Janayugom Online
wages

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ശമ്പള വര്‍ധനവ്; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

Web Desk
Posted on July 22, 2018, 5:37 pm

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച്  വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെയും ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

സ്വാശ്രയ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. സ്വകാര്യ സ്‌കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് തയ്യാറായി. എയ്ഡഡ് മേഖലയെക്കാള്‍ അധ്യാപകര്‍ സ്വാശ്രയ കോളജുകളില്‍ പഠിപ്പിക്കുന്നുണ്ട്. സര്‍വകലാശാല പരീക്ഷകളുടെ ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയം സ്വാശ്രയ മേഖലയിലെ അധ്യാപകര്‍ക്ക് സര്‍വകലാശാലകള്‍ നല്‍കി വരുന്നുണ്ട്. അതു കൊണ്ടു തന്നെ ഇവരുടെ യോഗ്യതയില്‍ തര്‍ക്കമില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.