നിങ്ങള്‍ പകരം വീട്ടാനിറങ്ങിയാല്‍ ഞാനീ നാടുപേക്ഷിക്കും, മകന്‍ കൊല്ലപ്പെട്ട ഇമാമിന്റെ വാക്കുകള്‍

Web Desk
Posted on March 31, 2018, 5:15 pm

വേണ്ടത് ശാന്തിയാണ്, നിങ്ങള്‍ പകരം വീട്ടാനിറങ്ങിയാല്‍ ഞാനീ നാടുപേക്ഷിക്കും,. മകന്‍ കൊല്ലപ്പെട്ട ഇമാമിന്റെ വാക്കുകള്‍
പശ്ചിമബംഗാളിലെ റാം നവമി റാലിയോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16 വയസുള്ള മകനെ നഷ്ടപ്പെട്ട ഇമാമിന്റെ വാക്കുകളായിരുന്നു ഇത്. പശ്ചിമബംഗാളിലെ അസന്‍സോള്‍ പള്ളിയിലെ ഇമാമായ മൗലാനാ ഇംദാദുല്‍ റഷീദിയുടെ മകന്‍ സിപ്ത്തുള്ള റഷീദിയെ രാം നവമി അക്രമങ്ങള്‍ക്കിടയില്‍ കാണാതായി. ബുധനാഴ്ച കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടുമക്കളില്‍ ഇളയവനായിരുന്നു സിപ്ത്തുള്ള. റഷീദി 30വര്‍ഷമായി ഇമാമാണ്.

കുട്ടിയുടെ സംസ്‌കാരചടങ്ങിനുശേഷം രോഷാകുലരായി തടിച്ചുകൂടിയ ജനക്കൂട്ടത്തോട് റഷീദിയുടെ അഭ്യര്‍ത്ഥന ഹൃദയസ്പൃക്കായിരുന്നു. എന്റെ മകന്‍ മരിച്ചു.അതിന്റെ പേരില്‍ മറ്റാരുടേയും മക്കള്‍ നഷ്ടപ്പെടാന്‍പാടില്ല,നിങ്ങള്‍ തിരിച്ചടിക്കാനിറങ്ങിയാല്‍ ഞാനീനാടുപേക്ഷിക്കും. സമാധാനം തിരിച്ചുവരണമെന്നുമാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇമാം പറഞ്ഞു.
റഷീദിയുടെ നിലപാടും വാക്കുകളും മേഖലയില്‍ ശാന്തിതിരിച്ചെത്തിക്കാന്‍ സഹായകമായെന്ന് അധികൃതര്‍ പറഞ്ഞു. ആത്മാവ് കത്തിനില്‍ക്കുമ്പോളും നന്മയാഗ്രഹിച്ച റഷീദിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രി റഷീദിയെ ആദരിക്കുക മാത്രമല്ല വേണ്ടതെന്നും ഭാരത് രത്‌ന നല്‍കുകയും വേണമെന്ന് പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടു. റഷീദിയുടെ കാല്‍തൊട്ട് വന്ദിക്കണമെന്നും ‚യഥാര്‍ഥ ഇസ്ലാംമതശൈലിയാണിതെന്നും നിരവധിപേര്‍ പ്രകീര്‍ത്തിച്ചു.