ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപ് സ്കൂൾ അസംബ്ലിയിൽ ഉരുവിടാനാരംഭിച്ച പ്രതിജ്ഞാവാചകമാണ്: “ഭാരതം എന്റെ ജന്മനാടാണ്; എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരങ്ങളാണ്; ഞാൻ എന്റെ നാടിനെ സ്നേഹിക്കുന്നു…” എന്നത്. ഈ പ്രതിജ്ഞ ചൊല്ലുമ്പോഴും എനിക്കറിയാമായിരുന്നു എന്റെ സഹപാഠികളിൽ പലരും വ്യത്യസ്ഥരാണ് എന്ന്. പ്രതിജ്ഞയിലെ സഹോദരീ സഹോദരങ്ങളാണ് എന്ന പ്രയോഗം തീർച്ചയായും ഒരു വ്യത്യാസത്തെ സൂചിപ്പിക്കുന്നു. അതൊരു പ്രശ്നമായിരുന്നില്ല. അതല്ലാതെ, ചില കുട്ടികൾ നെറ്റിയിൽ ചന്ദനക്കുറി തൊട്ടിരുന്നു, എനിക്ക് അങ്ങിനെ ഒന്നുണ്ടായിരുന്നില്ല.
ഒരു പെൺകുട്ടി തല മുഴുവൻ മൂടുന്ന ഒരു വസ്ത്രം ധരിച്ചാണ് വന്നിരുന്നത്. എന്റെ സഹോദരി പള്ളിയിൽ പോകുമ്പോൾ മാത്രം അത്രത്തോളം തന്നെ വരാത്ത ഒരു സ്കാർഫ് മാത്രമേ തലയിൽ ധരിക്കാറുള്ളൂ. ചില ആൺകുട്ടികൾക്ക് എന്നിൽനിന്നും വ്യത്യസ്ഥമായി തോളിൽനിന്നും താഴോട്ട് ശരീരത്തിന് കുറുകെ ഒരു വെളുത്ത ചരട് ഉണ്ടായിരുന്നു. ചിലർ കൂടുതൽ കറുത്തവരായിരുന്നു. ഇതൊക്കെ ആണെങ്കിലും ക്ലാസിലെ ബഞ്ചിലിരിക്കുമ്പോഴോ കളിസ്ഥലത്തോ ആൺകുട്ടി പെൺകുട്ടി എന്ന രണ്ടു വിഭാഗമല്ലാതെ മറ്റൊരു വ്യത്യാസം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ചിലപ്പോൾ ക്ലാസിൽ വികൃതി കാണിച്ചാലോ ഗൃഹപാഠം ചെയ്യാതെ വന്നാലോ അദ്ധ്യാപകർ ആൺകുട്ടികളെ പെൺകുട്ടികളുടെ കൂടെ ഇരുത്തിയിരുന്നു മറ്റു ചിലപ്പോൾ തിരിച്ചും. അപ്പോൾ ആ വിഭജനവും ഇല്ലാതായി. ഇത് പള്ളിക്കൂടത്തിലെ കഥ. എന്നാൽ പൊതു ഇടങ്ങളിൽ കുറെ വ്യത്യാസം അക്കാലത്ത് ഉണ്ടായിരുന്നു. ചിലർ താഴ്‌ന്ന ജാതി, മറ്റു ചിലർ ഉയർന്നവർ, പണിക്കാർ, മേലാളർ ഇങ്ങനെ ചിലത്. ഇത് ചാതുർവർണ്യത്തിന്റെ സ്വാധീനത്തിൽ ഉണ്ടായതാണ് എന്ന് മുതിർന്നപ്പോഴാണ് മനസ്സിലായത്. ഭാരതത്തിന്റെ പല ഇടങ്ങളിലും ഈ വ്യത്യാസം വളരെ തീവ്രമാണ് എന്നും പലയിടങ്ങളിലും ഇതുമൂലം വലിയ കലഹവും കൊലപാതകം വരെയും ഉണ്ടാകാറുണ്ട് എന്നും പത്രവായന തുടങ്ങിയ കാലം മുതൽ ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാൽ കേരളത്തിൽ അത്തരം വാർത്തകൾ അപൂർവ്വമായേ ഞാൻ കേട്ടിട്ടുള്ളൂ; മറിച്ച് എന്റെ സ്കൂളിലെ അവസ്ഥ സാവകാശം സമൂഹത്തിന്റെ മറ്റിടങ്ങളിലേക്ക് പടരുന്നതായാണ് ഞാൻ കണ്ടത്. ഇതിന്റെ കാരണമായി