സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം

March 28, 2020, 3:46 pm

പാഴ് വസ്തുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച യന്ത്രം ഉപയോഗിച്ച് എങ്ങുംതൊടാതെ കൈകള്‍ ശുചികരിക്കാം

Janayugom Online
കൈകള്‍ കഴുകുന്ന രീതി ജീവനക്കാരാണ് പുറകില്‍ നിന്ന് പറഞ്ഞ് നല്‍കുന്ന കെ.കെ ഷാജി

കോവിഡ് 19 പ്രതിരോധിക്കുവാന്‍ ഉപയോഗശൂന്യമായ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച യന്ത്രത്തില്‍ നിന്ന് കൈകള്‍ തൊടാതെ വെള്ളവും ഹാന്‍ഡ് വാഷും എടുക്കുന്ന സംവിധാനം ഒരുക്കി നെടുങ്കണ്ടം സ്വദേശി വ്യത്യസ്തനാകുന്നു. ദിവസേന നൂറ് കണക്കിന് രോഗികള്‍ എത്തുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ക്യാഷ്യാലിറ്റിയുടെ മുന്‍വശത്താണ് നെടുങ്കണ്ടം താന്നിമൂട് കാക്കാംപറമ്പില്‍ കെ.കെ ഷാജി ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഉപയോഗ ശൂന്യമായ ഒരു വാഷീംഗ് മിഷ്യനും അനുബന്ധ പൈപ്പുകളുമാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

വാഷിംഗ് മിഷ്യന്റെ താഴ്ഭാഗത്ത് ആക്‌സിലേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വിച്ചുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഇതില്‍ ഒന്നില്‍ ചവിട്ടിയാല്‍ ഹാന്‍ഡ് വാഷും മറ്റൊന്നില്‍ അമര്‍ത്തിയാല്‍ വെള്ളവും വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൈകള്‍ കഴുകുവാന്‍ എത്തുന്ന ആളിന് എങ്ങും തൊടാതെ ഹാന്‍ഡ് വാഷ് എടുത്ത് വെള്ളം ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കുവാന്‍ കഴിയും. ഇൗ സൗകര്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ചതോടെ കോറോണ വൈറസുകളുടെ വ്യാപനത്തിനുള്ള സാധ്യതകള്‍ ഒരു പരുധിവരെ കുറയ്ക്കുവാന്‍ കഴിയും.

ഉപയോഗ ശൂന്യമായ മുന്‍വശം തുറക്കുന്ന വാഷീംഗ് മിഷ്യനാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഷിംഗ് മിഷ്യന്റെ ഫ്രണ്ട് ഡോറാണ് കൈകള്‍ കഴുകുവാനുള്ള പാത്രമായി മുകള്‍വശത്ത് സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ ഒരു വശത്തായി തടി കഷണത്തില്‍ ഒരു ഹാന്‍ഡ് വാഷും ഉറപ്പിച്ചിരിക്കുന്നു. അതിന്റെ തൊട്ടടുത്തതായി വെള്ളം വരുവാനുള്ള ഒരു പൈപ്പും സ്ഥാപിച്ചിരിക്കുന്നു. ആദ്യ സ്വിച്ചില്‍ ചവിട്ടുമ്പോള്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്വീച്ചുകളുടെ പ്രവര്‍ത്തനഫലമായി ഹാന്‍ഡ് വാഷും തൊട്ടടുത്ത സ്വിച്ചില്‍ ചവിട്ടുമ്പോള്‍ കൈകളില്‍ ആവശ്യാനുസരണം വെള്ളം വീഴുന്ന സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.

ഒമാന്‍ മിലട്ടറിയില്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന ഷാജി തിരികെ നാട്ടില്‍ എത്തിയിട്ട് ഒരു വര്‍ഷമായി. ഇതിന് ശേഷം വാഷിംഗ് മിഷ്യന്‍, എ.സി, ഫ്രിഡ്ജ് എന്നിവയുടെ സര്‍വ്വീസിംഗ് നടത്തുന്ന പെര്‍ഫെക്ഷന്‍ സര്‍വ്വീസിംഗ് സെന്റര്‍ എന്ന സ്ഥാപനം നടത്തി വരികയാണ്. ഇവിടെ എത്തുന്ന ഉപയോഗ ശൂന്യമായ വാഷിംഗ് മെഷ്യന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സംവിധാനമാണ് താലൂക്ക് ആശുപത്രിയ്ക്ക് സൗജന്യമായി സ്ഥാപിച്ചിരിക്കുന്നത്. ഭാര്യ: റോഷ്‌നി, മക്കള്‍: മാളവിക, കാര്‍ത്തിക് എന്നിവര്‍.

YOU MAY ALSO LIKE THIS VIDEO