നമുക്ക് നല്ലനടപ്പിന്റെ കാവലാളാകാം

Web Desk
Posted on November 14, 2019, 10:32 pm

ഇന്ത്യ കണ്ട ഏറ്റവും മഹാനായ ന്യായാധിപനും കേരളത്തിന്റെ ആദ്യ ആഭ്യന്തര നിയമ മന്ത്രിയുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ ഇന്ന് (നവംബർ 15) ‘നല്ലനടപ്പ് ദിനം’ ആയി ആഘോഷിക്കുകയാണ്. പ്രൊബേഷൻ സംവിധാനത്തെ ഒരു സാമൂഹ്യ പ്രതിരോധ സംവിധാനമായി ഉയർത്തിക്കൊണ്ട് വ­രിക എന്നതാണ് സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നത്. സുനിൽ ബത്ര v/s ഡൽഹി അഡ്മിനി­സ്ട്രേഷൻ എന്ന കേസിന്റെ വിധിയിലൂടെ ഇന്ത്യൻ ജയിൽ പരിഷ്കരണത്തിന് തുടക്കമിട്ട വ്യക്തിയാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ. ജയിലുകൾ തിങ്ങി നിറയുന്നത് ഒഴിവാക്കാൻ പ്രൊബേഷൻ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലൂടെ കഴിയും എന്നതിനാലാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനം തന്നെ ‘നല്ലനടപ്പ് ദിന’മാക്കാൻ തീരുമാനിച്ചത്. ഇതൊരു പുതിയ ചുവടുവെയ്പാണ്.

ഏത് കുറ്റവാളിയിലും നിരന്തരം ഇടപെട്ടാൽ മാറ്റമുണ്ടാക്കാൻ കഴിയും എന്ന് വിശ്വസിച്ച ആ മഹദ് വ്യക്തിയുടെ ജന്മ ദിനം തന്നെയാണ് നല്ലനടപ്പ് ദിനമായായി ആഘോഷിക്കാൻ തീരുമാനിച്ചതും. നല്ലനടപ്പ് അഥവാ പ്രൊബേഷനെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിലെത്തുക അമേരിക്കയിലെ 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (1841) ഒരു ചെരുപ്പുകുത്തിയിലേക്കാണ്. അമേരിക്കയിൽ ബോസ്റ്റണിലെ ‘പൊലീസ് കോടതി‘ക്ക് മുമ്പിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ചെറിയ കുറ്റങ്ങൾ കൈകാര്യം ചെയ്തിരുന്ന പൊലീസ് കോടതിയിൽ എത്തുന്നവരിൽ മിക്കവരും വലിയ പിഴ നൽകുകയോ, പിഴ നൽകാൻ ശേഷിയില്ലാത്തവർ ജയിലിലടക്കപ്പെടുകയോ ചെയ്യുമായിരുന്നു. ഒരു ദിവസം അദ്ദേഹം കോടതിയിൽ കയറിച്ചെന്ന് ഒരാളെ ചൂണ്ടി ന്യായാധിപനോട് ചോദിച്ചു. ‘ഇയാളുടെ സാഹചര്യങ്ങളാണ് ഇയാളെ കുറ്റകൃത്യത്തിലേക്ക് എത്തിച്ചത്. ഇയാളെ രണ്ടാഴ്ച എന്റെ കൂടെ വിടൂ.

