20 April 2024, Saturday

Related news

April 18, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024

മറക്കുമോ മട്ടാഞ്ചേരിയിലെ രണധീരരെ

  ആർ ഗോപകുമാർ
കൊച്ചി
April 30, 2022 10:34 pm

മട്ടാഞ്ചേരി രക്തസാക്ഷിത്വത്തിന് എഴുപത് വയസാകുമ്പോഴും ആ രണസമരത്തിന്റെ ഓർമ്മകൾ ഇന്നും തൊഴിലാളി സഖാക്കൾക്ക് ആവേശം പകരുന്നു. സഖാക്കൾ സെയ്തും സെയ്താലിയും ആന്റണിയും രക്തസാക്ഷികളായ മട്ടാഞ്ചേരിയിലെ വെടിവയ്പും തൊഴിലാളികളുടെ പോരാട്ടവും സമരചരിത്രത്തിലെ ഉജ്ജ്വല ഏടാണ്. 1953 സെപ്റ്റംബർ 15നാണ് തൊഴിലാളിയുടെ ഐക്യം തകർക്കാൻ പൊലീസും പട്ടാളവും മട്ടാഞ്ചേരിയിലെ തെരുവുകളിൽ അഴിഞ്ഞാടിയത്. മൂന്ന് തൊഴിലാളികൾ രക്തസാക്ഷികളായി. നൂറുകണക്കിനു പേർ ക്രൂരമർദനത്തിനിരയായി.

കൊച്ചി തുറമുഖം വികസനത്തിലേക്ക് നടന്നടുക്കുന്ന കാലം. മട്ടാഞ്ചേരി അന്ന് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ്. കിഴക്കൻ മേഖലകളിൽനിന്ന് മലഞ്ചരക്കുകളും ആലപ്പുഴ മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിൽനിന്ന് കയറുല്പന്നങ്ങളും കശുഅണ്ടിയും കയറ്റുമതി ചെയ്യാൻ മട്ടാഞ്ചേരിയിലും ചുറ്റുപാടുമുള്ള പണ്ടികശാലകളിലെത്തിക്കുന്നതും ബസാറിലെത്തുന്ന അവശ്യവസ്തുക്കൾ കയറ്റിറക്കുന്നതെല്ലാം തൊഴിലാളികളായിരുന്നു. കേരളത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നും ജനങ്ങൾ തൊഴിൽതേടി ഇവിടെയെത്തി. ഗുജറാത്തികളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരുടെ സംഗമഭൂമിയായിരുന്നു മട്ടാഞ്ചേരി.

കപ്പലുകളിൽനിന്ന് ചരക്കിറക്കുന്നതിനും ചരക്കുകയറ്റുന്നതിനും കരാർ എടുത്തിരുന്നത് സ്റ്റീവ്ഡോർമാർ എന്നറിയപ്പെടുന്ന കോൺട്രാക്ടർമാരാണ്. ഇവർക്കുവേണ്ടി തൊഴിലാളികളെ എത്തിച്ചിരുന്നത് മൂപ്പന്മാർ എന്ന് വിളിക്കുന്ന കങ്കാണിമാരും. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്തവരാണ് മൂപ്പന്മാർ. കോൺട്രാക്ടർമാർക്കാവശ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാൻ മൂപ്പന്മാർ സ്വീകരിച്ചിരുന്നത് ചാപ്പ ഏറാണ്. നാകത്തിലോ ചെമ്പിലോ നിർമ്മിച്ച കോൺട്രാക്ടറുടെ മുദ്രപതിപ്പിച്ച തുട്ടാണ് ചാപ്പ. പത്തുപേർ ആവശ്യമുള്ള ജോലിയാണെങ്കിൽ എത്തുന്നത് നൂറുകണക്കിനുപേരാകും. തന്റെ കൈവശമുള്ള ചാപ്പയിൽ ചിലത് വേണ്ടപ്പെട്ടവർക്ക് നൽകി ബാക്കിയാണ് മൂപ്പൻ തൊഴിലാളികൾക്ക് വീതിക്കുന്നത്. മൂപ്പൻ കൈവശമുള്ള ചാപ്പകൾ ദൂരത്തെറിയും. ഈ ചാപ്പകൾക്കായി തൊഴിലാളികൾ പരസ്പരം മത്സരിക്കും. ചാപ്പ ലഭിച്ചവന് അന്ന് ജോലികിട്ടും. തികച്ചും പ്രാകൃതമാണ് ഈ സമ്പ്രദായം.

സ്വാതന്ത്ര്യ സമരകാലത്തുതന്നെ കൊച്ചിയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ ചുവടുറപ്പിക്കുകയും തൊഴിൽ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അതിൽ ആദ്യസമരമായിരുന്നു ടിൻ ഫാക്ടറി സമരം. ആലാട്ടുപിരി (കപ്പലിൽ കെട്ടുന്ന വലിയ കയറുവടം പിരിച്ചുണ്ടാക്കുന്നത്) തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ ഒക്കെ സമരപ്രസ്ഥാനത്തിൽ അണിനിരന്നു. തുറമുഖത്തും ചുറ്റുപാടും തൊഴിലാളികൾ സംഘടിച്ചിരുന്നു. പി ഗംഗാധരൻ, എം ബി കെ മേനോൻ, ജോർജ് ചടയംമുറി, പി എ എസ് നമ്പൂതിരി, ടി എം അബു, എ ജി വേലായുധൻ, സി ഒ പോൾ, സാന്റോ ഗോപാലൻ, എം എൻ താച്ചോ, എം എം ലോറൻസ്, പി കെ ധീവർ, ധാരാസിങ്, ചൊവ്വര പരമേശ്വരൻ, മത്തായി മാഞ്ഞൂരാൻ, ടി വി ദിവാകരൻ തുടങ്ങിയവരായിരുന്നു പ്രധാന തൊഴിലാളി പ്രവർത്തകർ. ഇ കെ നാരായണൻ, ടി എം മുഹമ്മദ് തുടങ്ങിയവർ ഇവിടത്തെ തൊഴിലാളിപ്രസ്ഥാനങ്ങളെ സംഘടിപ്പിച്ചവരും നയിച്ചവരുമാണ്. അർഹരായ തൊഴിലാളികൾക്ക് ജോലി ലഭിക്കാതെ വന്നത് തൊഴിലാളികളിൽ പ്രതിഷേധം ഉയർത്തി.

