വാള്‍പേപ്പര്‍

Web Desk
Posted on June 30, 2019, 10:54 am

ഷീജാ ഗൗരി

ഗ്യാലറി വാള്‍ പേപ്പറായി
നിന്റെ ചിത്രം
കണ്ണുകളില്‍
ഇമേജസ് ഐക്കണ്‍
അതില്‍ ഒളിപ്പിച്ച് വച്ചൊരു
പെട്ടി തുറന്നാല്‍
നമ്മളൊരുമിച്ചൊരു സ്വര്‍ഗം
തുറന്നുവരും.

ഒരുമിച്ച് ചിരിച്ചത്, ഇരുന്നത്
നിന്നത്, കിടന്നത്
തിന്നത്, കുടിച്ചത്
മഴയില്‍ നനഞ്ഞതും
മിഴിയില്‍ ലയിച്ചതമൊക്കെ.

നിന്റെ ചുണ്ടുകളില്‍
ഡയലര്‍ ഐക്കണ്‍.
ചിരിയും മൊഴിയും സ്‌നേഹ
മര്‍മ്മരങ്ങളും ഒഴുകിയെത്തിയ,
നമുക്കിടയിലകലമില്ലെന്ന്
തോന്നിപ്പിച്ച തരംഗ ദൂരം.

വലത്തേ നെഞ്ചില്‍
എനിക്ക് വേണ്ടതെല്ലാം
തരുന്ന നിന്റെ ഗൂഗിള്‍ ബുദ്ധിയും
വേണ്ടതൊക്കെ ആപ്പുകളായി
തരുന്ന പ്ലേ സ്റ്റോറും

ഇടത്തേ നെഞ്ചില്‍
വാട്‌സാപ്പുംഫേസ്ബുക്കും
പിന്നെ സെറ്റിംഗ്‌സും.

നിന്റെ സിസ്റ്റം സോഫ്റ്റ് വെയറില്‍
വൈറസായി നുഴഞ്ഞു കയറിയിട്ടും,
എനിക്കൊരിക്കലും ഇടം കിട്ടാത്ത
നിന്റെ സെറ്റിംഗ്‌സുകളില്‍
നൊന്തു പിടയുമ്പോഴും

ഇവിടെ, എന്റെ വാള്‍ പേപ്പറില്‍
പുഞ്ചിരിക്കുന്ന നിന്റെ ചിത്രത്തിന്റെ
ഇടത്തേ നെഞ്ചിലെ സെറ്റിംഗ്‌സിന്,
നിന്നോടുള്ള എന്റെ ഒടുങ്ങാത്ത പ്രണയം
പാസ് വേഡാകുന്നു.