വേതന പരിഷ്‌കരണം: ബാങ്ക് ജീവനക്കാര്‍ ദ്വിദിന പണിമുടക്കിലേക്ക്

Web Desk
Posted on May 06, 2018, 11:17 pm

ന്യൂഡല്‍ഹി: വേതന പരിഷ്‌കരണം നടപ്പിലാക്കാത്തതിലും തുച്ഛമായ വര്‍ധന വാഗ്ദാനം ചെയ്ത നടപടിയിലും പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ദ്വിദിന പണിമുടക്കിനൊരുങ്ങുന്നു. ഈ മാസം അവസാനം പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്ക് നടത്തുമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം അറിയിച്ചു.
കഴിഞ്ഞ നവംബറിലായിരുന്നു വേതന പരിഷ്‌കരണം നടപ്പിലാക്കേണ്ടിയിരുന്നത്. മുന്‍കൂട്ടി തന്നെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനും വേതനവര്‍ധന നിരക്ക് അംഗീകരിക്കാനും കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് 2017 മെയ് മാസത്തില്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. പല തവണ ബാങ്ക് യൂണിയനുകളുമായി കൂടിയാലോചനകള്‍ നടത്തിയെങ്കിലും വേതന പരിഷ്‌കരണം സംബന്ധിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ തയ്യാറായില്ല. മാര്‍ച്ച് 15 ന് പ്രത്യക്ഷസമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചകള്‍ക്ക് സന്നദ്ധമായതിനാല്‍ പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ ഐബിഎയും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും രണ്ടു ശതമാനം വര്‍ധന മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. 2012 ല്‍ നിലവില്‍ വന്ന വേതന പരിഷ്‌കരണ വേളയില്‍ 15 ശതമാനം വര്‍ധനയാണ് അംഗീകരിച്ചിരുന്നത്. അതുകൊണ്ട് തുച്ഛമായ വേതന വര്‍ധന നിര്‍ദ്ദേശം സംഘടനകള്‍ നിരാകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുന്നതെന്ന് വെങ്കിടാചലം അറിയിച്ചു. മെയ് ഒമ്പതിന് എല്ലാ ബാങ്കുകള്‍ക്കു മുന്നിലും ജീവനക്കാരും ഓഫീസര്‍മാരും പ്രകടനം നടത്തും. പ്രശ്‌നപരിഹാരമാകുന്നില്ലെങ്കില്‍ ഈ മാസം അവസാനം ദ്വിദിന പണിമുടക്ക് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.