ഇയാളുടെ മദ്യപാന ശീലം ഉൾപ്പെടെ ഞാൻ മാറ്റിയെടുക്കാം…’ കോടതി ആ വെല്ലുവിളി ഏറ്റെടുത്തു. രണ്ടാഴ്ച കഴിഞ്ഞ് ഹാജരാക്കാൻ ചെരിപ്പുകുത്തിക്ക് നിർദേശവും കൊടുത്തു. ചെരുപ്പുകുത്തി തന്നോടൊപ്പം എല്ലാ കാര്യത്തിലും അ­യാളെയും കൂട്ടി. അയാളുടെ ജീവിതം അടുത്തറിഞ്ഞു. മനസിലെ മാലിന്യങ്ങൾ കുടഞ്ഞുകളയാൻ സഹായിക്കുകയും ഉത്തമ വ്യക്തിത്വത്തിലേക്ക് നയിക്കുകയും ചെയ്തു. തന്റെ ജോലിയിൽ അയാളെയും പ്രാപ്തനാക്കി. രണ്ടാഴ്ച കഴിഞ്ഞു. ഇരുവരും കോടതിക്ക് മുന്നിൽ ഹാജരായി. മ­ദ്യപിച്ച് ലക്കുകെട്ട് മുഷിഞ്ഞു നാറിയ വസ്ത്രവും ഉലഞ്ഞ ശരീരവുമായി കോടതിക്ക് മുന്നിൽ അസഭ്യവർഷവുമായി 14 ദിവസം മുമ്പെ നിന്നിരുന്ന അയാൾ അമ്പേ മാറിപ്പോയിരിക്കുന്നു. ആ കോടതിക്ക് തന്നെ അത്ഭുതമായി. കോടതി ജോൺ അഗസ്റ്റസ് എന്ന് പേരായ നമ്മുടെ കഥാനായകനോടു ചോദിച്ചു. ‘എന്ത് മാന്ത്രിക വിദ്യയാണ് നിങ്ങളിയാളിൽ പ്രയോഗിച്ചത്. ’ ജോൺ അഗസ്റ്റിന്റെ മാന്ത്രികവിദ്യ അംഗീകരിക്കപ്പെട്ടു. 1859 ൽ ജോൺ അഗസ്റ്റസ് മരിക്കുമ്പോഴേക്കും വിവിധ കോടതികളിൽ നിന്നായി നിരവധി പേരെ അദ്ദേഹം നല്ലനടപ്പിനായേറ്റെടുത്തു.

സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ അദ്ദേഹം നല്ലനടപ്പിന് വിധേയമാക്കി. അദ്ദേഹത്തിന് കീഴിൽ കോടതി നല്ലനടപ്പിന് വിധേയമാക്കിയ 1946 വ്യക്തികളിൽ 10 പേർ മാത്രമായിരുന്നു പതിനെട്ട് വർഷക്കാലയളവിനിടയിൽ വീണ്ടും കുറ്റകൃത്യത്തിലേക്ക് മടങ്ങിപ്പോയത്. ജോൺ അഗസ്റ്റസിൽ നിന്നും നല്ലനടപ്പ് സംവിധാനം ഒത്തിരി വളർന്നു. ലോകത്താകെ പടർന്ന് പന്തലിച്ചു. കൂടുതൽ ശാസ്ത്രീയമായി. സ്വതന്ത്ര ഇന്ത്യയിൽ ജവഹർലാൽ നെഹ്റുവിന്റെ പ്രത്യേക താല്പര്യത്തിൽ നല്ലനടപ്പ് സ­മ്പ്രദായം 1958 മുതൽ നടന്നു തുടങ്ങി. രണ്ടു തരത്തിലുള്ള നല്ലനടപ്പാണ് നമ്മുടെ രാജ്യത്തുള്ളത്. കോടതി വിടുതൽ ചെയ്യുന്ന നല്ലനടപ്പും (judi­cial Pro­ba­tion) ഉദ്യോഗസ്ഥ സംവിധാനം വിടുതൽ ചെയ്യുന്ന നല്ല നടപ്പും (Exec­u­tive Pro­b­ation). ജുഡീഷ്യൽ പ്രൊബേഷനിൽ തന്നെ കുട്ടികളുടെ നല്ലനടപ്പ് പ്രത്യേക സംവിധാനമായി പ്രവർത്തിച്ചുവരുന്നു. ഒരാൾ കുറ്റക്കാരി അല്ലെങ്കിൽ കുറ്റക്കാര­നാണെ­ന്ന് തെളിയുമ്പോഴാണ് പൊതുവെ നല്ലനടപ്പിനെ കുറിച്ച് നീതിപീഠം ആലോചിക്കുക.

