വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ

Web Desk
Posted on October 15, 2017, 3:09 pm

ന്യൂയോര്‍ക്ക് : വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പ്രസിഡണ്ട് ബ്രാഡ് സ്മിത്താണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് വിവിധ സൈബര്‍ ടൂളുകള്‍ ഹാക്ക് ചെയ്‌തെടുത്താണ് ഉത്തരകൊറിയ വാനാക്രൈയ്ക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിലായിരുന്നു ബ്രാഡ് സ്മിത്തിന്റെ വെളിപ്പെടുത്തല്‍. സ്റ്റേറ്റ് സ്‌പോണ്‍സേഡ് സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുകയാണ്. ജനങ്ങളുടെ സ്വത്ത്, രാജ്യസുരക്ഷ തുടങ്ങിയവ സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് പുതിയ ഡിജിറ്റല്‍ നയത്തിന് രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മേയിലുണ്ടായ വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലേറെ കംപ്യൂട്ടറുകളാണ് ഹാക്കിംഗിന് ഇരയായിരുന്നത്. ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.