ഈ സാഹചര്യത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും ഒപ്പം എഐടിയുസി തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനവും സജീവമാകുന്നത്. പ്രാകൃതമായ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയിൽ ചെറിയ വർധന വേണമെന്നുമുള്ള ആവശ്യം തൊഴിലാളി സംഘടനകൾ ഉയർത്തി. തോണിത്തൊഴിലാളികളാണ് ആദ്യം സമരമുഖത്ത് അണിനിരന്നത്. പൊലീസുകാർ അക്രമം അഴിച്ചുവിട്ട് സമരം പൊളിക്കാൻ തീവ്രശ്രമം നടത്തി. സമരം ശക്തമായി മുന്നോട്ടുപോകവെ ചർച്ചക്കെന്നു പറഞ്ഞ് നേതാക്കളെ ക്ഷണിച്ചുവരുത്തി അറസ്റ്റ് ചെയ്തു. തൊഴിലാളികൾ വൻ പ്രതിഷേധവുമായി കമ്പനിക്കുമുന്നിലേക്ക് നീങ്ങി. ഇവർക്കു നേരെയാണ് പൊലീസും പട്ടാളവും ലാത്തിച്ചാർജും പിന്നെ വെടിവയ്പും നടത്തിയത്. തോക്കിന് നേരെ നെഞ്ചുവിരിച്ചുനിന്നു തൊഴിലാളികൾ. കയ്യിൽകിട്ടിയവ ഉപയോഗിച്ച് ചെറുത്തുനിന്നു. നിരവധിപേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പൊലീസ് വണ്ടിതടഞ്ഞ ഇമ്പിച്ചിബാവയെയും മുഹമ്മദ് ബാവയെയും തെരുവിലിട്ടു മർദ്ദിച്ചു. ഈ നരനായാട്ടിലാണ് തൊഴിലാളികളായ സെയ്തും സെയ്താലിയും വെടിയേറ്റു മരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും കപ്പലിലെ ബീഞ്ച് ഡ്രൈവറുമായ ആന്റണിയും സമരത്തിനിടെ മരണം വരിച്ചു. ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് ആന്റണി രക്തസാക്ഷിയായത്.

ഈ പൊലീസ് നായാട്ടിനെതിരെ അതിശക്തമായ ബഹുജനരോഷം ഉയർന്നുവന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ഒരുമിച്ച് താമസിക്കുന്ന മട്ടാഞ്ചേരി, കൊച്ചി പ്രദേശങ്ങളിൽ ഈ പ്രക്ഷോഭം ഐക്യത്തിന്റെ പുതിയ പാത തെളിച്ചു. സഹവർത്തിത്വത്തിന്റെ പാതയിൽ ഈ മേഖലയെ നിലനിർത്തിയത് തൊഴിലാളികളുടെ പ്രക്ഷോഭങ്ങളാണ്. മട്ടാഞ്ചേരി വെടിവയ്പിനെത്തുടർന്ന് ചാപ്പ സമ്പ്രദായം അവസാനിച്ചു. കങ്കാണിമാരുടെയും മൂപ്പന്മാരുടെയും വംശം കുറ്റിയറ്റു. പക്ഷേ, ഇന്ന് മട്ടാഞ്ചേരി- കൊച്ചി തൊഴിൽമേഖല പ്രശ്നസങ്കീർണമാണ്. ആഗോളമൂലധന ശക്തികൾക്ക് സർവതും അടിയറവയ്ക്കുന്ന കേന്ദ്രഭരണാധികാരികൾ കൊച്ചി തുറമുഖത്തെയും പണയപ്പെടുത്തുന്നു. മട്ടാഞ്ചേരി, കൊച്ചിപ്രദേശം ഇന്ന് ടൂറിസം കേന്ദ്രം മാത്രമായി ഒതുങ്ങുകയാണ്. ആയിരങ്ങൾ തൊഴിലിനായി അന്യപ്രദേശങ്ങളെ ആശ്രയിക്കുന്നു. പണ്ടികശാലകൾ സിനിമ ഷൂട്ടിങ്ങിനായി ഉപയോഗിക്കാൻ തുടങ്ങി. മട്ടാഞ്ചേരി സമരമുഖത്ത് ധീരനേതൃത്വം വഹിച്ച സമരനേതൃനിര ഓരോരുത്തരായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കൂടുതൽ കരുത്തോടെ സമരമുഖത്ത് അണിനിരക്കാൻ മട്ടാഞ്ചേരി രക്തസാക്ഷിസ്മരണ എന്നും തൊഴിലാളികൾക്ക് നെഞ്ചിലെ തീയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.