കനത്ത മഴ; കെട്ടിട ഭിത്തി ഇടിഞ്ഞുവീണ് 17 മരണം

Web Desk
Posted on June 29, 2019, 9:05 am

പുണെ: കെട്ടിടഭിത്തി ഇടിഞ്ഞുവീണ് നാലു കുട്ടികളുള്‍പ്പെടെ 17 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പുനെയിലെ കോന്ദ്വ മേഖലയിലാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് അറുപത് അടിയോളം ഉയരമുള്ള മതില്‍ തൊട്ടടുത്തുള്ള കുടിലുകള്‍ക്ക് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം നടന്നത്.

കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടതായാണ് വിവരം. കൂടാതെ ചിലര്‍ അപകടസ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടങ്ങിയ മഴ കനത്തതോടെയാണ് കെട്ടിടവശം തകര്‍ന്നുവീണത്.