50 വര്‍ഷം കടലില്‍ അലഞ്ഞ് തിരിഞ്ഞ കുപ്പിക്കുള്ളിലെ ആ കത്ത് ഒടുവില്‍ തേടിയെത്തിയത് ടെയ്‌ലറെ; ഉടമയെ കണ്ടെത്തി സോഷ്യല്‍മീഡിയ

Web Desk
Posted on August 20, 2019, 3:21 pm

അലാസ്‌ക: തനിക്ക് അജ്ഞാതമായ ഒരു ഭാഷയില്‍ 50 വര്‍ഷം മുമ്പ് ആരോ എഴുതിയ ഒരു കത്ത് കൈയ്യില്‍ ലഭിച്ചാല്‍ എന്തുചെയ്യും? ഉള്ളടക്കം വായിച്ച് മനസിലാക്കാനും ആരാണ് എഴുതിയതെന്ന് കണ്ടെത്താനുമുള്ള പരിശ്രമത്തിലായിരിക്കും പിന്നീട് ആ കത്ത് കിട്ടിയ വ്യക്തി. അതെ, അതുതന്നെയാണ് സംഭവിച്ചത്.

കുടുംബവുമൊത്ത് അലാസ്‌കയിലെ ദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ടെയ്‌ലര്‍ ഇവാനോവ് എന്ന യുവാവിനാണ് 1969ല്‍ ആരോ എഴുതിയ ആ കത്ത് ലഭിച്ചത്. കുപ്പിയിലടച്ച് കടലില്‍ ഒഴുക്കിയ നിലയിലായിരുന്നു ആ കത്ത്. ആ കത്തടങ്ങിയ പച്ചക്കുപ്പി തീരത്തടിഞ്ഞ് ടെയ്‌ലറെ ഒരു നിയോഗം പോലെ കാത്തിരിക്കുകയായിരുന്നു. ഉള്ളില്‍ വെള്ളം കയറാത്ത വിധത്തില്‍ കോര്‍ക്ക് കൊണ്ടടച്ച കുപ്പിയില്‍ സന്ദേശങ്ങള്‍ കൈമാറുന്ന പതിവ് പണ്ട് നാവികര്‍ക്കിടയില്‍ പതിവായിരുന്നു. ഇതോടെ ഉള്ളടക്കം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയേറി ടെയ്‌ലര്‍ തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. നിധി ശേഖരത്തിലേക്കുള്ള മാര്‍ഗം രേഖപ്പെടുത്തിയ കടല്‍ക്കൊള്ളക്കാരുടെ കുപ്പിയാണോ അതെന്നായിരുന്നു ടെയ്‌ലറിന്റെ എട്ടുവയസുകാരി മകളുടെ സംശയം. കടലാസ് കഷണം പുറത്തെടുത്ത് വായിച്ച ടെയ്‌ലര്‍ക്ക് ഉള്ളടക്കം ഒന്നും മനസിലായില്ല. കാരണം നീലമഷിപ്പേനയിലെഴുതിയ കത്ത് റഷ്യന്‍ ഭാഷയിലുള്ളതായിരുന്നു. റഷ്യനാണെന്ന് മനസിലായ ടെയ്‌ലര്‍ പരിഭാഷകരുടെ സഹായം ലഭിക്കുമോ എന്നും ഫേസ്ബുക്കിലൂടെ കത്തിന്റെ ചിത്രങ്ങള്‍ കൂടി ചേര്‍ത്ത് ആരാഞ്ഞിരുന്നു.


ഫേസ്ബുക്കില്‍ പോസ്റ്റുമിട്ട് കാത്തിരുന്ന ടെയ്‌ലറെ തേടി പിറ്റേന്ന് എത്തിയത് വിവരങ്ങളുടെ ഒരു കൂമ്പാരം തന്നെയായിരുന്നു. കത്തിന്റെ തര്‍ജിമയും അതെഴുതിയ ആളെ കുറിച്ചുള്ള വിവരവും ലഭിച്ച ടെയ്‌ലര്‍ ആ കത്ത് റഷ്യന്‍ കപ്പലായ വിആര്‍എക്‌സ്എഫില്‍ നിന്നുള്ള ആശംസ ആയിരുന്നുവെന്ന് മനസിലാക്കി. എഴുതിയതാകട്ടെ ആ കപ്പലിന്റെ അന്നത്തെ കപ്പിത്താനായ അനാറ്റലി ബോട്‌സാനെന്‍കോയും. 1969 ജൂണ്‍ 20 നാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ലഭിക്കുന്ന ആള്‍ക്കും വ്‌ളാഡിവൊസ്റ്റോക്43 ബിആര്‍എക്‌സ്എഫ് സുലാക് കപ്പല്‍ ക്രൂവിനും ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്ന സന്ദേശമായിരുന്നു അത്. കത്ത് കിട്ടുന്ന ആള്‍ സന്ദേശം വ്‌ളാഡിവൊസ്റ്റോക്43 ബിആര്‍എക്‌സ്എഫ് കപ്പല്‍ സംഘത്തെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും സന്ദേശത്തിലുണ്ട്. അതേസമയം, ടെയ്‌ലറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകള്‍ ലഭിച്ചിരുന്നു. ഈ പോസ്റ്റ് സാക്ഷാല്‍ കത്തിന്റെ ഉടമസ്ഥനായ അനാറ്റലിയുടെ പക്കലും എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ കത്തിന്റെ ചിത്രം കണ്ടതോടെ തന്റെ കൈയക്ഷരമാണെന്ന് 86 കാരനായ ക്യാപ്റ്റന്‍ അനാറ്റലി ബാട്‌സാനെന്‍കോ തിരിച്ചറിഞ്ഞു. അതേസമയം, കത്തുമായി ക്യാപ്റ്റനെ സന്ദര്‍ശിക്കണമെന്നാണ് ടെയ്‌ലറിന്റെ ആഗ്രഹം. കത്തില്‍ ക്യാപ്റ്റന്‍ കുറിച്ചത് പോലെ അദ്ദേഹത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നതായി ടെയ്‌ലര്‍ പറയുന്നു.

you may like this video