അതിർത്തിയിൽ യുദ്ധവിന്യാസം

*പോർവിമാനങ്ങൾ ലഡാക്കിലേക്ക്
Web Desk

ലഡാക്ക്

Posted on June 19, 2020, 9:57 pm

ചൈനീസ് അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യന്‍ വ്യോമ സേന. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം അത്യാധുനിക യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. യുദ്ധസമാന സാഹചര്യങ്ങളിലെ പടയൊരുക്കമാണ് അതിര്‍ത്തിയിലെ വ്യോമത്താവളങ്ങളില്‍ വ്യോമസേന നടത്തിവരുന്നത്. മണാലി-ലേ ഹൈവേയിലൂടെ കരസേനാ വ്യൂഹങ്ങളും മുന്നോട്ടുനീങ്ങിത്തുടങ്ങിയിട്ടുണ്ട്.

നേരത്തെ വ്യോമസേന മേധാവി ആര്‍ കെ എസ് ഭധുരിയ ലേ, ശ്രീനഗര്‍ വ്യോമത്താവളങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും ഓപ്പറേഷനുകള്‍ നടത്തണമെങ്കില്‍ ഈ വ്യോമകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നടപ്പിലാക്കുക. കഴിഞ്ഞദിവസം നടന്ന മൂന്നാംവട്ട മേജർ ജനറൽ തല ചർച്ചകളും പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ കൈവശമുള്ള മേഖലകളെ ലക്ഷ്യമിട്ട് സൈനികവിന്യാസം പിൻവലിക്കാനും ചൈന തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയും യുദ്ധവിന്യാസം ആരംഭിച്ചിട്ടുള്ളത്.

സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വര്‍ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ കൈവശമുള്ള ആധുനിക യുദ്ധവിമാനങ്ങള്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. നിര്‍ദേശം ലഭിച്ചാല്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയില്‍ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കന്‍ നിർമ്മിത അപ്പാഷെ ആക്രമണ ഹെലിക്കോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടു ചേര്‍ന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകളും വിന്യസിച്ചു. ഗല്‍വാനില്‍ കഴിഞ്ഞ ദിവസം നടത്തിയതു പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത പാലിക്കാനുമാണ് അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ക്കുള്ള സേനാ നേതൃത്വത്തിന്റെ നിര്‍ദേശം.
ലഡാക്കിന് പുറമെ ടിബറ്റൻ മേഖലയിലും ചൈനീസ് സൈന്യം നേരത്തെ വിന്യാസം ശക്തിപ്പെടുത്തിയിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പതിനായിരത്തോളം സൈനികരാണ് ഈ മേഖലകളിലുള്ളത്. പാക് അധീന കശ്മീരിലെ സ്കർദു വ്യോമത്താവളവും ചൈനീസ് യുദ്ധവിമാനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ ഇതുവരെ ചൈനീസ് യുദ്ധവിമാനങ്ങൾ പാക് വ്യോമത്താവളത്തിൽ എത്തിയിട്ടില്ലെന്നാണ് ഉപഗ്രഹചിത്രങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.

eng­lish sum­ma­ry: war prepa­ra­tion at Board­er

YOU MAY ALSO LIKE THIS VIDEO: