24 April 2024, Wednesday

യുദ്ധം ആരാണ് ശരി എന്ന് നിർണയിക്കുന്നില്ല

അജിത് കൊളാടി
വാക്ക്
March 13, 2022 6:30 am

വിനാശകരമാണ് ഏതു യുദ്ധവും.. . ബർട്രൻഡ് റസൽ ഒരിക്കൽ പറഞ്ഞു, “യുദ്ധം ഒരിക്കലും ആരാണ് ശരി എന്ന് നിർണയിക്കുന്നില്ല. ആരാണ് ബാക്കിയുള്ളതെന്നേ തീരുമാനിക്കുന്നുള്ളു”. യുദ്ധത്തെക്കുറിച്ചുള്ള ഭീതി എല്ലാ രാഷ്ട്രങ്ങൾക്കുമുണ്ട്. ലോകത്തെ കാർന്നുതിന്നുന്ന പരിസ്ഥിതി നാശം പോലെ തന്നെ ഏറെ ആലോചിക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യേണ്ട ഒന്നാണ് യുദ്ധമുണ്ടാവാതിരിക്കാനുള്ള വസ്തുതകൾ. യുദ്ധം എന്നു തുടങ്ങി എന്ന ചോദ്യം രസകരമാണ്. യുദ്ധത്തിന്റെ പഴക്കം മനുഷ്യ ചരിത്രത്തോളമാണ്. ഏതാണ് ആദ്യത്തെ യുദ്ധം? ആദത്തിന്റെയും ഹവ്വയുടെയും മക്കളായ കായേനും ആബേലും തമ്മിലുള്ള യുദ്ധം നോക്കു. കായേൻ ആബേലിനെ വധിച്ചു. ആ കൊലയ്ക്കു പിന്നിൽ അസൂയയും സ്വാർത്ഥ താല്പര്യവും മാത്രമെ ഉണ്ടായിരുന്നുള്ളു. രാമായണവും മഹാഭാരതവും പറയുന്നത് യുദ്ധക്കഥകളാണ്. ഇതിഹാസങ്ങളുടെ മുഖം തന്നെ യുദ്ധത്തിന്റെ സ്വരൂപ വർണനകൊണ്ട് ചുവന്നിരിക്കുന്നു. ഇതിഹാസ ഗ്രന്ഥകാരന്മാർ ഏറ്റവുമധികം വാക്കുകളുപയോഗിച്ചത് യുദ്ധത്തിന്റെ ഭീകരത പറയാനാണ്. ആ യുദ്ധങ്ങളിൽ മരിച്ചത് ശതലക്ഷങ്ങളാണ്. ആ യുദ്ധങ്ങൾക്ക് വ്യക്തമായ ഒരു അടിസ്ഥാനം ആ കൃതികൾ പറഞ്ഞു വച്ചു. ശ്രമത്തിനു വേണ്ടിയാണ് ആ യുദ്ധം. തിന്മയെ പരാജയപ്പെടുത്താനാണ് ആയോധനം. ഇങ്ങനെ ഒരു തത്വം ആ യുദ്ധങ്ങളുടെ പിന്നിൽ കാണാമെങ്കിലും ആ യുദ്ധങ്ങളുടെ അനന്തര ഫലമെന്തായിരുന്നു. സഹോദരന്മാർ നഷ്ടപ്പെട്ട സഹോദരിമാർ, മക്കൾ ഇല്ലാതായ അമ്മമാർ, പിതാക്കന്മാർ നഷ്ടപ്പെട്ട മക്കൾ, ഭർത്താക്കന്മാർ സ്മൃതിയിലായ ഭാര്യമാർ, അനാഥമായ വീടുകൾ, അവയവങ്ങൾ നഷ്ടപ്പെട്ട് ജീവിച്ചിരിക്കേണ്ടി വരുന്ന പതിനായിരങ്ങൾ, നാടു വിട്ടു പലായനം ചെയ്യേണ്ടി വരുന്നവർ, ഇങ്ങനെ ഒരു സാമൂഹ്യ ചിത്രം കൂടി ഇതിഹാസങ്ങൾ നമുക്ക് നൽകി. അതിനർത്ഥം യുദ്ധം എക്കാലത്തും വിതയ്ക്കുന്നത്, വിജയമല്ല, സർവ നാശമാണെന്നാണ്. റസൽ പറഞ്ഞതു പോലെ യുദ്ധം നിർണയിക്കുന്നത് ആരാണ് ബാക്കിയുള്ളതെന്നാണ്. ഇലിയഡിലും ഒഡീസിയിലും ഹോമർ പറഞ്ഞു വച്ചതും യുദ്ധത്തിന്റെ കഥയാണ്. നിരപരാധികളായ നിരവധി ജനങ്ങൾ ട്രോജൻ യുദ്ധത്തിൽ മരിച്ചുവീണു. അംഗഭംഗം വന്നു ലക്ഷകണക്കിനു മനുഷ്യർക്ക്. യുദ്ധം ഒരിക്കലും ശരിയെ നിർണയിക്കുന്നില്ല. ജീവിക്കണോ മരിക്കണോ എന്ന സന്ദിഗ്ധഘട്ടത്തിലെത്തിയ ഒരു ജനതയുമായി ഒരു രാജ്യത്തിനും മുന്നോട്ടു പോകാനാവില്ല. രാജാക്കന്മാർ നടത്തിയ യുദ്ധങ്ങൾ കേവലം വെട്ടിപ്പിടുത്തങ്ങളായിരുന്നു. അവ ഒരിക്കലും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായിരുന്നില്ല. അലക്സാണ്ടറുടെ യുദ്ധമായാലും നെപ്പോളിയന്റെ യുദ്ധമായാലും, ആ യുദ്ധങ്ങൾ അധികാരവും മേൽക്കോയ്മയും സ്ഥാപിക്കാനായിരുന്നു. ധനവും രാജ്യചിഹ്നങ്ങളും കൈവശം വയ്ക്കാനായിരുന്നു.


ഇതുകൂടി വായിക്കാം; ഉത്തരം യുദ്ധമല്ല


തോക്കും പീരങ്കിയും ഉപയോഗിച്ചുള്ള തുടർയുദ്ധങ്ങളിൽ ഇതിഹാസത്തിന്റെ യുദ്ധ നിയമങ്ങളൊന്നും പാലിച്ചില്ല. ഏതു യുദ്ധങ്ങളും അവസാനിക്കുന്നത് നിരപരാധികളുടെ നിരവധി മരണഗാഥകൾ രചിച്ചുകൊണ്ടും. ഇതിഹാസത്തിലെ യുദ്ധത്തിൽ ധനം അപഹരിച്ചിരുന്നില്ല. മരിച്ചു വീഴുന്ന സേനാനികളുടെ അധികാരമുദ്രയടക്കം, ആഭരണങ്ങൾ തിരിച്ചു നൽകുന്ന ഉദാത്ത കീഴ്‌വഴക്കം അന്നത്തെ യുദ്ധത്തിനുണ്ടായിരുന്നു. അന്ന് ആ സത്യസന്ധത പുലർത്തിയിരുന്നു. ധനാപഹരണം യുദ്ധത്തിന്റെ അടിസ്ഥാനമായപ്പോൾ യുദ്ധനീതിയിൽ ഒന്നായ സത്യസന്ധത നഷ്ടപ്പെട്ടു. ക്രമേണ ഏതാനും വ്യക്തികളുടെ സ്വാർത്ഥതയും അതിമോഹവുമായി യുദ്ധം. ധർമ്മത്തെ കേന്ദ്രബിന്ദുവാക്കിയ യുദ്ധത്തിൽ നിന്ന് ധനത്തെ മർമമാക്കിയ യുദ്ധത്തിലേക്കാണ് ആയോധനങ്ങളുടെ പുരോഗതി. ആധുനിക യുദ്ധത്തിലെ ഏതൊരു യുദ്ധത്തിന്റെയും പിന്നിലുള്ള മനോഗതി അധികാരവും സ്വാർത്ഥതയുമാണ്. ശാസ്ത്രീയ നേട്ടങ്ങൾ, മനുഷ്യനെ സമയത്തെയും ദൂരത്തെയും ജയിക്കാൻ സഹായിച്ചു. യുദ്ധതന്ത്രങ്ങൾ ഇതിലൂടെ പരിഷ്കരിച്ചു. യുദ്ധത്തിന്റെ വേഗത്തിനും വിജയത്തിനും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ആളുകളെ വധിക്കുന്നതിനും ശാസ്ത്രം കൈത്താങ്ങായി. തോക്കും പീരങ്കിയും അലങ്കാരങ്ങളായി. അണുബോംബുകൾ കടന്നുവന്നു. ഇന്ന് പല രാജ്യങ്ങളും അണുബോംബു കൈവശം വച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ പക്കൽ എന്തെല്ലാം നൂതനായുധങ്ങളുണ്ട് എന്നത് അയൽ രാജ്യങ്ങൾക്ക് അവ്യക്തമാണ്. ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കൊലയാണ് ഹിരോഷിമയിലും നാഗസാക്കിയിലും നടന്നത്. കാലം മറയ്ക്കാത്ത ഇരുണ്ട സ്മാരകങ്ങൾ യുദ്ധക്കൊതി വിതച്ച സർവനാശത്തിന്റെ ഉദാഹരണങ്ങൾ. മെക്സിക്കോയിലെ അലാമൊഗാർഡേ എന്ന മരുപ്രദേശത്താണ് 1945 — ജുലൈ 16ന് ട്രിനിറ്റി എന്ന പേരിൽ അമേരിക്ക ആദ്യ അണുബോംബു പരീക്ഷണം നടത്തിയത്. മരുഭൂമിയിൽ പരീക്ഷിച്ചറിഞ്ഞ അണുബോംബിന്റെ മാരകശക്തി എന്തെന്നറിയാനുള്ള പരീക്ഷണശാലയായി അമേരിക്ക ഹിരോഷിമയേയും നാഗസാക്കിയേയും പിന്നീട് ഉപയോഗിച്ചു. കേവലം രണ്ടു മിനിറ്റു വേണ്ടി വന്നില്ല പതിനായിരങ്ങൾ മരിച്ചു വീഴാൻ. ലക്ഷങ്ങൾ അണുബോംബു ഗ്രസിച്ചവരായി. രണ്ടു നഗരങ്ങളിലും അവശേഷിച്ചത് കുറച്ച് ആളുകൾ മാത്രം. അവർ റേഡിയേഷൻമൂലം ചത്തുകൊണ്ട് ജീവിച്ചു. ആധുനികകാലത്തെ ശാസ്ത്രീയ യുദ്ധങ്ങൾ മനുഷ്യരാശിക്ക് നാൾക്കുനാൾ വരുത്തുന്ന യുദ്ധാനന്തര ഫലങ്ങൾ അതിഭീകരമാണ്. യുദ്ധം തുടങ്ങിയാല്‍ പിന്നെ അവസാനിപ്പിക്കുക ബുദ്ധിമുട്ടാകും എന്ന് ഐൻസ്റ്റിൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, ”ഇനിയൊരു ലോകയുദ്ധമുണ്ടായാൽ മനുഷ്യരാശി നിലനിൽക്കുകയില്ല. അഥവാ ഉണ്ടായാൽ അവർ കല്ലും മണ്ണും തിന്നു ജീവിക്കേണ്ടി വരും”. മനുഷ്യരെ മാത്രമല്ല സമസ്ത ജീവജാലങ്ങളെയും ആണവ ബോംബുകൾ തുടച്ചു മാറ്റും. ഓരോ യുദ്ധത്തിലും അവസാനിച്ചു പോകുന്ന മനുഷ്യജീവന്റെ കണക്ക് ഭീതി പടർത്തുന്നു. ധനവ്യയവും അങ്ങനെ തന്നെ. മരിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല മരിച്ചത്. യുദ്ധത്തിന്റെ ഇരുണ്ട മുഖം ഏതെന്ന ചോദ്യത്തിനുത്തരം ഒന്നു മാത്രം.


