ദക്ഷിണേന്ത്യന്‍ വനങ്ങളില്‍ ഏകീകൃത കഴുകന്‍ സര്‍വേ

Web Desk
Posted on November 19, 2018, 10:15 pm

കല്‍പറ്റ: വംശനാശത്തിന്റെ വക്കിലുള്ള കഴുകന്മാരുടെ സംരക്ഷണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വള്‍ച്ചര്‍ കണ്‍സര്‍വേഷന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ദക്ഷിണേന്ത്യന്‍ വനങ്ങളില്‍ ഏകീകൃത കഴുകന്‍ സര്‍വേ നടത്തുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കഴുകന്മാരുടെ സാന്നിധ്യമുള്ള വനമേഖലകളിലാണ് സര്‍വേ. നാല് സംസ്ഥാനങ്ങളിലും വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി ആദ്യവാരം ഒരേദിവസം ഒരേ സമയമായിരിക്കും സര്‍വേയെന്നു വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പറും കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റുമായ സി കെ വിഷ്ണുദാസ് പറഞ്ഞു.

കഴുകന്മാരെ ഇനം തിരിച്ച് അറിയുന്നതില്‍ പാടവമുള്ള 250 ഓളം പേരാണ് നാലു സംസ്ഥാനങ്ങളിലുമായി സര്‍വേയില്‍ പങ്കെടുക്കുക. വയനാട്ടില്‍ സി കെ വിഷ്ണുദാസ്, പക്ഷിശാസ്ത്രജ്ഞന്‍ സി ശശികുമാര്‍, തമിഴ്‌നാട്ടില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് കോ ഓര്‍ഡിനേറ്ററുമായ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഭാരതിദാസന്‍, കര്‍ണാടകയില്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ മേധാവി രാജ്കുമാര്‍ ദേവരാജെ അര്‍സ്, ആന്ധ്രപ്രദേശില്‍ പക്ഷി ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹുസൈന്‍ എന്നിവര്‍ സര്‍വേയ്ക്ക് നേതൃത്വം നല്‍കും.

ദിവസം 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന പക്ഷിയാണ് കഴുകന്‍. വിവിധ മേഖലകളില്‍ വിവിധ ദിവസങ്ങളില്‍ സര്‍വേ നടത്തുന്നതു ഇവയുടെ യഥാര്‍ഥം എണ്ണവും വൈവിധ്യവും തിട്ടപ്പെടുത്തുന്നതിനു തടസമാകും. ഈ സാഹചര്യത്തിലാണ് ഒരേദിവസം ഒരേസമയം സര്‍വേ ആസൂത്രണം ചെയ്തത്.

തെന്നിന്ത്യയില്‍ കേരളത്തിലെ വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതം, സത്യമംഗലം വനം, കര്‍ണാടകയിലെ ബന്ദിപ്പുര കടുവ സങ്കേതം, നാഗര്‍ഹോള ദേശീയോദ്യാനം, ആന്ധ്രപ്രദേശിലെ ശ്രീശൈലം എന്നിവിടങ്ങളിലാണ് പ്രധാനമായും കഴുകന്മാരുള്ളത്. തവിട്ടുകഴുകന്‍, ചുട്ടിക്കഴുകന്‍, കാതിലക്കഴുകന്‍, തോട്ടിക്കഴുകന്‍ എന്നിവയാണ് ദക്ഷിണേന്ത്യയില്‍ കാണുന്ന മുഖ്യ കഴുകന്‍ ഇനങ്ങള്‍. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വനപ്രദേശങ്ങളില്‍ കരിങ്കഴുകന്‍ (യൂറേഷ്യന്‍ ബ്ലാക്ക് വള്‍ച്ചര്‍), ഹിമാലയന്‍ കഴുകന്‍ എന്നീ ഇനങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലുള്ള നായ്‌ക്കെട്ടിയിലാണ് കരിങ്കഴുകനെ 2017 ഡിസംബറില്‍ കണ്ടത്. 2017 ജനുവരിയില്‍ വനംവന്യജീവി വകുപ്പ് നടത്തിയ സര്‍വേയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ കാക്കപ്പാടത്തു 53 ചുട്ടിക്കഴുകന്മാരെയും അഞ്ച് കാതിലക്കഴുകന്മാരെയും കണ്ടെത്തിയിരുന്നു. വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി റേഞ്ചിലെ ദൊഡ്ഡാടി, അയ്യപ്പന്‍പാറ, ബേഗൂര്‍, പുഞ്ചവയല്‍, ബത്തേരി റേഞ്ചിലെ ഒട്ടിപ്പാറ, കുറിച്യാട് റേഞ്ചിലെ ദൊഡ്ഡക്കുളസി, ഗോളൂര്‍, കുറിച്യാട്, മുത്തങ്ങ റേഞ്ചിലെ മുതുമലക്കല്ല്, മുത്തങ്ങ, കല്ലുമുക്ക് എന്നിവിടങ്ങളില്‍ നടന്ന സര്‍വേയില്‍ 24 പരുന്ത് വര്‍ഗങ്ങളെയും കാണുകയുണ്ടായി.
ഇന്ത്യയില്‍ 1980കളില്‍ ഉണ്ടായിരുന്ന നാല് കോടി കഴുകന്മാരില്‍ 99.9 ശതമാനവും 2005 ആയപ്പോഴേക്കും കഥാവശേഷമായി. ഡൈക്ലോഫെനാക്, കേറ്റോപ്രോഫിന്‍ തുടങ്ങിയ വേദനസംഹാരികള്‍ പ്രയോഗിച്ച കന്നുകാലികളുടെ മൃതാവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ് കഴുകന്മാരില്‍ ഏറെയും ചത്തത്. വ ആന്ധ്രപ്രദേശില്‍ നാമമാത്രമാണ് കഴുകന്മാരുടെ എണ്ണം.
പരിസ്ഥിതി സന്തുലനത്തില്‍ സുപ്രധാന പങ്കുള്ള കഴുകന്മാരുടെ സംരക്ഷണത്തില്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ വനംവന്യജീവി വകുപ്പുകള്‍ അലസത കാട്ടുന്ന സ്ഥിതിയാണുള്ളത്.