലി)യിൽ ജനിച്ചു. ബാല്യം മുഴുവൻ വേദാധ്യയനമായിക്കഴിഞ്ഞു. മുണ്ടമുക ശാസ്താംകാവിൽ ശാന്തിക്കാരനായിരിക്കെയാണ് അക്ഷരാഭ്യാസം ആരംഭിച്ചത്. പെരിന്തൽമണ്ണ ഹൈസ്കൂളിലും ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലും പഠിച്ചു. ഇടക്കുന്നിയിൽ പഠിക്കുമ്പോൾ 1921-ൽസ്കൂൾ അധികൃതരുടെ സമ്മതമില്ലാതെ അഹ്മദാബാദ് കോൺഗ്രസിൽ പങ്കെടുക്കാൻ പാേയതിനു സ്കൂളിൽനിന്നും പുറത്താക്കപ്പെട്ടു. അല്പകാലം കോൺഗ്രസ് പ്രവർത്തനത്തിലും തുടർന്ന് നമ്പൂതിരി യുവജനസംഘത്തിന്റെ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങളിലും അദ്ദേഹം മുഴുകി. തൃത്താലയിലെ വിദ്യാവിലാസിനി സംസ്കൃത കോളജ്, തൃശൂരിലെ യോഗക്ഷേമം കമ്പനി, മംഗളോദയം കമ്പനി എന്നിവിടങ്ങളിൽ ജോലിയും നോക്കിയിരുന്നു. ഇക്കാലത്ത് ഉണ്ണിനമ്പൂതിരി വാരികയുടെ സഹപത്രാധിപർ, നമ്പൂതിരി യുവജനസംഘത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു. വൃദ്ധവിവാഹം, ഘോഷാസമ്പ്രദായം എന്നിവയ്ക്ക് എതിരായും സ്ത്രീവിദ്യാഭ്യാസത്തിന് അനുകൂലമായും നിരന്തരമായി പ്രചാരണം വി. ടി. നടത്തി. “അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്‘എന്ന പ്രഹസനനാടകം 1929ൽ യോഗക്ഷേമസഭയുടെ 22-ാം വാർഷികത്തിൽ, അവതരിപ്പിക്കാനായി രചിച്ചതും ഇക്കാലത്താണ്. രജനീരംഗം എന്ന പേരിൽ ഇക്കാലത്തു വി. ടി എഴുതിയ സമുദായപരിഷ്കരണപരങ്ങളായ കഥകൾ പിന്നീടു സമാഹരിച്ചു പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കർമ്മമണ്ഡലം

വിപ്ലവപരമായ സാമുദായികപ്രവർത്തനങ്ങൾക്കു വി. ടി, നേത്യത്വം കൊടുക്കാൻ മുതിർന്നപ്പോൾ യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പുണ്ടായി, എം. ആർ, ഭട്ടതിരിപ്പാടിനെക്കൊണ്ടു വിധവാവിവാഹം നടത്തിച്ചപ്പോൾ ആ എതിർപ്പിനു ശക്തി കൂടി. തന്റെ സഹോദരിയെ ഒരു നായർ യുവാവിനു വിവാഹം കഴിച്ചുകൊടുക്കുകകൂടി ചെയ്തപ്പോൾ (1940)നമ്പൂതിരി സമുദായത്തിലെ നല്ലൊരു വിഭാഗം വി. ടി. യെ തളളിപ്പറയാൻ തുടങ്ങി. ഇതോടൊപ്പംതന്നെ ഗുരുവായൂർ സത്യാഗ്രഹം പോലെയുള്ള ബഹുജനസമരങ്ങളിൽ സഹകരിക്കാനും സങ്കുചിതമായ സാമുദായികപ്രവർത്തനം വിട്ടു മനുഷ്യത്വമെന്ന മതം ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കാനും വി. ടി. തീരുമാനിച്ചു. സഹോദരൻ അയ്യപ്പന്റെ സാമൂഹികപരിഷ്കരണ സംരംഭങ്ങളിൽ വി ടി സഹകരിച്ചു. അയിത്തത്തിന്റെ രക്ഷാകേന്ദ്രങ്ങളായ അമ്പലങ്ങൾക്കു തീകൊളുത്താൻ പോലും ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തിന്റെ പേരിൽ കൊച്ചിയിൽ പ്രവേശിക്കുന്നതു നിരോധിച്ചു. കൃതികളും അംഗീകാരങ്ങളും അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകം നമ്പൂതിരി സമുദായത്തിൽ വലിയ കോളിളക്കം ഉണ്ടാക്കി. ഓജസ്സുറ്റതും കാവ്യാത്മകവുമായ ശൈലിയിൽ എഴുതപ്പെട്ട ഇദ്ദേഹത്തിന്റെ ആത്മകഥയാണ് കണ്ണീരും കിനാവും. ഇതു മലയാളത്തിലെ ആത്മകഥാസാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളിൽ ഒന്നായി എണ്ണപ്പെടുന്നു. ഈ ആത്മകഥയ്ക്ക് 1971ലെ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, വെടിവട്ടം കാലത്തിന്റെ സാക്ഷി, എന്റെ മണ്ണ് കണ്ണീരും കിനാവും, ജീവിതസ്മണകൾ, പോംവഴി തുടങ്ങിയവയാണു വി. ടി. യുടെ പ്രധാന കൃതികൾ. 1976‑ൽ കേരള സാഹിത്യഅക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ചു. 1982 ഫെബ്രുവരി 12‑ന് ആ നവോത്ഥാനനായകൻ അന്തരിച്ചു. വി ടി ഭട്ടതിരിപ്പാടിനു മാത്രമായുള്ള വിശേഷണങ്ങൾ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചു (1929) തൃശൂർ മുതൽ കാസർക്കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴ വരെ യാചനായാത്രയ്ക്ക് (1931)നേതൃത്വം നൽകിയ നവോത്ഥാന നായകൻ 1921ൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിന് സമുദായത്തിൽനിന്ന് പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ മംഗളോദയം പത്രത്തിൽ പ്രൂഫ് റീഡറായിരുന്ന സാമൂഹിക പരിഷ്കർത്താവ് പതിനേഴാം വയസ്സിൽ അക്ഷരാഭ്യാസം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് മാൻ മാർക്ക് കുട എന്ന് അക്ഷരാഭ്യാസം നേടിയശേഷം ആദ്യമായി വായിച്ച വാക്കുകൾ നമ്പൂതിരി സമുദായത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച ഈ സാമൂഹിക പരിഷ്കർത്താവ് ഇനി നമുക്ക് അമ്പലങ്ങൾക്കു തീ കൊളുത്താം എന്ന ലഘുലേഖയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ശ്രീകൃഷ്ണപുരം കോളജ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സാമൂഹിക പരിഷ്കർത്താവ് ‑യോഗക്ഷേമസഭയുടെ മുഖ്യ പ്രവർത്തകനായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആപ്തവാക്യത്തോടെ പ്രവർത്തിച്ച നാടകകൃത്തുകൂടിയായ നവോത്ഥാന നായകൻ.