ഞാൻ മനസ്സിലാക്കിയിട്ടുള്ളത് കേരള സംസ്ഥാനത്ത് വിദ്യാഭ്യാസ മേഘലയിൽ ഉണ്ടായ മുന്നേറ്റമാണ്. അതിന് പുരോഗമനാശയമുള്ള രാഷ്ട്രീയ-മത പ്രസ്ഥാനങ്ങളാണ് കാരണം എന്ന് ഞാൻ വിലയിരുത്തി. ഭാരതത്തിൽ ആര്യന്മാരുടെ വരവോടെ ചാതുർവർണ്യം എന്ന സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടു എന്നും അതിൽ ഓരോ വിഭാഗത്തിനും തങ്ങളുടേതായ അതിരുകൾ ഉണ്ടായിരുന്നു എന്നു പിൽക്കാലത്ത് ഞാൻ പഠിച്ചു.
ഈ വിഭജനം പ്രാഥമികമായി തൊഴിൽപരമായിരുന്നു എങ്കിലും തൊഴിൽ മേഘലയുടെ തുടർച്ചക്ക് പരസ്പരമുള്ള ഇടപെടലുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു എന്നു ഞാൻ മനസ്സിലാക്കി. എന്നാൽ ഗൗരവമുള്ള മറ്റൊരു കാര്യം ഈ വിഭജനത്തിൽ പെടാതെ കുറെ മനുഷ്യർ തൊട്ടുകൂടാത്തവർ എന്ന വിധത്തിൽ അകറ്റി നിർത്തപ്പെട്ടിരുന്നു എന്നതാണ്. ഭാരതം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതോടെ ഇത്തരം വേർപിരിവുകൾ തത്വത്തിൽ അപ്രസക്തമായി എന്ന നില വന്നു. ആഴത്തിൽ വേരൂന്നിയ മതിൽകെട്ടുകൾ അത്ര പെട്ടെന്ന് ഇടിഞ്ഞുവീഴില്ല എന്നെനിക്കറിയാം. എന്നാൽ ഈ രാജ്യത്തിന്റെ പ്രഖ്യാപിത സ്വഭാവത്തിന് അത് നിരക്കുന്നതല്ല എന്ന് ഇതിന്റെ ഭരണഘടന വായിക്കുന്ന ആർക്കും മനസ്സിലാകും. പക്ഷെ വേർതിരിവിന്റെ ഗുണം അനുഭവിക്കുന്നവർക്ക് അത് ഇല്ലാതാകാൻ താല്പര്യമുണ്ടാവില്ല എന്നത് പൊതുജ്ഞാനമാണ്. ഇക്കാര്യത്തിൽ ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഭരണവർഗ്ഗവും സമത്വവും സാഹോദര്യവും നീതിയും അടിസ്ഥാന പ്രമാണങ്ങൾ എന്ന് ഘോഷിക്കുന്ന സാമൂഹിക, മത പ്രസ്ഥാനങ്ങളും ഒത്തുശ്രമിച്ചാൽ ഈ മതിൽകെട്ടുകൾ സാവകാശം പൊളിച്ച് നീക്കാവുന്നതാണ്. അതവരുടെ ഉത്തരവാദിത്തമാണ് എന്ന് അവരുടെ പ്രഖ്യാപിത തത്വങ്ങൾ സാക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഈ രണ്ട് വർഗ്ഗങ്ങളും തികച്ചും പ്രതിലോമ ശൈലിയിൽ എതിർ ദിശയിൽ സഞ്ചരിക്കുന്നു എന്നത് എന്നെ ഏറെ അലോസരപ്പെടുത്തുന്നു. ഇക്കാര്യം ഇപ്പോൾ പറയാൻ രണ്ട് സംഭവങ്ങൾ ആണ് എന്നെ നിർബന്ധിക്കുന്നത്. ഒന്നാമത് ഏതാനും ആഴ്ച മുൻപ് കേരളത്തിലെ ഒരു ക്രൈസ്തവ സമൂഹത്തിന്റെ തലപ്പത്തുനിന്നുണ്ടായ പ്രഖ്യാപനം. രണ്ടാമത് ഭാരതം സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ കാഴ്ചദൂരത്തിനെതിരെ സർക്കാർ ഉയർത്തിക്കെട്ടുന്ന മതിൽ.
