Thursday
21 Feb 2019

ഏറ്റവും കുറഞ്ഞ കൂലി ഇപ്പോഴും തോട്ടം മേഖലയില്‍

By: Web Desk | Monday 19 March 2018 10:38 AM IST

മങ്ങുന്നു; വയനാട്ടിലെ
തേയില വ്യവസായത്തിന്റെ പ്രതാപം

ജയിംസ് ജെമ്മന്‍
അടുത്തകാലത്ത് പ്ലാന്റേഷന്‍ മേഖലയിലെ ഒരു പ്രമുഖ കമ്പനി താത്കാലിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന പരസ്യം പത്രങ്ങളില്‍ നല്‍കി. മാനേജ്‌മെന്റ് ദിവസങ്ങളോളം കാത്തിരുന്നിട്ടും തൊഴില്‍ അന്വേഷിച്ചെത്തിയത് രണ്ടേരണ്ടു പേര്‍. അത്രയ്ക്ക് അനാകര്‍ഷകമായിരിക്കയാണ് തോട്ടങ്ങളിലെ ജോലി. മൂന്ന് പതിറ്റാണ്ടുകള്‍ മുമ്പ് തോട്ടങ്ങളിലെ സ്ഥിരം തൊഴിലാളികള്‍ക്ക് കൂലി, ദൈനംദിന ചെലവിനുള്ള പണം, കിടപ്പാടം, ചികിത്സ എന്നിവ സുനിശ്ചിതമായിരുന്നു. ഇന്നതല്ല സ്ഥിതി. എന്താണ് ഈ അവസ്ഥയ്ക്ക് കാരണം? നാല് പതിറ്റാണ്ടായി തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഐടിയുസി ജില്ലാ സെക്രട്ടറി പി കെ മൂര്‍ത്തി പറയുന്നു:
”തോട്ടങ്ങളുടെയും തോട്ടം തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. അതുകൊണ്ടുതന്നെ പുതുതായി ജോലിക്കുചേരാന്‍ ആരും വരുന്നില്ല. മുന്‍പ് തോട്ടം തൊഴിലാളികള്‍ക്ക് ആകര്‍ഷകങ്ങളായ ചില ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. ഒരു കുടുംബത്തില്‍ മൂന്ന് പേരെങ്കിലും ജോലിക്ക് പോയിരുന്നു.
1952ലാണ് മിനിമം വേജസ് പാറ്റേണ്‍ ഉണ്ടാക്കിയത്. ശാസ്ത്രീയമായി പഠനം നടത്തി തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിന് നടപടി പിന്നീട് ഉണ്ടായില്ല. 1952ലെ പ്ലാന്റേഷന്‍ ലേബര്‍ നിയമവും തുടര്‍ന്ന് 1957ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ചട്ടങ്ങളും അനുശാസിക്കുന്ന പരിരക്ഷ തൊഴിലാളികള്‍ക്ക് ക്രമേണ നഷ്ടപ്പെടുകയാണ്. പരോക്ഷമായി മാനേജുമെന്റുകളെ സഹായിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യങ്ങളിലേക്ക് ഒതുങ്ങുകയാണ് തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍. തൊഴിലാളി സംഘടനകള്‍ സമരംചെയ്ത് നേടിയെടുത്ത ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുന്നു.
1977ലാണ് തോട്ടങ്ങളില്‍ സ്ത്രീപുരുഷ തൊഴിലാളികള്‍ക്ക് തുല്യകൂലി ഉറപ്പുവരുത്തുന്ന ഈക്വല്‍ റമ്യൂണറേഷന്‍ ആക്ട് വരുന്നത്. അതിനുമുമ്പ് വ്യത്യസ്ത കൂലിയായിരുന്നു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും. തോട്ടം മേഖലയില്‍ മാത്രമാണ് ഈ നിയമം പ്രാവര്‍ത്തികമാക്കിയിരുന്നത്. 1970കളില്‍ 30 രൂപയ്ക്കും താഴെയായിരുന്നു തൊഴിലാളികള്‍ക്ക് ദിനവേതനം. ഇപ്പോഴത് 314 രൂപയാണ്. ഇതിന്റെ ഇരട്ടിയോളമാണ് തോട്ടങ്ങള്‍ക്ക് പുറത്ത് അവിദഗ്ധ തൊഴിലാളിക്ക് കൂലി. അതിനാല്‍ത്തന്നെ തോട്ടങ്ങളില്‍ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. രണ്ടായിരത്തിനു മുകളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്ന തോട്ടങ്ങളില്‍ ഇപ്പോള്‍ ആയിരത്തിനു ചുവടെയാണ്. വര്‍ഷങ്ങളുടെ സര്‍വീസ് ബാക്കിയിരിക്കെ പിരിഞ്ഞുപോകുകയാണ് തോട്ടം തൊഴിലാളികളില്‍ പലരും.
തൊഴിലാളികളും മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയായ പ്ലാന്റേഷന്‍ കമ്മിറ്റി ഫലത്തില്‍ നോക്കുകുത്തിയായിരിക്കയാണ്. ലേബര്‍ കമ്മിറ്റി യോഗങ്ങളില്‍ വേതനത്തിന്റെ കാര്യം മാത്രം ചര്‍ച്ചചെയ്ത് ഒരു പക്ഷേ, തീരുമാനത്തിലെത്തുകയും അല്ലാത്തപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുളളത്.
വളരെ ശക്തമായ നിലപാടുകളെടുത്താണ് പലപ്പോഴും മാനേജ്‌മെന്റ് പ്രതിനിധികള്‍ പിഎല്‍ സി യോഗങ്ങള്‍ക്കെത്തുന്നത്. ഒരു യോഗത്തില്‍ അര്‍ധ സമ്മതം മൂളിയ ഒരു കാര്യത്തെ അടുത്ത യോഗത്തില്‍ തിരസ്‌കരിക്കുന്ന പ്രവണത മാനേജ്‌മെന്റ് പക്ഷത്ത് വര്‍ധിച്ചുവരികയാണ്. ലേബര്‍ കമ്മിറ്റി യോഗങ്ങളില്‍ മുന്‍പത്തെ മാന്യത തോട്ടം മാനേജ്‌മെന്റ് പ്രതിനിധികള്‍ കാട്ടുന്നില്ല. ലേബര്‍ കമ്മിറ്റി യോഗങ്ങളില്‍ കൂലിക്കാര്യത്തില്‍ തീരുമാനം ഉണ്ടാകാതെ വരുന്ന സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പവെടുവിക്കുന്നത്. ഈ വിജ്ഞാപനങ്ങളെ പോലും മാനേജ്‌മെന്റുകള്‍ സ്വാധീനിക്കുകയാണ്. ഇതിനുദാഹരണമാണ് ഏറ്റവും ഒടുവിലുത്തെ വിജ്ഞാപനം.
ഡിഎ പോയിന്റിന്റെ 75 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇത് ലഭിച്ചുകൊണ്ടിരുന്ന ഒരാനുകൂല്യത്തിന്റെ വലിയ പങ്ക് തൊഴിലാളികള്‍ക്ക് നഷ്ടമാകുന്നതിന് കാരണമായി. തുടര്‍ന്നുവരുന്ന ജീവിതനിലവാര സൂചികയനുസരിച്ച് ഡിഎ വര്‍ധിക്കുമ്പോഴും 70 ശതമാനം തൊഴിലാളികള്‍ക്ക് നഷ്ടമാകും. 13 മാസത്തെ കുടിശികയാണുണ്ടായിരുന്നത്. അത് ആറു മാസത്തേതായി ചുരുക്കി. ഈയിനത്തിലും ഓരോ തൊഴിലാളിക്കും പതിനായിരം രൂപയില്‍ കുറയാത്ത തുക നഷ്ടമാക്കി.
തോഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി കൊടുക്കാത്ത തോട്ടങ്ങള്‍ വയനാട്ടില്‍ ഇഷ്ടംപോലെയാണ്. പ്രോവിഡന്റ് ഫണ്ട് പിടിച്ചാലും അടയ്ക്കില്ല. ഇതുകൊണ്ടൊക്കെയാണ് തോട്ടങ്ങളിലെ തൊഴില്‍ അനാകര്‍ഷകമാകുന്നത്”.

നാളെ: തൊഴിലാളി ക്ഷാമത്തിന് പരിഹാരം സാമൂഹ്യക്ഷേമം ഉറപ്പാക്കല്‍

Related News