June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മലിനീകരണം സഞ്ചാരികളെ അകറ്റും; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം

By Janayugom Webdesk
September 25, 2020

ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്ന സെപ്തംബര്‍ 27‑നു മുന്നോടിയായി പാക്കേജിംഗ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും റീസൈക്ക്‌ളിംഗ് ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ട്രാവല്‍, വിനോദസഞ്ചാര സംഘടനകള്‍. വിദേശ, ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണെന്ന വസ്തുത കണക്കിലെടുത്താണ് ഈ ആവശ്യം.

കോവിഡില്‍ നിന്നു കരകയറിക്കഴിയുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍വസ്ഥിതിയിലാക്കാന്‍ ട്രാവല്‍, വിനോദസഞ്ചാര മേഖലയ്ക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നും ഈ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. 2019‑ല്‍ രാജ്യത്തിന്റെ ജിഡിപിയുടെ 9.3%വും സംഭാവന ചെയ്ത ഈ മേഖല 8.1% തൊഴിലുകളും സൃഷ്ടിച്ചു. ഇതു കണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളിലുള്‍പ്പെടെ എല്ലായിടത്തും മാലിന്യ ശേഖരണം, ഉത്തരവാദിത്തത്തോടെയുള്ള മാലിന്യസംസ്‌കരണം സംബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ ത്വരിതപ്പെടുത്താനാണ് ആവശ്യം.

റീസൈക്ക്ള്‍ ചെയ്യുമ്പോള്‍ വില കുറവായതിനാല്‍ ചിപ്‌സ്, ബിസ്‌കറ്റ്‌സ് തുടങ്ങിയവ പാക്കു ചെയ്തു വരുന്ന പല ലെയറുള്ള പ്ലാസ്റ്റിക്, ടെട്രാപാക്കുകള്‍ എന്നിവ നീക്കം ചെയ്യപ്പെടുന്നില്ല.പെറ്റ്, എച്ച്ഡിപിഇ ബോട്ട്‌ലുകള്‍ തുടങ്ങിയവയാണ് ആഗോളതലത്തില്‍ ഏറ്റവുമധികം റീസൈക്ക്ള്‍ ചെയ്യപ്പെടുന്നത്. വേസ്റ്റ് ശേഖരിക്കുന്നവര്‍ക്ക് കിലോവിന് 25–30 രൂപയാണ് ഇവ നേടിക്കൊടുക്കുന്നത്.

കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട സ്വച്ഛ സര്‍വേക്ഷണ്‍ കണക്കുകള്‍ പ്രകാരം ടൂറിസ്റ്റ് കേന്ദ്രങ്ങളായ അമൃത് സര്‍, ജയ്പൂര്‍, ഡെല്‍ഹി, മുംബൈ, ശ്രീനഗര്‍, വാരണാസി, ഷില്ലോംഗ് തുടങ്ങിയ സ്ഥലങ്ങള്‍ക്ക് താഴ്ന്ന റേറ്റിംഗാണ് ലഭിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ പകുതിയും ഇന്ത്യയിലാണുള്ളത്. ഇത് ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ടൂറിസത്തെ ബാധിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താനും വൃത്തിയും സുരക്ഷിതവും പരിസ്ഥിതിസൗഹാര്‍ദവുമായ ഒരു ടൂറിസ്റ്റ് എക്കോസിസ്റ്റം സൃഷ്ടിക്കാനുമുള്ള അവസരമായി കോവിഡ്കാലം വിനിയോഗിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവില്‍ വിനോദസഞ്ചാര മേഖല നിര്‍ണായകമാണെന്നും കോവിഡിനു ശേഷം സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ വൃത്തിയും വെടിപ്പും വലിയ പങ്കു വഹിക്കുമെന്നും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനകളുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് പ്രൊണോബ് സര്‍ക്കാര്‍ പറയുന്നു. മലിനീകരണം നേരിടുന്ന സഞ്ചാരികള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥലങ്ങള്‍ തേടിപ്പോകും.

പരിസ്ഥിതിയെ മാത്രമല്ല സംസ്‌കാരത്തെയും സമൂഹത്തെയും സമ്പദ് വ്യവസ്ഥയേയും അപ്പാടെ ബാധിക്കുന്ന അപകടമാണ് മലിനീകരണം. വായു, ശബ്ദമലിനീകരണങ്ങള്‍, ഖരവസ്തുക്കള്‍, ചവറുകള്‍, ടോയ്‌ലറ്റ് മാലിന്യം, രാസവസ്തുക്കള്‍, നിര്‍മാണമേഖലയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട മലിനീകരണം എന്നിങ്ങനെ ടൂറിസവുമായി ബന്ധപ്പെട്ട ഭീഷണികള്‍ പലതാണ്. ഇവ പലതും എളുപ്പം ഒഴിവാക്കാവുന്നതുമാണ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം, റീസൈക്ക്‌ളിംഗ്, ഉത്തരവാദിത്തത്തോടെയുള്ള ഉല്‍പ്പാദനവും ഉപഭോഗവും എന്നിവയുടെ ആസൂത്രണമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആഗോളതലത്തിലെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അതുവഴി ടൂറിസം പുരോഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂലം പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചിട്ടുണ്ടെന്ന ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന്‍ ഓഫ് ഗോവ പ്രസിഡന്റ് നിലേഷ് ഷാ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ല. ശരിയായ നിര്‍മാര്‍ജനം, സംസ്‌കരണം എന്നിവയ്ക്കാവശ്യമായ ബോധവല്‍ക്കരണമാണ് ആവശ്യം, അദ്ദേഹം പറഞ്ഞു. ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് നടപ്പാക്കണം.

ആരോഗ്യപരമായി സുരക്ഷിതവും കാണാന്‍ വൃത്തിയുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാണ് സഞ്ചാരികള്‍ തെരഞ്ഞെടുക്കുകയെന്ന് ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഇന്‍ ഇന്ത്യന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സെക്രട്ടറി സുഭാഷ് ഗോയല്‍ പറഞ്ഞു. കോവിഡ് മൂലം ആരോഗ്യം മുഖ്യവിഷയമായി. ഈ സാഹചര്യത്തില്‍ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാത്രമല്ല വ്യക്തികളും സാമൂഹ്യ, സന്നദ്ധ സംഘടനകളും റെസിഡന്റ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. ഹെല്‍ത്ത്, വൃത്തി ഓഡിറ്റുകള്‍ സ്ഥിരമായി നടത്തണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തിയുള്ളതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Waste man­age­ment in Tourist destinations
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.