Web Desk

കൊച്ചി

January 06, 2021, 2:47 pm

വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ നിലപാടും നിര്‍ണ്ണായകമായി

Janayugom Online

വാളയാര്‍ കേസില്‍ നിര്‍ണ്ണായകമായത് അന്വേഷണത്തിലും വിചാരണയിലും പിഴവുണ്ടായെന്ന സര്‍ക്കാര്‍ വാദം. രക്ഷിതാക്കളും സര്‍ക്കാറും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് പുനര്‍വിചാരണ വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പുനരന്വേഷണം വേണമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു പെണ്‍കുട്ടികളുടെ രക്ഷിതാക്കളും സര്‍ക്കാറും ആവശ്യപ്പെട്ടത്. പ്രതികള്‍ക്കെതിരെ മാതാപിതാക്കള്‍ നല്‍കിയ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതും നിര്‍ണ്ണായകമായി.

പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായി. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല.

പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ലെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. പോക്‌സോ നിയമപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല. ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. തുടങ്ങിയ കാരണങ്ങള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

പ്രധാന സാക്ഷികളേയും രഹസൃ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല. വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ കോടതി ഇടപെടണമായിരുന്നു, അതുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു.

കോടതി ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.

Eng­lish sum­ma­ry: Wala­yar case followup
You may also like this video: