ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ് രംഗത്ത്

Web Desk
Posted on October 10, 2019, 9:52 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ കൂട്ടുപ്രതി വഫ ഫിറോസ് രംഗത്ത്. ശ്രീറാമിനെ പോലെ പവറുള്ള വ്യക്തിയല്ല താനെന്നും, സാധാരണക്കാരിയായ തനിക്ക് നാളെ എന്തും സംഭവിക്കാമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വഫ പറയുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും വഫയാണ് വാഹനമോടിച്ചതെന്നും ശ്രീറാം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വഫ രംഗത്തെത്തിയത്.

താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം എവിടെയെന്നും വഫ ചോദിക്കുന്നു. ‘താനൊരു സാധാരണക്കാരിയാണ്. തനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’ എന്നാണ് വഫ പറയുന്നത്. അതേസമയം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ടുമാസത്തേക്ക് നീട്ടിയിരുന്നു . സംഭവം സംബന്ധിച്ച് ചീഫ് സെക്രട്ടറി നല്‍കിയ നോട്ടീസിന് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചും ക്രിമിനല്‍ നടപടികള്‍ നേരിടുന്ന സാഹചര്യം കൂടി പരിഗണിച്ചുമാണ് സസ്‌പെന്‍ഷന്‍ കാലാവധി രണ്ട് മാസത്തേക്ക് നീട്ടിയിരിക്കുന്നത്. നേരത്തെ പൊലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ചാണ് ശ്രീറാമിന്റെ വിശദീകരണം. അഞ്ച് ദൃക്‌സാക്ഷികളുടെ മൊഴികള്‍ക്കും കൂട്ടുപ്രതി വഫാ ഫിറോസിന്റെ രഹസ്യമൊഴിക്കും വിപരീതമായി താന്‍ അപകടസമയത്ത് വാഹനമോടിച്ചിട്ടില്ലെന്നും മദ്യപിച്ചിട്ടില്ലെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇതിനാല്‍ തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അപേക്ഷിക്കുന്നുണ്ട്. അപകടത്തിന് ശേഷം സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്ത ചീഫ് സെക്രട്ടറി വിശദീകരണവും തേടിയിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് നല്‍കിയ നോട്ടീസിന് മറുപടിയായാണ് ശ്രീറാം വെങ്കിട്ടരാമന്റെ ഏഴ് പേജുള്ള വിശദീകരണം. അപകട സമയത്തെ ദൃക്‌സാക്ഷി മൊഴികളും, പരിശോധിച്ച ഡോക്ടറുടെ നിഗമനവുമെല്ലാം പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ശ്രീറാം വിശദീകരണം നല്‍കിയിരിക്കുന്നത്. കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും അപകട സമയത്ത് വാഹനം ഓടിച്ചത് താനല്ല, സുഹൃത്തായ വഫ ഫിറോസാണെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു. മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചതെന്നും ശ്രീറാം പറയുന്നുണ്ട്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്റെ വിശദീകരണക്കുറിപ്പിലുള്ളത്.