വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്

Web Desk
Posted on October 08, 2017, 8:06 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. തോമസ് മാത്യു, ഡോ. കെ പി മോഹനന്‍, ഡോ. അനില്‍കുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.
ഡോ. രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ കൊണ്ടെത്തിച്ച കൃതിയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ശ്രീലങ്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നോവല്‍ വിപ്ലവവും സമാധാനവും വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന ഫാസിസത്തിന് മുന്നില്‍ നിസ്സഹായരായ ജനതയുടെ ആവിഷ്‌കാരവും കൂടിയായിരുന്നു. സമകാലിക ജീവിത സമസ്യകളുമായി മിത്തിനെയും ചരിത്രത്തെയും അടയാളപ്പെടുത്താന്‍ ടി ഡി രാമകൃഷ്ണന് കഴിഞ്ഞതായി ജൂറി വിലയിരുത്തി.
2014ല്‍ പ്രസിദ്ധികരിച്ച നോവലിന് മലയാറ്റൂര്‍ പുരസ്‌കാരം, കെ സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.