2020 ജനുവരി 15 ലെ മാധ്യമങ്ങൾ, കേരളത്തിലെ ഒരു ക്രൈസ്തവ സഭാവിഭാഗം കേരളത്തിൽ “ലൗ ജിഹാദ്” വ്യാപകമാണ് എന്നും ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്‌ലീം ആൺകുട്ടികൾ പ്രേമഭാവത്തിൽ സമീപിച്ച് വിവാഹം ചെയ്തോ അല്ലാതെയോ മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ ചേർക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നതായി റിപ്പോർട്ട് ചെയ്തു. 2019 സെപ്തംബർ 26 ന് ‘ആശങ്കാജനകം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അവസ്ഥയെക്കുറിച്ച് ഈ വിഭാഗത്തിൽനിന്നും അറിയിപ്പുണ്ടായിരുന്നു. തുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇതെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കത്തയക്കുകയുണ്ടായി. എന്നാൽ “ലൗ ജിഹാദ്’ എന്നൊന്ന് ഇവിടെ ഇല്ല എന്ന് “ഹാദിയ ലൗ ജിഹാദ്” കേസിൽ സുപ്രീംകോടതി 2018 മാർച്ചിൽ കേരളാ ഹൈക്കോടതി വിധിക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതവഗണിച്ചുകൊണ്ട് ഇപ്പോൾ, ഭാരത സർക്കാർ മുസ്‌ലീം സമുദായത്തെ ഈ രാജ്യത്ത് വേർതിരിച്ച് മതില്‍കെട്ടാൻ ശ്രമിക്കുമ്പോൾ, ഈ വിഷയം ഉയർത്തിക്കൊണ്ട് വരുന്നതിന്റെ ലക്ഷ്യം സംശുദ്ധമാണോ എന്ന് ഞാൻ സംശയിക്കുന്നു. മത-സമുദായേതര വിവാഹങ്ങൾ എക്കാലത്തും ഇവിടെ നടന്നിട്ടുണ്ട്. സ്നേഹിക്കുന്നവരുടെ കണ്ണിൽ പുരുഷനും സ്ത്രീയും എന്ന രണ്ട് വിഭാഗമേ ഉള്ളൂ എന്നും പ്രജനനത്തിനും സമൂഹ സൃഷ്ടിക്കുമുള്ള അവർ തമ്മിലുള്ള ബന്ധം സ്വാഭാവികമാണ് എന്നും പരസ്പരം സ്നേഹിക്കുന്നവർ കരുതിയാൽ അതില്‍ മറ്റൊരു നിറം നല്കേണ്ടതില്ല എന്നുമാണ് എന്റെ പക്ഷം. ഈ ധാരണയിലേക്ക് സംസ്കൃത സമൂഹം ഉയരേണ്ടതുണ്ട്.
