Friday
22 Feb 2019

താജ്മഹല്‍ തര്‍ക്കം; ഷാജഹാന്‍ ഒപ്പിട്ട രേഖകള്‍ ഹാജരാക്കാന്‍ വഖഫ് ബോര്‍ഡിനോട് സുപ്രിം കോടതി

By: Web Desk | Wednesday 11 April 2018 8:08 PM IST

ന്യൂഡല്‍ഹി: താജ്മഹലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവകാശ തര്‍ക്ക കേസില്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെ അവകാശതര്‍ക്കം നിലനില്‍ക്കുന്നത്. താജ്മഹലിന്‍റെ അവകാശം മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്‍റെ വാദത്തിലാണ് സുപ്രിം കോടതി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്‍റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് ബോര്‍ഡിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. താജ്മഹല്‍ വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക, ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയുടെ സമയം കളയരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Related News