സാമൂഹ്യനീതി വകുപ്പിലെ ജില്ലാ പ്രൊബേഷൻ ഓഫീസർമാരാണ് പരസ്യമായും രഹസ്യമായും ഉള്ള അന്വേഷണത്തിലൂടെ കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തുക. തുടർന്ന് അയാളെ ഉപാധികളോടെ വിടുതൽ ചെയ്താലും പ്രൊബേഷൻ ഓഫീസറുടെ മാർഗ നിർദ്ദേശങ്ങളും നിരീക്ഷണവും കോടതി നിഷ്കർഷിക്കും. 1958 ലാണ് ഇന്ത്യയിൽ നല്ല നടപ്പു നിയമം (Pro­ba­tion of offend­ers Act) നിലവിൽ വരുന്നത്. 1960 ൽ അതിന്റെ കേരളാ ചട്ടങ്ങളും നിലവിൽ വന്നു. ബാലനീതി നിയമത്തിന് 1986 ൽ തുടക്കം കുറിച്ചതോടെ കുട്ടികളുടെ പ്രൊബേഷൻ സംവിധാനത്തിനും പ്രാഥമിക രൂപമായി. 1961 ലെ കേരള ബോസ്റ്റൽ സ്കൂൾ നിയമം, 1956ലെ ലൈംഗിക വാണിഭ നിരോധന നിയമം തുടങ്ങിയവയും ജുഡീഷ്യൽ പ്രൊബേഷന്റെ അടിത്തറയാണ്. ഇപ്പോൾ കേരളത്തിൽ പ്രൊബേഷൻ ഓഫീസർമാരുടെ മേൽനോട്ടത്തിൽ കോടതി വിടുതൽ ചെയ്ത 215 പേർ മാത്രമാണുള്ളത്. ഒരു വർഷം മുമ്പ് പരിശോധിച്ചപ്പോൾ അത് 147 മാത്രമായിരുന്നു. സർക്കാർ ആവശ്യമായ പിന്തുണ കൊടുത്തപ്പോൾ നീതിന്യായ മേഖലയും ഈ വിഷയത്തെ വീണ്ടും ഗൗരവമായി പരിഗണിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്.

വരുന്ന ഒരു വർഷം കൊണ്ട് 600 പേരെയെങ്കിലും ജുഡീഷ്യൽ പ്രൊബേഷനിൽ എത്തിച്ച് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ നൽകി നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഇവരുടെ പരിവർത്തനത്തിനായി സാമൂഹ്യ മനശാസ്ത്ര സംവിധാനങ്ങൾ ജില്ലാ പ്രൊബേഷൻ ഓഫീസുകൾ വഴി സർക്കാർ ഒരുക്കിയിട്ടുണ്ട്. ഒരിക്കൽ കുറ്റകൃത്യത്തിൽപ്പെട്ടവർ വീണ്ടും കേസിൽ പെടാതെ നോക്കാൻ ഈ സംവിധാനങ്ങളുടെ ഇടപെടൽ വഴി കഴിയുന്നുണ്ട്. ഒരു നിശ്ചിത കാലം ജയിലിൽ കഴിയുകയും ജയിലിൽ നല്ല സ്വഭാവം പ്രദർശിപ്പിക്കുകയും ചെയ്തവരെ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ കുടുംബ സാമൂഹ്യ ജീവിതം നയിക്കാൻ അനുവദിക്കുന്നതാണ് എക്സിക്യുട്ടീവ് പ്രൊബേഷൻ. 2014ലെ ജയിൽ ചട്ടങ്ങൾ ആണ് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് പ്രൊബേഷന്റെ കേരളത്തിന്റെ അടിസ്ഥാനം. ഇതും നടപ്പാക്കുന്നത് സാമൂഹ്യ നീതി വകുപ്പ് തന്നെ. 80 പേർ ഇപ്പോൾ എക്സിക്യുട്ടീവ് പ്രൊബേഷനിൽ കേരളത്തിലുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണവും വർദ്ധിക്കേണ്ടതുണ്ട്. സമൂഹത്തിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തി കുറ്റവാളികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് സമൂഹ്യനീതി വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിലെ ജയിലുകളിലുള്ള ആൾപ്പെരുപ്പം ഒഴിവാക്കാൻ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സാദ്ധ്യമവുന്നതാണ്.

