കെ രംഗനാഥ്

January 08, 2021, 9:43 pm

ഹസന്റെ പേരില്‍ യുഡിഎഫില്‍ പോര്

കണ്‍വീനറെ ഒറ്റപ്പെടുത്തുന്നത് തെറ്റായ സന്ദേശമെന്ന് ലീഗ്
Janayugom Online

കെ രംഗനാഥ്

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെ ജമാഅത്ത് ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ സഖ്യത്തെച്ചൊല്ലി ബലിയാടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ പ്രതിപക്ഷ മുന്നണിയില്‍ പുതിയ പടനീക്കം. ഹസനെ ഒറ്റപ്പെടുത്താനുള്ള നീക്കം തെറ്റായ സന്ദേശമാണു നല്‍കുന്നതെന്ന് മുസ്‌ലിംലീഗ് നേതൃത്വം കെപിസിസി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞതായാണ് സൂചന. ഇതിനിടെ ഹസനു പിന്തുണയുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും രംഗത്തിറങ്ങിയതോടെ മുന്നണിക്കുള്ളിലെ പടയിളക്കം പുതിയ പ്രതിസന്ധിയായി. കെപിസിസിയുടെ വെബ്സൈറ്റില്‍ നിന്നും ഹസന്റെ പേരു നീക്കം ചെയ്തതാണ് ഇപ്പോഴത്തെ അങ്കത്തിനു തുടക്കം കുറിച്ചത്.

വെബ്സൈറ്റില്‍ നിന്നും ഹസന്റെ ചിത്രം ഒഴിവാക്കി ഉമ്മന്‍ചാണ്ടിയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും സംഘടനാകാര്യ ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും ചിത്രങ്ങളോടുകൂടി കെപിസിസി വെ­ബ്സൈറ്റ് നവീകരിച്ചതാണ് പുതിയ പ്രകോപനം. മുസ്‌ലിമായ ഹസനെ വെബ് സൈറ്റില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന മുസ്‌ലിംലീഗിന്റെ നിലപാടിനൊപ്പമാണ് കെ മുരളീധരനും കെ സുധാകരനും. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ജമാഅത്ത് ഇസ്‌ലാമിയുമായുള്ള സഖ്യത്തിന് ചുക്കാന്‍പിടിച്ചത് ഹസനായിരുന്നു. ഈ സഖ്യത്തെ അന്നുതന്നെ മുരളീധരനും സുധാകരനും ന്യായീകരിച്ചിരുന്നു. അന്നൊന്നും ഈ സഖ്യനീക്കത്തെ എതിര്‍ക്കാതിരുന്ന ഉമ്മന്‍ചാണ്ടിയും രമേശും തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷമാണ് സഖ്യത്തെ തള്ളിപ്പറഞ്ഞതെന്ന് മുസ്‌ലിംലീഗും മുരളിയും സുധാകരനും ചൂണ്ടിക്കാട്ടുന്നു. മുരളീധരനും സുധാകരനും ഇന്നും സഖ്യത്തെ ന്യായീകരിച്ചതും ശ്രദ്ധേയം. ജമാഅത്ത് സഖ്യത്തെ പരസ്യമായി തെരുവിലേക്ക് വലിച്ചിഴച്ച് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയത് മുല്ലപ്പള്ളിയാണെന്നാണ് ഹസന്‍ അനുകൂലികളുടെ ആരോപണം. ഈ സഖ്യത്തെപ്പറ്റി കോണ്‍ഗ്രസില്‍ ഉയര്‍ന്ന ഭിന്നാഭിപ്രായമാണ് ജമാഅത്ത് കൂട്ടുകെട്ടിന്റെ ആപത്ത് മറനീക്കി പുറത്തുവരാന്‍ കാരണമായത്. ജമാഅത്ത് ഇസ്‌ലാമി — വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായി സഖ്യചര്‍ച്ചയ്ക്ക് ഹസന്‍ പോയത് തലയില്‍ മുണ്ടിട്ട് രഹസ്യമായല്ലായിരുന്നുവെന്നാണ് ഹസനോട് അടുത്ത വൃത്തങ്ങള്‍ പരിഹസിക്കുന്നത്.

കെപിസിസി പ്രസി‍ഡന്റടക്കം നേതൃത്വത്തിലുള്ള എല്ലാ പ്രമുഖ കോണ്‍ഗ്രസുകാരുമായും കൂടിയാലോചിച്ചശേഷമായിരുന്നു സഖ്യചര്‍ച്ചയ്ക്കുള്ള യാത്രയും തുടര്‍ന്നുള്ള നീക്കങ്ങളുമെന്ന് അവര്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സഖ്യം വന്‍ വിവാദമായി വളരുകയും ചെയ്തപ്പോള്‍ ജമാഅത്ത് — വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ അരുതായ്കയായി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന നിലപാടാണ് മുസ്‌ലിംലീഗിനുള്ളത്. മാത്രമല്ല ഈ വിവാദം കൂടുതല്‍ കത്തിക്കാളിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജമാഅത്ത് ഇസ്‌ലാമിയുമായുള്ള രഹസ്യസഖ്യം നിലനിര്‍ത്താനും എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനെയും ഈ രഹസ്യസഖ്യത്തില്‍ പങ്കാളികളാക്കാനുമാണ് ലീഗിന്റെ രഹസ്യ അജന്‍ഡ. ഈ രഹസ്യസഖ്യം തകര്‍ത്ത് തെരഞ്ഞെടുപ്പിലെ നേരിയ സാധ്യതകള്‍ തകര്‍ക്കാന്‍ മാത്രമേ ഹസന്‍ വിവാദം സഹായിക്കൂ എന്ന ലീഗിന്റെ നിലപാട് മുരളിയും സുധാകരനും പങ്കുവയ്ക്കുന്നതോടെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ യുഡിഎഫിലെ പുതിയൊരു അങ്കത്തിനാണ് വഴിമരുന്നിടുന്നതെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതുന്നു.

ENGLISH SUMMARY: War in the UDF in Hasan’s name

YOU MAY ALSO LIKE THIS VIDEO