അതിനുപകരം ഇതൊരു സാംസ്ക്കാരിക പ്രശ്നമാക്കി തീർക്കുന്നതിന്റെ താല്പര്യം പ്രത്യേകം പരിശോധിക്കേണ്ടതാണ്; അതിലും പ്രത്യേകിച്ച് ഇതിനെ തീവ്രവാദ ലക്ഷ്യം ആരോപിച്ച് ഒരു രാഷ്ട്രീയ- രാഷ്ട്രസുരക്ഷിതത്വ വിഷയമാക്കി അവതരിപ്പിക്കുമ്പോൾ. ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ ഭാരതത്തിൽ 1990 കളുടെ ആരംഭം മുതൽ പൊതുമുതൽ‑സ്വകാര്യമുതൽ വ്യത്യാസം പ്രകടമാകാൻ തുടങ്ങി. ഇവക്കിടയിൽ വലിയൊരു മതിൽ ഉയരുകയും സാവകാശം പൊതുമുതൽ ഇടം ചെറുതായി സ്വകാര്യമുതൽ ഇടം ചീർത്ത് വീർക്കാൻ ആരംഭിക്കുകയും ചെയ്തു. പൊതുമുതൽ നിലനിർത്താൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളെ അതിൽനിന്നും ഏതുവിധേനെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കാരണം കേന്ദ്ര ഭരണവർഗ്ഗം സ്വകാര്യ മേഖലയുടെ പിടിയിൽ അടിമപ്പെട്ടിരിക്കുന്നു എന്നതു തന്നെ; അവർ നൽകുന്ന ഉപഹാരങ്ങളിൽ നമ്മുടെ നേതാക്കൾ മയങ്ങിയിരിക്കുന്നു. ഈ പ്രവണത ഈ രാജ്യത്തെ കൊണ്ടുവന്നെത്തിച്ചിരിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വാവസ്ഥ വളരെ ഗൗരവമേറിയതാണ്. വിദ്യാഭ്യാസ മേഘലയിൽ പൊതു-സ്വകാര്യ വിഭജനം ഇപ്പോൾതന്നെ രണ്ടുതരം പ്രജകളെ സൃഷ്ടിക്കുന്നുണ്ട്. തൊഴിൽ മേഖലയിലും ഇത് പ്രകടമാണ്. ദേശീയത വാനോളം ഉയർത്തി ഘോഷിക്കുന്ന ഒരു പാർട്ടി ഭരിക്കുമ്പോൾ നമ്മുടെ ദേശീയതയെ ഒട്ടും ആദരിക്കാത്ത അമേരിക്കൻ പ്രസിഡന്റിനു നല്‍കിയ വരവേല്‍പ്പ് വാസ്തവത്തില്‍ ലജ്ജാകരമായി.
ഇതിന് തൊട്ടുമുൻപ് വന്ന ബ്രസീൽ, ബംഗ്ലാദേശ് നേതാക്കളുടെ കാര്യത്തിൽ ഈ കൊട്ടിഘോഷം ഒന്നും കണ്ടില്ല. സ്വകാര്യ മേഖലയുടെ കുത്തകയുള്ള അമേരിക്കൻ വ്യവസായികളെ പ്രീണിപ്പിക്കാൻ ഇതാവശ്യമാണ് എന്നാണ് ഞാൻ വരികൾക്കിടയിൽ വായിച്ചു മനസ്സിലാക്കുന്നത്. ഇതിന്റെ പാരമ്യത്തിലാണ് ഡൊണാൾഡ് ട്രംപിന്റെ ഘോഷയാത്രാ പാതയിൽ ചേരി നിവാസികൾക്കെതിരെ മതിൽകെട്ടി കാഴ്ച മറച്ചത്. ഇത് ആരെ ആർക്ക് കാണാതിരിക്കാനാണാവോ? ലോകം മുഴുവൻ ഇതിനോടകം മാധ്യമങ്ങളിലൂടെ മതിലിനപ്പുറത്തുള്ളത് കണ്ടുകഴിഞ്ഞു. പന്ത്രണ്ടര വർഷം ഗുജറാത്ത് ഭരിച്ച നരേന്ദ്ര മോഡിയുടെ മോഡൽ വികസനം ഇതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മനുഷ്യനെ മനുഷ്യനിൽനിന്നകറ്റുന്ന, വേർതിരിക്കുന്ന വികല രാഷ്ട്രീയ നേതൃത്വത്തിന്റെ ശൈലിയുടെ പുതിയ അദ്ധ്യായമായിട്ടേ എനിക്കിതിനെ കാണാൻ പറ്റൂ. ഇനി ഞാൻ പ്രൈമറി ക്ലാസിൽ പഠിച്ച…” എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്…” എന്നത് ചുറ്റുപാടും നോക്കി തിരുത്തി ചൊല്ലേണ്ടിവരുമോ, അല്ല പഴയതുപോലെ ചൊല്ലിയാൽ അത് രാജ്യദ്രോഹ കുറ്റമാകുമോ? എന്ന ആശങ്കയിലാണ് ഞാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.