June 5, 2023 Monday

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനക്രമീകരണം: ബില്ലുകൾ നിയമസഭ പാസാക്കി

Janayugom Webdesk
തിരുവനന്തപുരം
February 11, 2020 10:29 pm

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജനപ്രാതിനിധ്യം 2011ലെ സെൻസസ് പ്രകാര്യം പുനക്രമീകരിക്കാനുള്ള ബില്ലുകൾ നിയമസഭ പാസാക്കി. ഇന്നലെ നടന്ന അപരാഹ്ന സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ 31നെതിരേ 73 വോട്ടുകളോടെയാണ് ബിൽ നിയമമായത്. 2020ലെ കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുൻസിപ്പാലിറ്റി നിയമവുമാണ് പ്രാബല്ല്യത്തിലായത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗസംഖ്യ ഒന്നുവീതം വർധിപ്പിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കൽ സർക്കാറിന്റെ നിയമപരമായ ബാധ്യതയാണെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ചർച്ചയിൽ മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, റോജി എം ജോൺ, കോവൂർ കുഞ്ഞുമോൻ, കെ ശബരീനാഥൻ, ഒ രാജഗോപാൽ, ഡി കെ മുരളി, സി മമ്മൂട്ടി, ആർ രാമചന്ദ്രൻ, എൽദോ എബ്രഹാം, ആർ രാജേഷ്, എ പി അനിൽ കുമാർ, എം സ്വരാജ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അതിർത്തികളിൽ മാറ്റം വരുത്താതെയും, സഞ്ചിത നിധിയിൽ നിന്ന് പണം ചെലവഴിക്കാതെയുമാണ് വർധന നടത്തുന്നത്.

നിലവിലെ നിയമപ്രകാരം ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അംഗസംഖ്യ 13ൽ കുറയാനോ 23ൽ കൂടാനോ പാടില്ല. ഇത് 14ൽ കുറയാനോ 24ൽ കൂടാനോ പാടില്ലെന്നതാണ് ഭേദഗതി. ജില്ലാ പഞ്ചായത്തിൽ കുറഞ്ഞത് 16ഉം കൂടിയത് 32മാണ്. ഇത് 17ൽ കുറയാനോ 33ൽ കൂടാനോ പാടില്ല. മുനിസിപ്പാലിറ്റിയിൽ യാഥാക്രമം 25–52 എന്നത് 26–53 എന്നാകും. കോർപറേഷനിൽ 55–100 എന്നത് 56–101 എന്നുമുള്ള നിയഭേദഗതിയാണ് അംഗീകരിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ അതിർത്തിയിൽ മാത്രമാണ് മാറ്റം വരിക. അതിനാൽ ബിൽ സെൻസസ് നിബന്ധനക്ക് എതിരല്ല. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതല്ല തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ബില്ലിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ സഭ തള്ളി. വോട്ടർ പട്ടികയുടെ ജോലി നടക്കുന്ന സന്ദർഭത്തിൽ ഒരു പഞ്ചായത്ത് സെക്രട്ടറിയേയും സ്ഥലംമാറ്റില്ലെന്നും നിയമത്തിനുള്ളിൽ നിന്നുകൊണ്ടാണ് സർക്കാർ ഈ ഭേദഗതി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മൃതദേഹങ്ങൾ ഇനി അനാഥമാകില്ല: നിയമം ഏകകണ്ഠമായി പാസാക്കി

കേരള ക്രിസ്ത്യൻ (മലങ്കര ഓർത്തഡോക്സ്-യാക്കോബായ) സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. സബ്ജക്ട് കമ്മിറ്റി നിർദേശിച്ച നിയമത്തിന്റെ പേര് ഉൾപ്പെടെയുള്ള ഭേദഗതികൾ അംഗീകരിച്ചാണ് നിയമം പാസാക്കിയത്. മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന പ്രവണത കേരളത്തിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ബിൽ അവതരിപ്പിച്ച നിയമമന്ത്രി എ കെ ബാലൻ പറഞ്ഞു. ശവം എന്നതിന് പകരം മൃതദേഹം എന്നും ജ്ഞാനസ്നാനം എന്നത് സ്നാനം എന്നും ആക്കാനുമാണ് പ്രധാന ശുപാർശ.

ബില്ലിന്റെ പേര് വലിയ വിവാദമായിരുന്നു. ‘ശവം’ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ബില്ലിനെ പൊതുവെ സ്വാഗതം ചെയ്തെങ്കിലും ചിലകാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കെസിബിസി അടക്കം ചില ക്രൈസ്തവ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. അതെല്ലാം പരിഗണിച്ചാണ് മാറ്റങ്ങൾ കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം കെ മുനീർ എന്നിവർ വിയോജന കുറിപ്പ് നൽകിയെങ്കിലും അത് അഭിപ്രായ പ്രകടനമായി കാണണമെന്ന് ചർച്ചാ വേളയിൽ ഇരുവരും പറഞ്ഞു. നിയമത്തിലൂടെ സഭയുടെ മേലധ്യക്ഷൻമാരുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ നടന്ന അപരാഹ്ന സമ്മേളനത്തിലാണ് ബിൽ പാസാക്കിയത്.

Eng­lish Sum­ma­ry: Ward Reor­ga­ni­za­tion of Local Author­i­ties Bills passed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.