ഇതുകൂടി വായിക്കാം; സമ്പദ്ഘടനയിലും യുദ്ധം


അനാഥത്വത്തിന്റെ പക്കൽ നിൽക്കുന്ന അഭയാർത്ഥികൾ എന്നാണുത്തരം. കോടാനുകോടി അഭയാർത്ഥികൾ ആണ് ഇന്ന് ലോകത്തിലുള്ളത്. അതിൽ ബഹുഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും സന്തതികൾ. ഇറാഖ് യുദ്ധവും, ഇപ്പോഴത്തെ ഉക്രെയ്ൻ‑റഷ്യ യുദ്ധവും സൃഷ്ടിച്ചതും സൃഷ്ടിക്കുന്നതും ലക്ഷക്കണക്കിനു അഭയാർത്ഥികളെ. നിരപരാധികളായ ജനങ്ങളെ തുടച്ചുമാറ്റുന്ന പ്രക്രിയയായി യുദ്ധം വളർന്നു. രാഷ്ട്രത്തെ ആമൂലാഗ്രം നശിപ്പിച്ച് ജനങ്ങളെ മഹാരോഗികളാക്കി മാറ്റുകയാണ് ഇന്നത്തെ യുദ്ധങ്ങൾ ചെയ്യുന്നത്. ജൈവായുധങ്ങൾ പ്രയോഗിച്ചാൽ ഉണ്ടാകുന്ന ദുരന്തങ്ങൾ അതികഠിനമാകും. രാസായുധ പ്രയോഗങ്ങൾ അതിനേക്കാൾ ക്രൂരം. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക നടത്തിയ യുദ്ധതാണ്ഡവം പത്തുലക്ഷം പേരുടെ ജീവനെടുത്തു. ഇറാഖ്, സിറിയ, ലിബിയ, സുഡാൻ, പലസ്തീൻ ഇവിടങ്ങളിലെ ജനതയുടെ ദുരിതം നമ്മുടെ മുന്നിലുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം ക്രൂരമായ ചെയ്തികൾകൊണ്ട് എത്ര ദശലക്ഷം പേരുടെ ജീവനെടുത്തു. ആധുനിക കാലത്തെ യുദ്ധത്തിനുണ്ടായ മറ്റൊരു പ്രത്യേകത വംശീയതയുടെയും മതത്തിന്റെയും മുഖം കൈവന്നതാണ്. കടുത്ത നാശം വിതച്ച് മുന്നേറുന്ന യുദ്ധത്തിന് ആക്കം കൂട്ടാൻ ഈ പരിവേഷം സഹായിക്കും. യുദ്ധം വേണമെന്നു വാദിക്കുന്നവർ ആരാണ്? ഏതൊരു യുദ്ധവും ലാഭകരമായ ഒരു ഏർപ്പാടാക്കി മാറ്റുന്ന ഒരു കൂട്ടരുണ്ട്, ആയുധ കച്ചവടക്കാർ. സാമ്രാജ്യത്വ ശക്തികൾ കൂടുതൽ സമ്പന്നരാകുന്നതിന്റെ ഒരു വഴി ആയുധ കച്ചവടമാണ്. അമേരിക്കയാണ് അതിൽ ഒന്നാം സ്ഥാനത്ത്. ആയുധക്കച്ചവടം സമാധാനത്തിനുള്ള വാതിൽ അടയ്ക്കും. ജയിക്കുന്നവരും തോൽക്കുന്നവരും ഭൂമുഖത്തു നിന്നു നിശ്ശേഷം തുടച്ചു നീക്കപ്പെടുന്ന അവസ്ഥ സംജാതമാകരുത്. പരിഷ്കാരമെന്നോ സംസ്കാരമെന്നോ നാം വീമ്പിളക്കിയതെല്ലാം കൊഴിഞ്ഞുവീഴും. മനുഷ്യകുലം നശിക്കും. ഇപ്പോഴത്തെ യുദ്ധം കാണിക്കുന്നത് ആ കാലം വിദൂരമല്ല എന്നാണ്. ലോകസമാധാനം എന്ന ആശയം സുന്ദരമാണ്. പക്ഷെ അതു നടപ്പാക്കുക വളരെ ദുഷ്കരമാണ്. ആണവായുധങ്ങൾ അടിസ്ഥാന വ്യവസായത്തിന്റെ മുഖമുദ്രയായി കാണുന്ന രാജ്യങ്ങൾക്ക് അത്രവേഗം അതു കൈവിടാനാകില്ല. ഏകാധിപതികളുടെ സാമ്രാജ്യത്വമോഹവും സ്വാർത്ഥതയും വളരെ കൂടി വരുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. അധികാരം സ്ഥിരം നിലനിർത്താൻ അവർ ഏതു മൃഗീയ പ്രവർത്തിയും ചെയ്യും. മനുഷ്യജീവന് അവർ വില കൽപ്പിക്കില്ല. യുദ്ധം ആഗോള യുദ്ധമാകാൻ അധിക സമയമൊന്നും വേണ്ട. സമൂല നാശത്തിനു വഴിവയ്ക്കുന്ന യുദ്ധങ്ങൾ എന്തിന്? ഈ സംഹാര താണ്ഡവങ്ങൾകൊണ്ട് എന്തുനേടി? ഏകാധിപതികളും സാമ്രാജ്യത്വ വാദികളും, ആയുധ കച്ചവടക്കാരും ചിരിക്കുന്നു. കോടാനുകോടി മനുഷ്യർ നിരാലംബരായി, ദയനീയതയുടെ പര്യായമായി കഴിയേണ്ടി വരുന്നു. ജനതയുടെ ദാരിദ്ര്യം അകറ്റാൻ, തുല്യത കൈവരിക്കാനാണ് സമ്പത്ത് ഉപയോഗിക്കേണ്ടത്. അത് ഉണ്ടാകുന്നില്ല. യുദ്ധം ഭയാനകമാണ്. മനുഷ്യസ്നേഹമാണ് എങ്ങും നിലനിൽക്കേണ്ടത്. സങ്കുചിത ചിന്തകളും പ്രവൃത്തികളും ജീവിതം ദുസഹമാക്കുന്ന ലോകത്ത്, സമാധാനം കാംക്ഷിക്കുന്ന, സ്നേഹം പടർത്തുന്ന മനസുകൾ വളരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.