വിവിധ സാമൂഹിക മാനസിക ഇടപെടലിലൂടെ കുറ്റകൃത്യത്തിൽ നിന്നും അവരെ പിന്തിരിപ്പിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപകാരികളായി മാറ്റാൻ സാധിക്കും. ഗൗരവതരമല്ലാത്ത കുറ്റം ചെയ്യുന്ന ആദ്യ കുറ്റവാളികളിലും മറ്റും സാമൂഹ്യ മനഃശാസ്ത്ര ഇടപെടൽ നടത്തിയാൽ ജയിലുകളുടെ എണ്ണം കുറയ്ക്കാൻ കേരളത്തിൽ സാധിക്കും. സാഹചര്യം കൊണ്ട് ചെറിയ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ വീണ്ടും കേസിൽ പെടാതെ നോക്കാൻ നമുക്ക് കഴിയും. ഇതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് ഫലവത്തായാൽ കേരളം രാജ്യത്തിന് മാതൃകയാകുന്നതാണ്. സാഹചര്യങ്ങൾ കൊണ്ട് കേസിൽ പെട്ടവരെപ്പോലെതന്നെ കുറ്റകൃത്യത്തിനിരയായവർക്കും കൈത്താങ്ങാവുന്ന പദ്ധതികൾ ഈ വർഷം സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പുതിയ സാമൂഹ്യ പ്രതിരോധ നയത്തിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ‘നേർവഴി’ പദ്ധതിയിലൂടെ മുതിർന്ന കുറ്റാരോപിതർക്കിടയിലും ‘കാവൽ’ പദ്ധതിയിലൂടെ കുട്ടികൾക്കിടയിലും വ്യക്തമായ സാമൂഹ്യ ഇടപെടൽ സർക്കാർ നടത്തി വരുകയും ചെയ്യുന്നു. പരിഷ്കൃത സമൂഹത്തിൽ മനുഷ്യനെ കുറ്റവാസനകളിൽ നിന്നും മാറ്റിയെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്.

പല സാഹചര്യങ്ങളാലാണ് ഒരാൾ കുറ്റവാളിയാകാറുള്ളത്. അവരിൽ ചിലരെങ്കിലും അറിയാതെ ചെയ്തു പോകുന്നവരോ തിരിച്ചുവരാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവരോ ആണ്. അവർക്ക് നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് നല്ല നടപ്പ് നൽകിയാൽ ബഹുഭൂരിപക്ഷം പേരിലും വലിയ മാറ്റം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തകർന്നു പോകുമായിരുന്ന നിരവധി കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഇതുവഴി കഴിയും എന്നതാണ് ഇതിന്റെ സാമൂഹ്യ പ്രാധാന്യം. വിവിധ ഇടപെടലുകളിലൂടെ കഴിഞ്ഞ മൂന്നു വർഷമായി ഗൗരവമായ തോതിൽ കേസുകൾ കുറഞ്ഞു വരുന്ന സംസ്ഥാനമായി മാറിയിട്ടുണ്ട് നമ്മുടെ കേരളം. നമ്മളെല്ലാവരും ഒന്നുചേർന്ന് പരിശ്രമിച്ചാൽ സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതു പോലെ കുറ്റകൃത്യങ്ങൾ കുറഞ്ഞ് അധികം ജയിലുകൾ ആവശ്യമില്ലാത്ത ഒരു പ്രദേശമായി കേരളം മാറുക തന്നെ ചെയ്യും. ഈയൊരു വലിയ ദൗത്യം വിജയകരമാകാൻ എല്ലാവരുടേയും പിന്തുണ അഭ്യർഥിക്കുന്നു.