വ്യാപാർ 2022 ൽ നടന്ന വിവിധ ബിടുബി മീറ്റുകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകൾക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ത്രിദിന പ്രദർശന മേളയ്ക്ക് സമാപനം. 2417 വ്യാപാര കൂടിക്കാഴ്ചകളാണ് വ്യാപാറിൽ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 324 സെല്ലർമാരും 330 ബയർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രദർശനമേള വേദിയായി. വ്യാപാര സാധ്യതകൾ ഊട്ടിയുറപ്പിക്കുന്നതിനായി അടുത്തയാഴ്ച വിർച്വൽ മീറ്റുകൾ സംഘടിപ്പിക്കും.
കോവിഡ് പ്രതിസന്ധി നേരിട്ട എംഎസ്എംഇ യൂണിറ്റുകൾക്ക് ഉല്പന്നങ്ങൾ അവതരിപ്പിച്ച് ദേശീയ വിപണി നേടിയെടുക്കുന്നതിന് ഊന്നൽ നൽകിയ മേള സംരംഭകത്വ ലോകത്ത് സാങ്കേതിക കഴിവുകൾ വളർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകി. ഏഴ് പ്രധാന സാമ്പത്തിക മേഖലകളിലാണ് മേള ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിൽ ഏറ്റവുമധികം വ്യാപാര ഇടപാടുകൾ നടന്നത് ഭക്ഷ്യസംസ്കരണത്തിലും ആയുർവേദത്തിലുമാണ്. കൈത്തറി, തുണിത്തരങ്ങൾ എന്നിവയാണ് പിറകെ.
331 സ്റ്റാളുകളാണ് പ്രദർശന മേളയിൽ ഉണ്ടായിരുന്നത്. വ്യാപാറിലെ ബിടുബി മീറ്റുകളിലൂടെ 105,19,42,500 രൂപയുടെ ബിസിനസ് സൃഷ്ടിക്കാനാണ് സാഹചര്യമൊരുങ്ങിയത്. എംഎസ്എംഇകൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമെന്ന നിലയിലാണ് വ്യാപാർ 2022 നെ ഏകോപിപ്പിച്ചത്. 324 സെല്ലർമാരിൽ 15 എണ്ണം സർക്കാർ ഏജൻസികളായിരുന്നു. അഖിലേന്ത്യാ വ്യാപാര വാണിജ്യ സംഘടനകളുടെ പ്രതിനിധികൾ, ബിസിനസ് കൺസോർഷ്യങ്ങൾ, ഇ‑കൊമേഴ്സ് എക്സിക്യൂട്ടീവുകൾ, കയറ്റുമതിക്കാർ, മുൻനിര ഉപഭോക്താക്കൾ തുടങ്ങിയവരുടെ ഒത്തുചേരലിന് വ്യാപാർ അവസരമൊരുക്കി.
ബ്രാൻഡഡ് ആയതും അല്ലാത്തതുമായ നിരവധി എംഎസ്എംഇ ഉല്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ഭക്ഷ്യസംസ്കരണം (ഭക്ഷണവും സുഗന്ധവ്യഞ്ജനങ്ങളും), കൈത്തറി, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ (ഫാഷൻ ഡിസൈനും ഫർണിഷിങ് ഉല്പന്നങ്ങളും), റബ്ബർ, കയറുല്പന്നങ്ങൾ, ആയുർവേദം, ഹെർബല്‍, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, കരകൗശല വസ്തുക്കൾ, കൈത്തറി തുണിത്തരങ്ങൾ, മുള ഉല്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന പരമ്പരാഗത മേഖലകൾ എന്നിവയായിരുന്നു മേളയിലെ കേന്ദ്രീകൃത മേഖലകൾ.
സമാപന ദിനം മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 331 എക്സിബിഷൻ സ്റ്റാളുകളിൽ 65 എണ്ണവും വനിതാ സംരംഭകരുടേതാണെന്നത് ആഭ്യന്തര ബയേഴ്സിന്റെയും ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ആഗോള ഇ‑കൊമേഴ്സ് ഭീമൻമാരുടെയും ശ്രദ്ധയും അഭിനന്ദനവും നേടിയെടുക്കാൻ അവസരമൊരുക്കി.
English summary;vyapar mela ; 105 crore commercial transactions
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.